ജോൺ എന്ന കഥാപാത്രത്തെയാണ് വിക്രം ചിത്രത്തിൽ അവതരിപ്പിക്കുന്നത്. 

ദീർഘ നാളത്തെ കാത്തിരിപ്പുകൾക്കും ആകാംക്ഷകൾക്കും വിരാമം. ഗൗതം വസുദേവ് മേനോന്‍ സംവിധാനം ചെയ്യുന്ന 'ധ്രുവനച്ചത്തിരം' തിയറ്ററിൽ എത്തുന്നു. ചിത്രത്തിന്റെ റിലീസ് വിവരം ഗൗതം മേനോൻ പുറത്തുവിട്ടു. 2023 നവംബർ 24ന് ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തും. ഏഴ് വർഷം നീണ്ട കാത്തിരിപ്പിന് ഒടുവിലാണ് വിക്രം ചിത്രം തിയറ്റിലെത്തുന്നത്. 

2016ൽ ആണ് 'ധ്രുവനച്ചത്തിര'ത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങുന്നത്. ശേഷം 2017ൽ ചിത്രീകരണം ആരംഭിച്ചു. എന്നാൽ പലകാരണങ്ങളാൽ ഷൂട്ടിങ്ങും മറ്റ് കാര്യങ്ങളും നീണ്ടുപോകുക ആയിരുന്നു. എന്നാകും ചിത്രം റിലീസ് ചെയ്യുക എന്ന ചോദ്യങ്ങളുമായി ആരാധകരും സോഷ്യൽ മീഡിയയിൽ രം​ഗത്തെത്തി. റിലീസ് തിയതിയിൽ ചില അഭ്യൂഹങ്ങളും പുറത്തുവന്നിരുന്നു. ഇതിനിടെ ആണ് ഔദ്യോ​ഗിക റിലീസ് വിവരം പുറത്തുവന്നിരിക്കുന്നത്. 

റിലീസ് വിവരം പങ്കുവച്ചു കൊണ്ട് ട്രെയിലറിന് സമാനമായൊരു വീഡിയോയും അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്. പക്ക അക്ഷൻ സ്പൈ ത്രില്ലർ ആയിരിക്കും ചിത്രമെന്ന് വീഡിയോ ഉറപ്പു നൽകുന്നു. ജോൺ എന്ന കഥാപാത്രത്തെയാണ് വിക്രം ചിത്രത്തിൽ അവതരിപ്പിക്കുന്നത്. 

Scroll to load tweet…

ജയിലർ എന്ന ചിത്രത്തിന് ശേഷം വിനായകൻ വില്ലൻ‌ വേഷത്തിൽ എത്തുന്ന തമിഴ് സിനിമ കൂടിയാണിത്. ഒപ്പം റിതു വര്‍മ്മ, രാധാകൃഷ്ണന്‍ പാര്‍ഥിപന്‍, ആര്‍ രാധിക ശരത്‍കുമാര്‍, സിമ്രാന്‍, ദിവ്യ ദര്‍ശിനി, മുന്ന സൈമണ്‍, വംശി കൃഷ്ണ, സലിം ബൈഗ്, സതീഷ് കൃഷ്ണന്‍, മായ എസ് കൃഷ്ണന്‍ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. 

Dhruva Natchathiram - TrailBLAZEr | Chiyaan Vikram, Harris Jayaraj, Gautham Vasudev Menon

മനോജ് പരമഹംസ, എസ് ആര്‍ കതിര്‍, സന്താന കൃഷ്ണന്‍ രവിചന്ദ്രന്‍ എന്നിവർ ചേർന്നാണ് 'ധ്രുവനച്ചത്തിര'ത്തിന്റെ ഛായാഗ്രാഹണം നിർവഹിച്ചിരിക്കുന്നത്. ആന്‍റണി ആണ് എഡിറ്റിം​ഗ്. ഹാരിസ് ജയരാജ് ആണ് സം​ഗീതം ഒരുക്കുന്നത്. ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് ഗൗതം വസുദേവ് മേനോന്‍ തന്നെയാണ്. 

പിള്ളേര് അടിച്ച് ഹിറ്റാക്കിയ ചിത്രം; 'ആർഡിഎക്സ്' ഒടിടിയിലേക്ക്; എപ്പോൾ ? എവിടെ കാണാം ?