കൊച്ചി: ദളിത് ആക്ടിവിസ്റ്റിന്റെ പരാതിയിൽ പൊലീസ് അന്വേഷണം നേരിടുന്ന സാഹചര്യത്തിൽ വിഷയത്തിൽ പ്രതികരണവുമായി നടൻ വിനായകൻ. ഫോണിലൂടെ അശ്ലീലചുവയോടെ സംസാരിച്ചെന്നാണ് യുവതിയുടെ പരാതി. സംഭവത്തിൽ വിനായകനെ അറസ്റ്റ് ചെയ്തേക്കുമെന്നുള്ള സൂചനകൾ പുറത്തുവരുന്നതിനിടെയാണ് അദ്ദേഹം ടൈം ഓഫ് ഇന്ത്യയ്ക്ക് പ്രതികരണം നൽകിയിരിക്കുന്നത്.

"എനിക്ക് ഒന്നും പറയാനില്ല. അവള്‍ എന്താണോ ചെയ്യുന്നത് അത് പൂര്‍ത്തിയാക്കാന്‍ അവളെ അനുവദിക്കൂ. എനിക്ക് എന്താണ് സംഭവിച്ചതെന്ന് പോലും അറിയില്ല. എന്നെ വിളിക്കുന്നവരുടെ കോളുകള്‍ ഞാന്‍ റെക്കോര്‍ഡ് ചെയ്യാറില്ല. ഇതെന്നെ സംബന്ധിച്ചതാണെന്ന് എനിക്ക് തോന്നുന്നേ ഇല്ല. അവരുടെ കയ്യില്‍ തെളിവുണ്ടെങ്കില്‍ ഞാനാണ് അത് ചെയ്തതെന്ന് അവര്‍ക്ക് അത് തെളിയിക്കാന്‍ സാധിക്കുമെങ്കില്‍, എന്നെ ശിക്ഷിക്കാം, അറസ്റ്റ് ചെയ്യാം ജയിലിലിടാം. അത്ര തന്നെ," എന്നാണ് വിനായകൻ പ്രതികരിച്ചത്. 

കഴിഞ്ഞ ഏപ്രില്‍മാസം വയനാട്ടില്‍ ദളിത് പെൺകുട്ടികള്‍ക്കായി സംഘടിപ്പിച്ച ക്യാമ്പിലേക്ക് ക്ഷണിക്കുന്നതിനാണ് വിനായകനെ വിളിച്ചതെന്നാണ് യുവതി വ്യക്തമാക്കിയിരിക്കുന്നത്. വിനായകനെ ഫോണില്‍ വിളിച്ചപ്പോള്‍ ലൈഗിക  ചുവയോടെ സംസാരിച്ചെന്നാണ് പരാതിയിൽ പറയുന്നത്. കല്‍പ്പറ്റ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. സ്ത്രീയോട് മോശമായി  സംസാരിച്ചുവെന്നതടക്കം നാല് വകുപ്പുകളാണ് നടനെതിരെ ചുമത്തിയത്.  ഐപിസി 509, 294 ബി, കെപിഎ 120 തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

യുവതിയുടെ വീട്ടിലെത്തി പോലീസ് മൊഴിയും രേഖപ്പെടുത്തി. കേട്ടാലറയ്ക്കുന്ന ഭാഷയില്‍ വിനായകന്‍ തന്നോട്  സംസാരിച്ചെന്നാണ് യുവതി മൊഴി നല്‍കിയത്. ഇതിന്‍റെ ഫോൺ രേഖകളും തെളിവായി നല്‍കി. ഫോൺ സംഭാഷണത്തിന്‍റെ കൂടുതല്‍ തെളിവുകള്‍ സൈബർസെല്‍ വഴി ശേഖരിക്കുന്നുണ്ട്. വിനായകനില്‍ നിന്നുണ്ടായ മോശം പെരുമാറ്റത്തെകുറിച്ച് യുവതി ഫേസ്ബുക്കില്‍ വെളിപ്പെടുത്തിയത് സമൂഹമാധ്യമങ്ങളില്‍ വലിയ ചർച്ചയായിരുന്നു. 

ലോക്സഭാ തെരഞ്ഞെടുപ്പിന് തൊട്ടുപിന്നാലെ ആർഎസ്എസ്സിന്‍റെ അജണ്ട കേരളത്തില്‍ നടക്കില്ലെന്ന് തെളിഞ്ഞെന്നും ബിജെപി മുന്നോട്ട് വെക്കുന്ന രാഷ്ട്രീയം കേരളത്തിലെ ജനത തള്ളിക്കളഞ്ഞതില്‍ സന്തോഷമുണ്ടെന്നുമായിരുന്നു ഒരു അഭിമുഖത്തിൽ വിനായകൻ പറഞ്ഞതിന് പിന്നാലെ രൂക്ഷമായ ജാതീയ അധിക്ഷേപമാണ് വിനായകന്‍ നേരിട്ടത്. ഇതിന് വിനായകന്‍ നല്‍കിയ മറുപടി സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായതിന് പിന്നാലെയാണ് യുവതി തനിക്ക് വിനായകനില്‍ നിന്ന് നേരിട്ട അനുഭവം വ്യക്തമാക്കിയത്.