Asianet News MalayalamAsianet News Malayalam

ഷൂട്ടിംഗ് തുടങ്ങാനാകാതെ സിനിമ മുടങ്ങി, അഡ്വാൻസ് തുകയായ 25000 രൂപ നസീര്‍ സാര്‍ തിരിച്ചുതന്നു: വിനയൻ

'ഉദയായിലെ നസീർ ബംഗ്ലാവിലേക്കു ചെന്ന എന്നെ ചിരിച്ചു കൊണ്ടു സ്വീകരിച്ച് ഒരു കവർ എന്റെ നേരെ നീട്ടി അദ്ദേഹം പറഞ്ഞു'- പ്രേംനസീറിനെ കുറിച്ച് വിനയൻ.

Vinayan about Prem Nazir
Author
First Published Jan 16, 2023, 5:30 PM IST

നിത്യഹരിത നായകൻ പ്രേംനസീര്‍ വിടപറഞ്ഞിട്ട് ഇന്നേയ്‍ക്ക് 34 വര്‍ഷം തികയുന്നു. പ്രേം നസീറിനെ നായകനാക്കി ഒരു സിനിമ നിര്‍മിക്കാൻ നടത്തിയ ശ്രമങ്ങളെ കുറിച്ച് വെളിപ്പെടുത്തി രംഗത്ത് എത്തിയിരിക്കുകയാണ് സംവിധായകൻ വിനയൻ. സിനിമ നടക്കാതായപ്പോള്‍ അഡ്വാൻസ് തുക മടക്കി നല്‍കി. ഒരിക്കല്‍ തന്റെ സംവിധാനത്തില്‍ അഭിനയിക്കാം എന്ന് പ്രേംനസീര്‍ പറഞ്ഞിരുന്നുവെന്നും വിനയൻ ഓര്‍ക്കുന്നു.

വിനയന്റെ കുറിപ്പ്

പ്രേംനസീർ എന്ന ഇതിഹാസനായകൻ വിടപറഞ്ഞിട്ട് 34 വർഷം തികയുന്നു. നന്മയുടെയും സ്നേഹത്തിന്റെറയും വിളനിലമായിരുന്ന ആ വലിയ മനുഷ്യന്റെ സ്‍മരണക്കു മുന്നിൽ ആദരാഞ്ജലികൾ.

1983 കാലം. ഞാനന്ന് ഇലക്ട്രിസിറ്റി ബോർഡിൽ ജോലിക്കു കയറിയ സമയം.

നാടക രചനയും സംവിധാനവും അഭിനയവും ഒക്കെയായിരുന്നു മനസ്സിന് ഏറെ ഇഷ്‍ടപ്പെട്ട വിഷയം. വിനയൻ അമ്പലപ്പുഴ എന്ന പേരിൽ ആനുകാലികങ്ങളിൽ ചില എഴുത്തു പരി പാടികളും ഉണ്ടായിരുന്നു.. ഇതിനിടയിൽ സഹസംവിധായകൻ ആകാനായി പത്മരാജൻ സാറിനെയും ഭരതേട്ടനേയും, ഐ വി ശശിയേട്ടനെയും നിരന്തരം പോയി കണ്ടിരുന്നു. അടുത്തതിൽ ആകട്ടെ നോക്കാം എന്ന അവരുടെയൊക്കെ ആശ്വാസ വാക്കുകളിൽ ആനന്ദം കണ്ടെത്തിയ കാലം. അങ്ങനെയിരിക്കെ ഞങ്ങൾ ചില സുഹൃത്തുക്കൾ ഒക്കെ ചേർന്ന് ഒരു സിനിമ നിർമ്മിക്കാം എന്ന ചർച്ച നടന്നു.
 അരയന്നങ്ങൾ എന്ന സിനിമ എടുത്ത ഗോപികുമാറിനെ ആയിരുന്നു സംവിധായകനായി തീരുമാനിച്ചത്. അരയന്നങ്ങളുടെ നിർമ്മാതാവും എന്റെസുഹൃത്തുമായിരുന്ന നെടുമുടി മോഹനാണ് ആ നിർദ്ദേശം വച്ചത്.

 നസീർസാറിനെ നായകനായി നിശ്ചയിച്ച ആ സിനിമയ്‍ക്ക് അഡ്വാൻസ് കൊടുക്കാനായി സാറിന്റെ അന്നത്തെ മദ്രാസിലെ വീട്ടിൽ ഞങ്ങൾ ചെന്നപ്പോഴാണ് ഞാനദ്ദേഹത്തെ ആദ്യമായി കാണുന്നത്. കാര്യങ്ങൾ ഒക്കെ സംസാരിച്ച് ഇരുപത്തയ്യായിരം രൂപ ഒരു കവറിലിട്ട് അഡ്വാൻസായി അദ്ദേഹത്തിനു നൽകുമ്പോൾ അദ്ദേഹം എന്നോടു ചോദിച്ച ചോദ്യം കാതിൽ ഇപ്പോഴും മുഴങ്ങുന്നുണ്ട്.. ഇത്ര ചെറുപ്പത്തിലേ നിർമ്മാതാവിന്റെ  ജോലി ഏറ്റെടുക്കണോ? സിനിമാ നിർമ്മാണമെന്നു പറഞ്ഞാൽ ധാരാളം പണവും പരിശ്രമവും വേണ്ട ഒന്നാണ്. അതൊക്കെ ഞങ്ങളെക്കൊണ്ടു കഴിയുമെന്നും നസീർ സാറിന്റെ  ഡേറ്റു കിട്ടിയാൽ ബാക്കിയെല്ലാം ശരിയാകുമെന്നും  പറഞ്ഞപ്പോൾ ചിരിച്ചു കൊണ്ട് വളരെ സൂക്ഷിച്ച് എല്ലാം ചെയ്യണമെന്ന് ഉപദേശിച്ച് അദ്ദേഹം ഞങ്ങളെ  യാത്രയാക്കി. നസീർ സാർ പറഞ്ഞ പോലെ തന്നെ എടുത്തുചാടിയുള്ള ഞങ്ങടെ സിനിമാനിർമ്മാണത്തിനുള്ള ഇറക്കം. ഷൂട്ടിംഗ് തുടങ്ങാനാകാതെ മുടങ്ങി. പിന്നീട് ചിലയിടങ്ങളിൽ വച്ച് അദ്ദേഹത്തെ കാണാൻ സൗകര്യം കിട്ടിയപ്പോൾ അതിനു ധൈര്യമില്ലാതെ നാണക്കേടുകൊണ്ട്  ഞാൻ മുങ്ങിയിരുന്നു. ഏതാണ്ട് ഏഴെട്ടു മാസം കഴിഞ്ഞ് ആലപ്പുഴ സൗത്ത് ഇലക്ട്രി സിറ്റി ബോർഡ് ആഫീസിലേക്ക് എനിക്ക് ഒരു ഫോൺ വന്നു. ഞാൻ അവിടെ ആയിരുന്നു ജോലി ചെയ്‍തിരുന്നത്. ആലപ്പുഴ ഉദയാ സ്റ്റുഡിയോയിൽ നിന്ന് ശാരംഗപാണിച്ചേട്ടനായിരുന്നു വിളിച്ചത്.

നസീർ സാർ വിനയനെ ഒന്നു കാണണമെന്നു പറയുന്നു. അങ്ങോട്ടു കാറു വേണമെങ്കിൽ അയച്ചു തരാൻ സാറു പറഞ്ഞിട്ടുണ്ട്. അയ്യോ അതൊന്നും വേണ്ട ഞാൻ വന്നോളാം എന്നു പറഞ്ഞ് ഉടൻ തന്നെ എന്റെ മോട്ടോർ സൈക്കിളിൽ ഉദയായിലേക്കു പോയി.. ഇതിനൊന്നും ഉള്ള പക്വതയാകാതെ ആവശ്യമില്ലാത്ത പണിക്ക് ഇറങ്ങരുതെന്നു ഞാൻ പറഞ്ഞതല്ലേ എന്നു നസീർ സാർ ചോദിക്കും എന്നെനിക്ക് ഉറപ്പായിരുന്നു. അന്നത്തെ അദ്ദേഹത്തിന്റെ ഒത്തിരി വിലയേറിയ ഡേറ്റ് ബ്ലോക്ക് ചെയ്‍ത് നഷ്‍ടപ്പെടുത്തിയതിന്റെ കുറ്റബോധത്താൽ എനിക്കു നല്ല ഭയവുമുണ്ടായിരുന്നു. എന്നാൽ ഉദയായിലെ നസീർ ബംഗ്ലാവിലേക്കു ചെന്ന എന്നെ ചിരിച്ചു കൊണ്ടു സ്വീകരിച്ച് ഒരു കവർ എന്റെ നേരെ നീട്ടി അദ്ദേഹം പറഞ്ഞു. അന്നു തന്ന 25000 രൂപയാണ്. മടിച്ചു മടിച്ച് അതു മേടിച്ചു കൊണ്ട് ഞാൻ പറഞ്ഞു സോറി സാർ. ഇതൊക്കെ സിനിമയിൽ സംഭവിക്കുന്ന കാര്യങ്ങളല്ലേ. അതിനു ടെൻഷനൊന്നുംവേണ്ട.. ഇപ്പോ ശാരംഗ പാണി ഉള്ളതുകൊണ്ടാ വിനയനേ കണ്ടെത്താൻ എനിക്കു കഴിഞ്ഞത്. അല്ലങ്കിൽ ഈ തുക മടക്കി തരാനാകാതെ ഞാൻ വിഷമിച്ചേനെ. സിനിമയോടുള്ള നിങ്ങടെ ഇഷ്‍ടം ഞാൻ മനസ്സിലാക്കുന്നു. ശാരംഗ പാണി എന്നോടെല്ലാം പറഞ്ഞു. സംവിധായകനാകണമെന്നല്ലേ ആഗ്രഹം. ജോലിയിൽ തുടർന്നുകൊണ്ടു തന്നെ അതിനു ശ്രമിക്കു അതാ നല്ലത്. വിനയന്റെ സംവിധാനത്തിൽ ഞാനും അഭിനയിക്കാം. നിറഞ്ഞ ചിരിയോടെ  എന്നേ ആശ്വസിപ്പിക്കാൻ വേണ്ടി ആയിരിക്കാം അദ്ദേഹം അതു പറഞ്ഞത്.അതുകഴിഞ്ഞ് വര്‍ഷങ്ങള്‍ അധികമാകും മുന്നേ അദ്ദേഹം അന്തരിച്ചു. ഒരു കലാകാരൻ എത്രമാത്രം മനുഷ്യസ്നേഹി ആയിരിക്കണം എന്നതിന്റെ ഉത്തമ ഉദാഹരണമായിരുന്നു പ്രേംനസീർ എന്ന ഇതിഹാസ കലാകാരൻ.

Read More: പ്രഭാസ് നായകനായി വരാനുള്ളത് ഒരുപിടി ചിത്രങ്ങള്‍, 'പഠാൻ' സംവിധായകനുമായും കൈകോര്‍ക്കുന്നു

Follow Us:
Download App:
  • android
  • ios