Asianet News MalayalamAsianet News Malayalam

രാഷ്ട്രീയക്കാരെയോ ഉദ്യോഗസ്ഥരെയോ പരിഹസിക്കരുത്; ആരാധകർക്ക് മുന്നറിയിപ്പുമായി വിജയ്

ഫാൻസുകാരുടെ സോഷ്യൽ മീഡിയ പോസ്റ്റുകൾ കാരണം മുമ്പ് വിജയ് ചിത്രങ്ങൾക്കെതിരെ പ്രതിഷേധങ്ങളും വിമർശനങ്ങളും ഉയർന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ബീസ്റ്റ് റിലീസിനു മുമ്പ് വിജയ് മുന്നറിയിപ്പുമായി എത്തിയത്. 

Vijays warning to fans ahead of Beast release
Author
Chennai, First Published Apr 7, 2022, 4:04 PM IST

തെന്നിന്ത്യൻ സിനിമാസ്വാദകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന വിജയ്(Vijay) ചിത്രമാണ് ബീസ്റ്റ്(Beast). ചിത്രം അടുത്തവാരം പ്രേക്ഷകർക്ക് മുന്നിലെത്തും. ഈ അവസരത്തിൽ തന്റെ ആരാധകർക്ക് മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് താരം. രാഷ്ട്രീയക്കാരെയോ സർക്കാർ ഉദ്യോഗസ്ഥരെയോ സമൂഹ മാധ്യമങ്ങളിലൂടെയോ മറ്റോ പരിഹസിക്കാൻ പാടില്ലെന്ന് ആരാധകരോട് വിജയ് പറയുന്നു. വിജയ് മക്കൾ ഇയക്കം ജനറൽ സെക്രട്ടറി ബസ്സി ആനന്ദ് ആണ് ഇക്കാര്യം ട്വീറ്റ് ചെയ്തിരിക്കുന്നത്. 

ഫാൻസ് ക്ലബ് അംഗങ്ങൾ രാഷ്ട്രീയക്കാരേയോ ഉദ്യോഗസ്ഥരെയോ പരിഹസിക്കുന്ന തരത്തിലുള്ള പ്രസ്താവനകൾ, പോസ്റ്ററുകൾ എന്നിവ ഷെയർ ചെയ്യരുത്. വിജയിയുടെ നിർദേശം ലംഘിച്ച് പ്രവർത്തിക്കുന്നവരെ സംഘടനയിൽ നിന്ന് പുറത്താക്കുമെന്നും അവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ബസ്സി ആനന്ദ് വ്യക്തമാക്കി. ഫാൻസ് അസോസിയേഷനുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും ഇക്കാര്യം ലംഘിച്ചവർക്കെതിരെ നടപടി സ്വീകരിച്ചു കഴിഞ്ഞുവെന്നും അദ്ദേഹം അറിയിച്ചു. 

ഫാൻസുകാരുടെ സോഷ്യൽ മീഡിയ പോസ്റ്റുകൾ കാരണം മുമ്പ് വിജയ് ചിത്രങ്ങൾക്കെതിരെ പ്രതിഷേധങ്ങളും വിമർശനങ്ങളും ഉയർന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ബീസ്റ്റ് റിലീസിനു മുമ്പ് വിജയ് മുന്നറിയിപ്പുമായി എത്തിയത്. ചിത്രം ഏപ്രിൽ 13ന് പ്രേക്ഷകർക്ക് മുന്നിലെത്തും.

അതേസമയം, ചിത്രം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട് മുസ്‌ലിം ലീഗ് രം​ഗത്തെത്തിയിട്ടുണ്ട്. തമിഴ്‌നാട് സംഘടനാ അധ്യക്ഷൻ വിഎംഎസ് മുസ്തഫ ആണ് ഇക്കാര്യം അറിയിച്ചത്. റിലീസ് തടയുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന ആഭ്യന്തര സെക്രട്ടറി എസ്.കെ. പ്രഭാകറിന് ലീഗ് കത്തു നൽകിയതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. ചിത്രത്തിൽ ഇസ്‌ലാം മതവിശ്വാസികളെ തീവ്രവാദികളായി ചിത്രീകരിച്ചിട്ടുണ്ടെന്ന് ആരോപിച്ചാണ് നിരോധനം ആവശ്യപ്പെട്ട് ഇവർ രം​ഗത്തെത്തിയിരിക്കുന്നത്. ബീസ്റ്റ് പ്രദർശനത്തിനെത്തിയാൽ അസാധാരണ സാഹചര്യത്തിലേക്കു അത് നയിക്കുമെന്നും കത്തിൽ പറയുന്നു.

വിജയിയുടെ സിനിമാ കരിയറിലെ 65മത്തെ ചിത്രമാണ് ബീസ്റ്റ്. അതുകൊണ്ട് തന്നെ ദളപതി 65 എന്നാണ് ചിത്രം അറിയിപ്പെടുന്നത്. മലയാളി താരങ്ങളായ ഷൈൻ ടോം ചാക്കോയും അപർണ ദാസും ചിത്രത്തില്‍ എത്തുന്നുണ്ട്. സംവിധായകൻ ശെല്‍വരാഘവനും ബീസ്റ്റെന്ന ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഷൈൻ ആദ്യമായിട്ടാണ് തമിഴ് ചിത്രത്തില്‍ അഭിനയിക്കുന്നതും. മൂന്ന് പ്രതിനായകൻമാരാണ് ചിത്രത്തില്‍ ഉണ്ടാകുകയെന്നാണ് റിപ്പോര്‍ട്ട്. 

Follow Us:
Download App:
  • android
  • ios