വിജയ്‍യെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്‍ത് പൊങ്കല്‍ റിലീസ് ആയി തിയറ്ററുകളിലെത്തിയ 'മാസ്റ്റര്‍' 100 കോടി ക്ലബ്ബില്‍. ആഗോള ബോക്സ് ഓഫീസിലെ ഗ്രോസ് കളക്ഷന്‍ ആണിത്. ആദ്യ മൂന്ന് ദിനങ്ങളിലാണ് ചിത്രം 100 കോടി നേട്ടം കൈവരിച്ചിരിക്കുന്നത്. ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വൈകാതെ ഉണ്ടായേക്കും.

ആദ്യദിനത്തില്‍ തമിഴ്നാട്ടില്‍ നിന്നുമാത്രം 25 കോടി കളക്ട് ചെയ്ത ചിത്രം കേരളമുള്‍പ്പെടെയുള്ള മറ്റു തെന്നിന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നും മികച്ച ഗ്രോസ് നേടിയിരുന്നു. ആന്ധ്ര/തെലങ്കാന 10.4 കോടി, കര്‍ണാടക 5 കോടി, കേരളം 2.17 കോടി എന്നിങ്ങനെയായിരുന്നു തെന്നിന്ത്യയില്‍ 'മാസ്റ്ററി'ന്‍റെ ആദ്യദിന കളക്ഷന്‍. റിലീസ് ദിനത്തിലെ മാത്രം ചിത്രത്തിന്‍റെ ഇന്ത്യന്‍ കളക്ഷന്‍ 44.57 കോടി ആയിരുന്നു.

മധുര ഉള്‍പ്പെടെ തമിഴ്നാട്ടിലെ പല സെന്‍ററുകളിലും കേരളത്തിലെ അപൂര്‍വ്വം സെന്‍ററുകളിലുമടക്കം തിരക്ക് മൂലം പുതിയ സ്ക്രീനുകള്‍ ആഡ് ചെയ്തിരുന്നു രണ്ടാംദിനത്തില്‍ ചിത്രം. കേരളത്തില്‍ രണ്ടാംദിനത്തില്‍ 1.66 കോടി കളക്ട് ചെയ്ത ചിത്രം (രണ്ട് ദിവസങ്ങളില്‍ 3.83 കോടി) തമിഴ്നാട്ടില്‍ നിന്നും മറ്റു തെന്നിന്ത്യന്‍ സംസ്ഥാനങ്ങളിലും മികച്ച കളക്ഷന്‍ തുടര്‍ന്നു. ഒപ്പം വിദേശ മാര്‍ക്കറ്റുകളിലും. വിദേശ മാര്‍ക്കറ്റുകളില്‍ ഗള്‍ഫില്‍ നിന്ന് ആദ്യ രണ്ട് ദിനത്തില്‍ 1.35 മില്യണ്‍ ഡോളര്‍, സിംഗപ്പൂര്‍- 3.7 ലക്ഷം ഡോളര്‍, ഓസ്ട്രേലിയ- 2.95 ലക്ഷം ഡോളര്‍, ശ്രീലങ്ക- 2.4 ലക്ഷം ഡോളര്‍, യുഎസ്എ- 1.5 ലക്ഷം ഡോളര്‍ എന്നിങ്ങനെയാണ് കണക്കുകള്‍. രണ്ട് ദിനങ്ങളിലെ ചിത്രത്തിന്‍റെ ആഗോള ഗ്രോസ് കളക്ഷന്‍ 86.50 കോടി എന്നായിരുന്നു പുറത്തുന്ന കണക്കുകള്‍. മൂന്ന് ദിവസം കൊണ്ട് 100 കോടി പിന്നിട്ടിരിക്കുന്ന ചിത്രത്തിന് ലഭിക്കുന്ന പ്രതികരണം കൊവിഡ് നിയന്ത്രണങ്ങളോടെ തിയറ്ററുകള്‍ തുറന്നപ്പോള്‍ പ്രേക്ഷകര്‍ എത്തുമോ എന്ന് സംശയിച്ചിരുന്ന ചലച്ചിത്ര വ്യവസായത്തിന് പ്രതീക്ഷ പകരുന്നതാണ്. 

കഴിഞ്ഞ എട്ട് വര്‍ഷത്തിനിടെ ബോക്സ് ഓഫീസില്‍ 100 കോടി നേട്ടം കൈവരിക്കുന്ന എട്ടാമത്തെ വിജയ് ചിത്രമാണ് മാസ്റ്റര്‍. തുപ്പാക്കി, കത്തി, തെരി, ഭൈരവാ, മെര്‍സല്‍, സര്‍ക്കാര്‍, ബിഗില്‍ എന്നിവയാണ് 100 കോടി മറികടന്ന മറ്റു ചിത്രങ്ങള്‍. തലൈവാ, ജില്ല, പുലി എന്നിവയാണ് ഇക്കാലയളവില്‍ 100 കോടി നേടാതെപോയ സിനിമകള്‍.

അതേസമയം ചിത്രത്തിന്‍റെ ഹിന്ദി റീമേക്ക് അവകാശം ഇതിനകം വിറ്റുപോയിട്ടുണ്ട്. തെലുങ്ക് ചിത്രം 'അര്‍ജുന്‍ റെഡ്ഡി'യുടെ ഹിന്ദി റീമേക്ക് ആയ 'കബീര്‍ സിംഗി'ന്‍റെ നിര്‍മ്മാതാവ് മുറാദ് ഖേതാനിയാണ് മാസ്റ്ററിന്‍റെ റീമേക്ക് അവകാശം വാങ്ങിയിരിക്കുന്നതെന്നും ടെലിവിഷന്‍ റിയാലിറ്റി ഷോ 'ബിഗ് ബോസി'ന്‍റെ നിര്‍മ്മാതാക്കളായ എന്‍ഡെമോള്‍ ഷൈന്‍ ഹിന്ദി റീമേക്കിന്‍റെ സഹ നിര്‍മ്മാതാക്കളായിരിക്കുമെന്നുമാണ് വിവരം. വന്‍ തുകയ്ക്കാണ് മാസ്റ്ററിന്‍റെ റീമേക്ക് അവകാശം വിറ്റുപോയിരിക്കുന്നതെന്നും റിപ്പോര്‍ട്ടുണ്ട്. സംവിധായകനെ തീരുമാനിച്ചതിനു ശേഷം തമിഴില്‍ വിജയ്‍യും വിജയ് സേതുപതിയും അവതരിപ്പിച്ച നായക-വില്ലന്‍ കഥാപാത്രങ്ങള്‍ക്കായി താരങ്ങളെ തീരുമാനിക്കാനിരിക്കുകയാണ് നിര്‍മ്മാതാക്കള്‍. രണ്ട് മുന്‍നിര നടന്മാരായിരിക്കും ഈ വേഷങ്ങള്‍ ചെയ്യുക എന്ന് അവര്‍ ഉറപ്പിച്ചിട്ടുണ്ട്. ഈ വര്‍ഷത്തിന്‍റെ രണ്ടാംപകുതിയിലാവും റീമേക്കിന്‍റെ ചിത്രീകരണം ആരംഭിക്കുക.