വിജയ് നായകനായി എത്തിയ ചിത്രമാണ് ബിഗില്‍. ഫുട്ബോള്‍ പരിശീലകനായിട്ടായിരുന്നു ചിത്രത്തില്‍ വിജയ് അഭിനയിക്കുന്നത്. ചിത്രത്തിന്റെ പോസ്റ്ററുകളൊക്കെ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ചിത്രം ഇന്ന് പ്രദര്‍ശനത്തിന് എത്തി. അതേസമയം ചിത്രം ഓണ്‍ലൈനില്‍ ചോര്‍ന്നുവെന്നാണ് റിപ്പോര്‍ട്ട്.

തമിള്‍റോക്കേഴ്‍സ് തന്നെയാണ് ബിഗിലും ഓണ്‍ലൈനില്‍ ചോര്‍ത്തിയത്. സിനിമകളുടെ വ്യാജ പതിപ്പുകള്‍ പ്രചരിപ്പിക്കുന്ന തമിഴ്‍റോക്കേഴ്‍സ് പോലുളള വെബ്‍സൈറ്റുകളെ ബ്ലോക്ക് ചെയ്യാൻ  ദില്ലി ഹൈക്കോടതി മുമ്പ് നിര്‍ദ്ദേശം നല്‍കിയിരുന്നു സിനിമകള്‍ അനൌദ്യോഗികമായി സ്ട്രീം ചെയ്യുന്ന തമിഴ്‍റോക്കേഴ്‍സ്, ഈസിടിവി, കാത്‍മൂവീസ്, ലൈംടോറന്റ്സ് തുടങ്ങിയ വെബ്‍സൈറ്റുകള്‍ ബ്ലോക്ക് ചെയ്യാനാണ് ഇന്റര്‍നെറ്റ് സേവനദാതാക്കളോട് ദില്ലി ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നത്. പക്ഷേ സിനിമ ഓണ്‍ലൈനില്‍ ചോരുന്നത് ഇപ്പോഴും തുടരുകയാണ്.

ലോകമെമ്പാടുമായി മൂവായിരത്തോളം സ്‍ക്രീനുകളിലായിരുന്നു ബിഗില്‍ റിലീസ് ചെയ്‍തത്. സാങ്കേതിക തകരാര്‍ മൂലം ചിലയിടങ്ങളില്‍ പ്രദര്‍ശനം തുടങ്ങാൻ വൈകിയിരുന്നു. പ്രദര്‍ശനം വൈകിയതിനെ തുടര്‍ന്ന് വിജയ് ആരാധകര്‍ തമിഴ്‍നാട്ടില്‍ സംഘര്‍ഷാവസ്ഥ സൃഷ്‍ടിച്ചു. തമിഴ്‍നാട്ടില്‍ ഒരു റിലീസ് സെന്ററില്‍ പൊലീസ് എത്തിയാണ് ആരാധകരുടെ സംഘര്‍ഷത്തിന് അയവുവരുത്തിയത്.

പൃഥ്വിരാജ് ആണ് കേരളത്തില്‍ ചിത്രത്തിന്റെ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത്. ചിത്രത്തിന്റെ ട്രെയിലറിന് വൻ സ്വീകാര്യതയാണ് ലഭിച്ചത്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ലൈക്ക്  ലഭിച്ച ട്രെയിലര്‍ എന്ന റെക്കോര്‍ഡും ചിത്രം സ്വന്തമാക്കി. ഷാരൂഖ് ഖാന്റെ സീറോയുടെ ട്രെയിലറിനെയാണ് ബിഗില്‍ പിന്തള്ളിയത്.  പൃഥ്വിരാജ് പ്രൊഡക്ഷനൊപ്പം ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും ചേര്‍ന്നാണ് വിതരണം.

നയൻതാരയാണ് ചിത്രത്തില്‍ നായികയായി എത്തിയത്.