നടൻ വിജയ്‌യുടെ അവസാന ചിത്രമായ 'ജനനായകന്‍റെ' ഓഡിയോ ലോഞ്ച് മലേഷ്യയിൽ നടക്കുകയാണ്
ഇന്ത്യന്‍ സിനിമയില്‍ത്തന്നെ ഏറ്റവും ആരാധകരുള്ള താരങ്ങളില്‍ ഒരാളാണ് ദളപതി എന്ന് ആരാധകര്‍ സ്നേഹത്തോടെ വിളിക്കുന്ന വിജയ്. കരിയറിന്‍റെ ഏറ്റവും പീക്കില്‍ നില്‍ക്കുമ്പോഴാണ് രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ച് വിജയ് സിനിമയില്‍ നിന്ന് താന്‍ പിന്മാറുകയാണെന്ന് അറിയിച്ചത്. വിജയ് പറഞ്ഞതനുസരിച്ചുള്ള അദ്ദേഹത്തിന്‍റെ കരിയറിലെ അവസാന ചിത്രം ജനനായകന്‍ വരുന്ന പൊങ്കലിന് (ജനുവരി 9) തിയറ്ററുകളില്‍ എത്തും. വിജയ് ആരാധകര്‍ എപ്പോഴും ആകാംക്ഷാപൂര്‍വ്വം കാത്തിരിക്കാറുള്ള ഓഡിയോ ലോഞ്ച് ഇക്കുറി തമിഴ്നാട്ടില്‍ അല്ല, മറിച്ച് വിദേശ മണ്ണിലാണ്. വിജയ് ആരാധകര്‍ ഏറെയുള്ള മലേഷ്യയില്‍ വച്ചാണ് ജനനായകന്‍റെ ഓഡിയോ ലോഞ്ച്. മലേഷ്യന്‍ തലസ്ഥാനമായ ക്വാലലംപൂരിലെ ബുകിത് ജലീല്‍ നാഷണല്‍ സ്റ്റേഡിയത്തില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന പരിപാടിയുടെ വീഡിയോകളും ചിത്രങ്ങളുമൊക്കെ സോഷ്യല്‍ മീഡിയയില്‍ എത്തിയിട്ടുണ്ട്.
പുറത്തെത്തിയിരിക്കുന്ന വീഡിയോകളില്‍ ആവേശം അലയടിക്കുന്ന സ്റ്റേഡിയവും ആരാധകരെ അഭിവാദ്യം ചെയ്യുന്ന വിജയ്‍യെയും ഒക്കെ കാണാം. 75,000 മുതല്‍ 90,000 വരെ കാണികള്‍ എത്തുമെന്ന് അണിയറക്കാര്‍ പ്രതീക്ഷിച്ചിരുന്ന പരിപാടിക്ക് സ്റ്റേഡിയം നിറച്ച് കാണികള്‍ നിറഞ്ഞിട്ടുണ്ട്. ദളപതി തിരുവിഴ എന്ന് പേരിട്ടിരിക്കുന്ന പരിപാടിയില്‍ 30 ഗായകന്‍ വിജയ് ചിത്രങ്ങളിലെ ഹിറ്റ് ഗാനങ്ങള്‍ ആലപിക്കും. എസ് പി ബി ചരണ്‍, വിജയ് യേശുദാസ്, ടിപ്പു, ഹരിചരണ്‍, ഹരീഷ് രാഘവേന്ദ്ര, കൃഷ്, ആന്‍ഡ്രിയ ജെറമിയ, ശ്വേത മോഹന്‍, സൈന്ധവി എന്നിവരൊക്കെ ആ നിരയിലുണ്ട്. വിജയ്‍യുടെ മാതാപിതാക്കളും സംവിധായകരായ ആറ്റ്ലി, നെല്‍സണ്‍ ദിലീപ്‍കുമാര്‍, പൂജ ഹെഡ്ഗേ എന്നിവരൊക്കെ പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയിട്ടുണ്ട്. ധനുഷ്, ചിമ്പു അടക്കമുള്ള താരങ്ങളും എത്തുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു.
എന്നാല്‍ സെപ്റ്റംബര്‍ 41 ന് വിജയ്‍ പങ്കെടുത്ത തമിഴക വെട്രി കഴകത്തിന്‍റെ കരൂര്‍ റാലിയില്‍ തിക്കിലും തിരക്കിലും പെട്ട് 41 പേര്‍ മരണപ്പെട്ട പശ്ചാത്തലത്തില്‍ കര്‍ശന നിയന്ത്രണങ്ങളോടെയാണ് ക്വാലലംപൂരിലെ ഓഡിയോ ലോഞ്ച് നടക്കുന്നത്. ഓഡിയോ ലോഞ്ച് ഒരു രാഷ്ട്രീയ പരിപാടി ആക്കരുതെന്ന് റോയല്‍ മലേഷ്യ പൊലീസിന്‍റെ കര്‍ശന നിര്‍ദേശമുണ്ട്. രാഷ്ട്രീയ പ്രസംഗം, മുദ്രാവാക്യങ്ങള്‍, ബാനറുകള്‍, ചിഹ്നങ്ങള്‍, ടിവികെയുടെ കൊടി, ടീഷര്‍ട്ട്, ബാനര്‍ എന്നിവയൊന്നും വേദിയിലോ സ്റ്റേഡിയത്തിലോ പാടില്ല. എന്തിനേറെ ടിവികെയുടെ പതാകയിലുള്ള ചുവപ്പും മഞ്ഞയും നിറങ്ങള്‍ ഒരുമിച്ച് എടുത്ത് കാണിക്കുന്ന എന്തിനും വിലക്കുണ്ട്. പ്രൊഫഷണല്‍ ക്യാമറകളും ലേസര്‍ ലൈറ്റുകളുമൊന്നും സ്റ്റേഡിയത്തിലേക്ക് അനുവദിച്ചിട്ടില്ല.
തമിഴ്നാട്ടില്‍ നിന്ന് മാത്രമല്ല ലോകത്തിന്‍റെ പല ഭാഗങ്ങളില്‍ നിന്നും മലേഷ്യയിലേക്ക് കഴിഞ്ഞ ദിവസങ്ങളില്‍ വിജയ് ആരാധകരുടെ ഒഴുക്കായിരുന്നു. 26 നും 28 നും ഇടയിലുള്ള ദിവസങ്ങളില്‍ ചെന്നൈയില്‍ നിന്ന് ക്വാലലംപൂരിലേക്കുള്ള വിമാനനിരക്കില്‍ 40 ശതമാനം വര്‍ധന പോലും ഉണ്ടായി. നേരിട്ട് പരിപാടിക്ക് എത്താത്തവര്‍ക്ക് ടെലിവിഷനിലും ഒടിടിയിലും പരിപാടി കാണാം. എന്നാല്‍ ഇതിന് ജനുവരി 4 വരെ കാത്തിരിക്കണം. സീ തമിഴ് ചാനലിലും സീ 5 ഒടിടിയിലും അന്നേ ദിവസം ഓഡിയോ ലോഞ്ച് കാണാം.



