Asianet News MalayalamAsianet News Malayalam

ഹിന്ദിയിലും തരംഗം തീര്‍ക്കുമോ 'വിക്രം വേദ'? പ്രിവ്യൂവിന് ശേഷമുള്ള ആദ്യ അഭിപ്രായങ്ങള്‍ പുറത്ത്

കോളിവുഡില്‍ പുതുമ നിറഞ്ഞ അവതരണവുമായി എത്തി വലിയ വിജയം നേടിയ ചിത്രമായിരുന്നു വിക്രം വേദ

vikram vedha hindi first reviews after preview show hrithik roshan saif ali khan
Author
First Published Sep 28, 2022, 9:12 PM IST

ഒരു വ്യവസായം എന്ന നിലയില്‍ നേരിട്ട വലിയ വീഴ്ചയ്ക്കു ശേഷം ഉയിര്‍ത്തെഴുന്നേല്‍പ്പിന്‍റെ പാതയിലാണ് ബോളിവുഡ്. ബ്രഹ്‍മാസ്ത്രയാണ് സമീപകാലത്ത് ബോളിവുഡിനെ വിജയ ട്രാക്കിലേക്ക് നീക്കി നിര്‍ത്തിയത്. പിന്നാലെയെത്തിയ ആര്‍ ബല്‍കിയുടെ ദുല്‍ഖര്‍ സല്‍മാന്‍- സണ്ണി ഡിയോള്‍ ചിത്രം ചുപ്പും മികച്ച പ്രതികരണം നേടി തിയറ്ററുകളില്‍ തുടരുകയാണ്. ബോളിവുഡിന് നല്ല പ്രതീക്ഷയുള്ള മറ്റൊരു ചിത്രം ഈ വാരം തിയറ്ററുകളില്‍ എത്തുന്നുണ്ട്. 2017ല്‍ തിയറ്ററുകളിലെത്തി വന്‍ വിജയം നേടിയ തമിഴ് ചിത്രം വിക്രം വേദയുടെ ഹിന്ദി റീമേക്ക് ആണിത്. ഹിന്ദി റീമേക്കിന്‍റെ പേരും വിക്രം വേദ എന്നു തന്നെയാണ്. സെപ്റ്റംബര്‍ 30 ന് തിയറ്ററുകളില്‍ എത്താനിരിക്കുന്ന ചിത്രത്തിന്‍റെ പ്രിവ്യൂ ഇന്ന് നടന്നു. അതിനു ശേഷമുള്ള ആദ്യ അഭിപ്രായങ്ങള്‍ ട്വിറ്ററില്‍ പ്രചരിച്ച് തുടങ്ങിയിട്ടുണ്ട്.

മികച്ച അഭിപ്രായങ്ങളാണ് പ്രിവ്യൂവിന് ശേഷം ചിത്രത്തിന് ലഭിക്കുന്നത്. ചിത്രം ഗംഭീരമാണെന്നാണ് പ്രമുഖ ട്രേഡ് അനലിസ്റ്റ് തരണ്‍ ആദര്‍ശിന്‍റെ ട്വീറ്റ്. അഞ്ചില്‍ നാല് റേറ്റിംഗ് ആണ് അദ്ദേഹം കൊടുത്തിരിക്കുന്നത്. മികച്ച രചനയും അവതരണവുമാണ് ചിത്രത്തിന്‍റേതെന്നും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച സെയ്ഫ് അലി ഖാനും ഹൃത്വിക് റോഷനും സ്ക്രീനില്‍ തീ പാറിച്ചെന്നും അദ്ദേഹം കുറിച്ചു. എല്ലാം നന്നായി വന്നതിനു പിന്നില്‍ ഏറ്റവും കൈയടി അര്‍ഹിക്കുന്നത് സംവിധായകരായ പുഷ്കര്‍- ഗായത്രിയാണെന്ന് രോഹിത്ത് ഖില്‍നാനി ട്വീറ്റ് ചെയ്തു. ചിത്രം തമിഴ് ഒറിജിനലിനേക്കാള്‍ മികച്ചതാണെന്നാണ് മറ്റൊരു ട്രേഡ് അനലിസ്റ്റ് അഭിഷേക് പരിഹാറിന്‍റെ ട്വീറ്റ്. 

ALSO READ : 'സ്റ്റീഫന്‍ നെടുമ്പള്ളി' തെലുങ്കില്‍ 'ബ്രഹ്‍മ'; ഗോഡ്‍ഫാദര്‍ ട്രെയ്‍ലര്‍

കോളിവുഡില്‍ പുതുമ നിറഞ്ഞ അവതരണവുമായി എത്തി വലിയ വിജയം നേടിയ ചിത്രമായിരുന്നു വിക്രം വേദ. സംവിധായക ദമ്പതികള്‍ പുഷ്‍കര്‍- ഗായത്രിയുടെ രചനയിലും സംവിധാനത്തിലുമെത്തിയ ചിത്രം. തമിഴില്‍ മാധവനും വിജയ് സേതുപതിയുമാണ് ടൈറ്റില്‍ കഥാപാത്രങ്ങളായ വിക്രമും വേദയുമായി എത്തിയതെങ്കില്‍ ഹിന്ദി റീമേക്കില്‍ അത് യഥാക്രമം സെയ്ഫ് അലി ഖാനും ഹൃത്വിക് റോഷനുമാണ്. തിരക്കഥ ഒരുക്കിയിരിക്കുന്നത് നീരജ് പാണ്ഡെയാണ്. രാധിക ആപ്തെ, രോഹിത്ത് സറഫ്, യോ​ഗിത ബിഹാനി, ഷരീബ് ഹാഷ്മി തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഫ്രൈഡേ ഫിലിം‍വര്‍ക്ക്സിന്‍റെ ബാനറില്‍ നീരജ് പാണ്ഡേ, ഒപ്പം റിലയന്‍സ് എന്‍റര്‍ടെയ്‍ന്‍മെന്‍റും വൈ നോട്ട് സ്റ്റുഡിയോസും ചേര്‍ന്നാണ് നിര്‍മ്മാണം. 

നിയോ നോയര്‍ ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെട്ട തമിഴ് ചിത്രം വിക്രം വേദ ഭാഷയുടെ അതിരുകള്‍ക്കപ്പുറത്ത് പ്രേക്ഷകസ്വീകാര്യത നേടിയിരുന്നു. കേരളത്തിലും വന്‍ വിജയമായിരുന്നു ചിത്രം. പഴയ വിക്രമാദിത്യന്‍-വേതാളം കഥയെ ഓര്‍മ്മിപ്പിക്കുന്ന തരത്തില്‍ ധര്‍മ്മത്തെയും നീതിയെയും കുറിച്ച് പൊലീസ് ഓഫീസറോട് (മാധവന്‍) ചോദ്യങ്ങള്‍ ഉയര്‍ത്തുന്ന ഗുണ്ടാത്തലവനായിരുന്നു വിജയ് സേതുപതി കഥാപാത്രം. ഇരുവരുടെയും പ്രകടനവും കൈയടി നേടിയിരുന്നു.

Follow Us:
Download App:
  • android
  • ios