വിജയ്‍യുടെ പിറന്നാളായ ജൂണ്‍ 22ന് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവുമെന്ന് കരുതപ്പെട്ടിരുന്ന പ്രോജക്റ്റ്

ഇപ്പോള്‍ ചിത്രീകരണം പുരോഗമിക്കുന്ന 'ബീസ്റ്റിനു' (Beast) ശേഷം വിജയ് (Vijay) നായകനായെത്തുന്ന ചിത്രത്തെക്കുറിച്ച് നേരത്തെ ചില റിപ്പോര്‍ട്ടുകള്‍ പുറത്തെത്തിയിരുന്നു. ചിത്രം സംവിധാനം ചെയ്യുക തെലുങ്ക് സംവിധായകന്‍ വംശി പൈഡിപ്പള്ളി (Vamshi Paidipally) ആയിരിക്കുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഇത് ശരിവച്ചുകൊണ്ട് ഇപ്പോഴിതാ ഈ പ്രോജക്റ്റ് ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടിരിക്കുകയാണ്.

മഹേഷ് ബാബു നായകനായ 'മഹര്‍ഷി' എന്ന ചിത്രത്തിലൂടെ മികച്ച ജനപ്രിയ ചിത്രത്തിനുള്ള 2019ലെ ദേശീയ അവാര്‍ഡ് നേടിയ സംവിധായകനാണ് വംശി പൈഡിപ്പള്ളി. ശ്രീ വെങ്കടേശ്വര ക്രിയേഷന്‍സിന്‍റെ ബാനറില്‍ ദില്‍ രാജുവും ശിരീഷും ചേര്‍ന്നായിരിക്കും ചിത്രത്തിന്‍റെ നിര്‍മ്മാണം.ഈ നിര്‍മ്മാണ കമ്പനിയുടെ ആദ്യ തമിഴ് ചിത്രമാണ് ഇത്. വിജയ്‍യുടെ കരിയറിലെ 66-ാം ചിത്രമാണ് ഇത്. നേരത്തെ വിജയ്‍യുടെ പിറന്നാളായ ജൂണ്‍ 22ന് ഈ പ്രോജക്റ്റ് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവുമെന്ന് കരുതപ്പെട്ടിരുന്നെങ്കിലും അത് ഇപ്പോഴാണ് എത്തുന്നത്.

Scroll to load tweet…

അതേസമയം മാസ്റ്ററിന്‍റെ വന്‍ വിജയത്തിനു ശേഷം വിജയ് 'ബീസ്റ്റ്' സംവിധാനം ചെയ്യുന്നത് നെല്‍സണ്‍ ദിലീപ്‍കുമാര്‍ ആണ്. കോലമാവ് കോകില, ഡോക്ടര്‍ എന്നീ ചിത്രങ്ങള്‍ക്കു ശേഷം നെല്‍സണ്‍ ഒരുക്കുന്ന ചിത്രമാണിത്. പൂജ ഹെഗ്‍ഡെ നായികയാവുന്ന ചിത്രത്തിന്‍റെ ജോര്‍ജ്ജിയയിലെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തീകരിച്ചിരുന്നു. കൊവിഡ് ആദ്യതരംഗത്തിനു ശേഷം തുറന്ന തിയറ്ററുകളില്‍ ഇന്ത്യന്‍ സിനിമയില്‍ തന്നെ ഏറ്റവും വലിയ വിജയം നേടിയ ചിത്രമായിരുന്നു വിജയ് നായകനായ മാസ്റ്റര്‍. പോസ്റ്റ് തിയട്രിക്കല്‍ റിലീസ് ആയി ഒടിടി പ്ലാറ്റ്ഫോം ആയ ആമസോണ്‍ പ്രൈമിലും ചിത്രം എത്തിയിരുന്നു.