'കൈതി' സംവിധായകന്‍ ലോകേഷ് കനകരാജ് വിജയ്‌യെ നായകനാക്കി ഒരുക്കുന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തെത്തി. 'മാസ്റ്റര്‍' എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. സമീപകാലത്തിറങ്ങിയ വിജയ് ചിത്രങ്ങളില്‍ നിന്ന് വേറിട്ട് ഇംഗ്ലീഷിലാണ് പേര് എന്നതാണ് ടൈറ്റിലിന്റെ ഒരു പ്രത്യേകത. ബിഗില്‍, തെരി, ഭൈരവാ, പുലി തുടങ്ങി സമാപകാലത്തിറങ്ങിയ വിജയ് ചിത്രങ്ങളുടെയൊക്കെ പേര് തമിഴിലായിരുന്നു.

ലോകേഷ് കനകരാജിന്റെ മൂന്നാമത്തെ ചിത്രമാണ് മാസ്റ്റര്‍. 2017ല്‍ പുറത്തെത്തിയ മാനഗരമാണ് അദ്ദേഹത്തിന്റെ ആദ്യചിത്രം. ക്യാമ്പസ് പശ്ചാത്തലത്തിലുള്ള ആക്ഷന്‍ ചിത്രമെന്നാണ് മാസ്റ്ററിനെക്കുറിച്ച് പുറത്തുവന്നിരിക്കുന്ന വിവരം. എക്‌സ്ബി ഫിലിം ക്രിയേറ്റേഴ്‌സിന്റെ ബാനറില്‍ സേവ്യര്‍ ബ്രിട്ടോ നിര്‍മ്മിക്കുന്ന ചിത്രം 2020 ഏപ്രില്‍ ഒന്‍പതിനാവും തീയേറ്ററുകളില്‍ എത്തുക. 

വിജയ്‌ക്കൊപ്പം വിജയ് സേതുപതിയും എത്തുന്നതിന്റെ പേരില്‍ പ്രഖ്യാപന സമയത്തുതന്നെ പ്രേക്ഷകശ്രദ്ധ നേടിയ ചിത്രമാണിത്. മാളവിക മോഹന്‍ ആണ് നായിക. ശന്തനു ഭാഗ്യരാജ്, ആന്‍ഡ്രിയ ജെറമിയ, ബ്രിഗഡ, ഗൗരി ദി കിഷന്‍, അര്‍ജുന്‍ ദാസ് തുടങ്ങിയവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കും. അനിരുദ്ധ് രവിചന്ദറാണ് സംഗീതം. ഛായാഗ്രഹണം സത്യന്‍ സൂര്യന്‍.