ളയദളപതി വിജയ് നായകനാവുന്ന 65ാം ചിത്രം പ്രഖ്യാപിച്ചു. മെഗാ അനൗണ്‍സ്‌മെന്റിന് ഇന്ന് വൈകുന്നേരം 5 മണിവരെ കാത്തിരിക്കണമെന്ന് സണ്‍ പിക്‌ചേഴ്‌സ് ട്വീറ്റ് ചെയ്തിരുന്നു. ഏ ആര്‍ മുരുഗദോസിനൊപ്പം വിജയ് ഡബിള്‍ റോളിലെത്തുന്ന സിനിമ 'ദളപതി 65' ആയി വരുമെന്നായിരുന്നു തുടക്കത്തിലെ വാര്‍ത്തകള്‍. എന്നാല്‍ സണ്‍ പിക്‌ചേഴ്‌സ് ട്വീറ്റ് ചെയ്ത അനൗണ്‍സ്‌മെന്റ് ടീസറില്‍ വിജയ്ക്കൊപ്പം സംവിധായകനായി പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയത് നെല്‍സണ്‍ ദിലീപ് കുമാറാണ്. 

നയന്‍താര നായികയായി എത്തിയ കോലമാവ് കോകില എന്ന സിനിമയിലൂടെ കോളിവുഡില്‍ അരങ്ങേറ്റം കുറിച്ച സംവിധായകനാണ് നെല്‍സണ്‍. ശിവകാര്‍ത്തികേയനെ നായകനാക്കി ഒരുക്കിയ ഡോക്ടര്‍ എന്ന ചിത്രത്തിന് ശേഷം നെല്‍സണ്‍ സംവിധാനം ചെയ്യുന്ന സിനിമയുമാണ് ഇത്. ഗാംഗ്സ്റ്റര്‍ ചിത്രമെന്ന് സൂചിപ്പിക്കുന്നതാണ് ടൈറ്റില്‍ ആനിമേഷന്‍. മെഷിന്‍ ഗണ്ണും റേസിംഗ് കാറുകളുമെല്ലാം ടീസറിലുണ്ട്. സണ്‍ പിക്‌ചേഴ്‌സ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. അനിരുദ്ധ് ആണ് ചിത്രത്തിലെ സംഗീതം. ശിവകാര്‍ത്തികേയനെ നായകനാക്കി നെല്‍സണ്‍ സംവിധാനം ചെയ്ത ഡോക്ടര്‍ എന്ന സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ പുരോഗമിക്കുകയാണ്. 

മാസ്റ്ററാണ് വിജയുടെതായി റിലീസിനൊരുങ്ങുന്ന പുതിയ ചിത്രം. ബോക്‌സ് ഓഫീസില്‍ വലിയ വിജയമായി തീര്‍ന്ന കൈതിയ്ക്ക് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മാസ്റ്റര്‍. തിയറ്ററുകളില്‍ തന്നെയായിരിക്കും മാസ്റ്റര്‍ റിലീസ് എന്ന് സംവിധായകന്‍ അടുത്തിടെ വ്യക്തമാക്കിയിരുന്നു. മാസ്റ്റര്‍ ഒടിടി റിലീസിന് തയ്യാറെടുക്കുന്നതായി അഭ്യൂഹമുണ്ടായിരുന്നു.