മികച്ച വിനോദ ചിത്രത്തിനുള്ള 2019ലെ ദേശീയ പുരസ്‍കാരം നേടിയ 'മഹര്‍ഷി'യുടെ സംവിധായകനാണ് വംശി പൈഡിപ്പള്ളി

നിലവില്‍ ചിത്രീകരണം പുരോഗമിക്കുന്ന 'ബീസ്റ്റി'നു ശേഷം വിജയ് അഭിനയിക്കുന്ന ചിത്രം ഏതെന്ന് ആരാധകര്‍ക്കിടയില്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. 'കണ്ണും കണ്ണും കൊള്ളൈയടിത്താല്‍' സംവിധായകന്‍ ദേസിംഗ് പെരിയസാമിയുടെ പേരാണ് 'ദളപതി 66' നൊപ്പം ചേര്‍ത്ത് മാധ്യമങ്ങള്‍ പോലും റിപ്പോര്‍ട്ട് ചെയ്‍തത്. ദേസിംഗുമായി ചര്‍ച്ചകള്‍ നടക്കുന്നുണ്ടെങ്കിലും അത് 'ബീസ്റ്റി'നു ശേഷമുള്ള വിജയ് ചിത്രമാവാന്‍ വഴിയില്ലെന്നാണ് ഏറ്റവും പുതിയ വിവരം. വിജയ്‍യുടെ കരിയറിലെ 66-ാം ചിത്രം ഒരു ദ്വിഭാഷാ ചിത്രം ആയിരിക്കുമെന്നും സംവിധാനം ചെയ്യുക തെലുങ്ക് സംവിധായകന്‍ വംശി പൈഡിപ്പള്ളി ആയിരിക്കുമെന്നുമാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

മികച്ച വിനോദ ചിത്രത്തിനുള്ള 2019ലെ ദേശീയ പുരസ്‍കാരം നേടിയ 'മഹര്‍ഷി'യുടെ സംവിധായകനാണ് വംശി പൈഡിപ്പള്ളി. ഊപ്പിരി, യെവാഡു അടക്കം കരിയറില്‍ ഇതുവരെ അഞ്ച് സിനിമകള്‍ ഒരുക്കിയിട്ടുണ്ട്. പ്രമുഖ നിര്‍മ്മാതാവ് ദില്‍ രാജു ആയിരിക്കും വിജയ് ചിത്രം നിര്‍മ്മിക്കുകയെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. അതേസമയം വിജയ് പുതിയ ചിത്രത്തില്‍ വാങ്ങാനിരിക്കുന്ന പ്രതിഫലവും വാര്‍ത്തകളില്‍ നിറയുന്നുണ്ട്.

Scroll to load tweet…

നൂറ് കോടിയോടടുത്താണ് വിജയ് ഇപ്പോള്‍ത്തന്നെ വാങ്ങുന്ന പ്രതിഫലം. എന്നാല്‍ വംശി പൈഡിപ്പള്ളിയുടെ ദ്വിഭാഷാ ചിത്രത്തില്‍ അഭിനയിക്കാനായി വിജയ് വാങ്ങുന്ന പ്രതിഫലം 120 കോടിയാണെന്നാണ് റിപ്പോര്‍ട്ട്. കൊവിഡ് ആദ്യതരംഗത്തിനു ശേഷം തുറന്ന തിയറ്ററുകളില്‍ ഇന്ത്യയില്‍ത്തന്നെ ഏറ്റവും വലിയ വിജയം നേടിയത് വിജയ് നായകനായ 'മാസ്റ്റര്‍' ആയിരുന്നു. പ്രതികൂല സാഹചര്യത്തില്‍ മാസ്റ്റര്‍ നേടിയ വിജയം കോളിവുഡ് വ്യവസായത്തിന് വലിയ ആശ്വാസമാണ് പകര്‍ന്നത്. ഒട്ടേറെ നിര്‍മ്മാതാക്കളാണ് വിജയ് നായകനാവുന്ന ഒരു പ്രോജക്റ്റ് ലക്ഷ്യമാക്കി രംഗത്തുള്ളത്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona