25 ദിവസമാണ് അദ്ദേഹം ചിത്രീകരണത്തില്‍ പങ്കെടുത്തത്

ഗണേഷ് രാജ് രചനയും സംവിധാനവും നിര്‍വ്വഹിച്ച പൂക്കാലം എന്ന ചിത്രം ഇക്കഴിഞ്ഞ വാരാന്ത്യത്തിലാണ് തിയറ്ററുകളില്‍ എത്തിയത്. ഒരു ഇടത്തരം കുടുംബത്തിലെ നൂറ് വയസ്സുള്ള ദമ്പതിമാരുടെ കഥ പറയുന്ന ചിത്രം പ്രകടനങ്ങള്‍ കൊണ്ടും ശ്രദ്ധ നേടുകയാണ്. നൂറ് വയസ്സുകാരന്‍ ഇട്ടൂപ്പ് ആയി വിജയരാഘവനും കൊച്ചുത്രേസ്യാമ്മയായി കെപിഎസി ലീലയുമാണ് പ്രേക്ഷകരുടെ മനം കവരുന്നത്. ചിത്രത്തിന്‍റെ റിലീസിനു മുന്‍പ് തന്നെ വിജയരാഘവന്‍റെ മേക്കോവര്‍ വലിയ പ്രേക്ഷകപ്രീതി നേടിയിരുന്നു. ഇപ്പോഴിതാ അദ്ദേഹത്തിന്‍റെ മേക്കോവര്‍ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍.

71 വയസ്സുകാരനായ വിജയരാഘവനെ 100 വയസ് പ്രായത്തിലേക്ക് എത്തിക്കാനുള്ള മേക്കപ്പിനായി ചിത്രീകരണത്തില്‍ പങ്കെടുത്ത ദിവസങ്ങളിലൊക്കെ നാലര മണിക്കൂറാണ് വേണ്ടിവന്നതെന്ന് അണിയറക്കാര്‍ പറയുന്നു. 25 ദിവസമാണ് അദ്ദേഹം ചിത്രീകരണത്തില്‍ പങ്കെടുത്തത്. മലയാള സിനിമ മേക്കപ്പ് ഉള്‍പ്പെടെയുള്ള മേഖലകളില്‍ സമീപകാലത്ത് ആര്‍ജ്ജിച്ചിരിക്കുന്ന മികവിന്റെ അടയാളം കൂടിയാവുന്നുണ്ട് വിജയരാഘവന്‍റെ വേഷം.

ആനന്ദം എന്ന വിജയ ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറിയ ഗണേഷ് രാജ് ഏഴ് വര്‍ഷത്തിനിപ്പുറമാണ് അടുത്ത ചിത്രവുമായി വന്നിരിക്കുന്നത്. ഇട്ടൂപ്പ് കുടുംബനാഥനായ കൂട്ടുകുടുംബത്തിലെ ഏറ്റവും ഇളയ മകളുടെ മകള്‍ എല്‍സിയുടെ മനസമ്മതത്തിലൂടെയാണ് കഥ നടക്കുന്നത്. അന്നു നടക്കുന്ന ഒരു സംഭവവും അതിലൂടെ ചുറ്റിപ്പറ്റി അരങ്ങേറുന്ന സംഭവങ്ങളുമാണ് ഈ സിനിമ. ഈ സംഭവം ഈ കുടുംബത്തില്‍ പല മാറ്റങ്ങള്‍ക്ക് ഇടയാക്കുകയും പല തിരിച്ചറിവുകള്‍ക്കും കാരണമാകുകയും ചെയ്യുന്നതാണ് സിനിമയുടെ ഇതിവൃത്തം. അന്നു ആന്‍റണിയാണ് എത്സി എന്ന കഥാപാത്രമായെത്തിയിരിക്കുന്നത്. ആനന്ദത്തിന്‍റെ ഛായാഗ്രാഹകനായ ആനന്ദ് സി ചന്ദ്രനാണ് പൂക്കാലത്തിന്‍റേയും ഡിഒപി. ആനന്ദത്തിൽ മനോഹര ഗാനങ്ങൾ ഒരുക്കിയ സച്ചിന്‍ വാര്യര്‍ തന്നെയാണ് സംഗീതവും ഒരുക്കുന്നത്. ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ, ജോണി ആന്‍റണി, അരുൺ കുര്യൻ, അനു ആന്‍റണി, റോഷൻ മാത്യു, ശരത് സഭ, അരുൺ അജിത് കുമാർ, അരിസ്റ്റോ സുരേഷ്, അമൽ രാജ്, കമൽ രാജ്, രാധ ഗോമതി, ഗംഗ മീര, കാവ്യ ദാസ്, നവ്യ ദാസ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രമുഖ താരങ്ങൾ.

ALSO READ : 'ഈ ഷോ ഞാന്‍ ഇവിടെവച്ച് അവസാനിപ്പിക്കുകയാണ്'; ബിഗ് ബോസില്‍ മത്സരാര്‍ഥികളെ ഞെട്ടിച്ച് മോഹന്‍ലാല്‍

Vijayaraghavan Makeover - Pookkaalam | Vijayaraghavan, Basil Joseph,Vineeth Sreenivasan | Ganesh Raj