കാൽ നൂറ്റാണ്ടായി തമിഴ് സിനിമയിൽ വലിയൊരു വിഭാഗം ആരാധകരുമായി ജൈത്രയാത്ര തുടരുന്ന നായകനാണ് വിജയ്. തന്റെ അഭിനയ മികവുകൊണ്ടും ചടുലതയാർന്ന നൃത്തംകൊണ്ടും മലയാളി പ്രേക്ഷകരുടെ മനസിലും ഇടം നേടാൻ താരത്തിന് സാധിച്ചു. ‘ബിഗില്‍’ എന്ന ചിത്രം സൂപ്പര്‍ ഹിറ്റായതിന് പിന്നാലെ താരത്തിന്റെ ആരാധകരെ തേടി മറ്റൊരു സന്തോഷം കൂടിയെത്തിയിരിക്കുകയാണ്.

വിജയ്‌യുടെ തനിപകർപ്പുള്ള മെഴുക് പ്രതിമയാണ് കന്യാകുമാരിയിലെ മായാപുരി വാക്‌സ് മ്യൂസിയത്തിൽ ഉയർന്നിരിക്കുന്നത്. ‘തെരി’ എന്ന ചിത്രത്തിലെ കഥാപാത്രത്തിന് സമാനമായാണ് മെഴുക് പ്രതിമ നിർമ്മിച്ചിരിക്കുന്നത്. വെള്ളിയാഴ്ച പ്രതിമ അനാച്ഛാദനം ചെയ്ത് പൊതുജനങ്ങള്‍ക്കായി തുറന്ന് കൊടുത്തു. തങ്ങളുടെ പ്രിയ താരത്തിന്റെ ഛായയിലുള്ള പ്രതിമക്കൊപ്പം ചിത്രമെടുക്കാൻ നിരവധി പേരാണ് മ്യൂസിയത്തിൽ എത്തിച്ചേരുന്നത്.

അമിതാഭ് ബച്ചന്‍, ഒബാമ, മദര്‍ തെരേസ, ചാര്‍ലി ചാപ്ലിന്‍, ജാക്കി ചാന്‍ തുടങ്ങിയ പ്രശസ്ത വ്യക്തികളുടെ മെഴുക് പ്രതിമകളും മ്യൂസിയത്തിലുണ്ട്. ഇവർക്കൊപ്പമാണ് വിജയ്‌യുടെ മെഴുക് പ്രതിമയും മ്യൂസിയത്തിൽ ഒരുങ്ങിയത്. ഈ മ്യൂസിയത്തിൽ ഇടം പിടിക്കുന്ന  ആദ്യ തമിഴ് നടന്‍ വിജയ് മാത്രമാണെന്ന് മ്യൂസിയം അധികൃതർ പറയുന്നു.