ബോക്‌സ് ഓഫീസ് വിജയവും നിരൂപക ശ്രദ്ധയും ഒരുപോലെ ലഭിക്കുന്ന സിനിമകള്‍ ഏത് ഭാഷാ സിനിമകളിലും അപൂര്‍വ്വമാണ്. അത്തരത്തില്‍ ഒന്നായിരുന്നു 2017ല്‍ പുറത്തിറങ്ങിയ തമിഴ് ചിത്രം 'വിക്രം വേദ'. ഇപ്പോഴിതാ ചിത്രത്തിന്റെ ഹിന്ദി റീമേക്കിനെക്കുറിച്ചുള്ള ആലോചനകള്‍ നടക്കുന്നു. 

തമിഴില്‍ ചിത്രമൊരുക്കിയ സംവിധായക ദമ്പതികളായ പുഷ്‌കര്‍-ഗായത്രി തന്നെയാവും ബോളിവുഡ് റീമേക്കിനും ചുക്കാന്‍ പിടിക്കുക. ചിത്രത്തിന്റെ ടൈറ്റില്‍ കാസ്റ്റിംഗും ആകാംക്ഷ ജനിപ്പിക്കുന്നതാണ്. തമിഴില്‍ മാധവന്‍ അവതരിപ്പിച്ച പൊലീസ് കഥാപാത്രത്തെ ഹിന്ദിയില്‍ അവതരിപ്പിക്കുന്നത് സെയ്ഫ് അലി ഖാന്‍ ആയിരിക്കും. വിജയ് സേതുപതി അവതരിപ്പിച്ച 'വേദ'യെ ഹിന്ദി റീമേക്കില്‍ അവതരിപ്പിക്കുക സാക്ഷാല്‍ ആമിര്‍ ഖാനും! രണ്ട് താരങ്ങളും പ്രോജക്ടിന് സമ്മതം മൂളിയിട്ടുണ്ടെന്ന് ഫിലിംഫെയര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 2020 മാര്‍ച്ചിലാവും സിനിമയുടെ ചിത്രീകരണം ആരംഭിക്കുക. ഹിന്ദിയിലെ പേരും വിക്രം വേദ എന്നുതന്നെ ആയിരിക്കും.

അതേസമയം 'ലാല്‍ സിംഗ് ഛദ്ദ'യാണ് ആമിര്‍ ഖാന്റെ അടുത്ത ചിത്രം. ടോം ഹാങ്ക്‌സ് നായകനായി 1994ല്‍ പുറത്തെത്തിയ പ്രശസ്ത ഹോളിവുഡ് ചിത്രം 'ഫോറസ്റ്റ് ഗംപി'ന്റെ റീമേക്കാണ് ചിത്രം. 'സീക്രട്ട് സൂപ്പര്‍സ്റ്റാര്‍' ഒരുക്കിയ അദ്വൈത് ചന്ദനാണ് ചിത്രത്തിന്റെ സംവിധാനം. വയാകോം 18 മോഷന്‍ പിക്‌ചേഴ്‌സും ആമിര്‍ ഖാന്‍ പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് നിര്‍മ്മാണം.