Asianet News MalayalamAsianet News Malayalam

കായംകുളം കൊച്ചുണ്ണിയും വേലായുധ പണിക്കരും നങ്ങേലിയും ഒരു സിനിമയില്‍; വിനയന്‍റെ ബിഗ് ബജറ്റ് ചിത്രം വരുന്നു

തന്‍റെ സ്വപ്ന പ്രോജക്ട് ആണ് ഇതെന്നും കൊവിഡ് ഭീതി ഒഴിയുന്ന മുറയ്ക്ക് ഡിസംബര്‍ പകുതിയോടെ ചിത്രീകരണം ആരംഭിക്കാനാണ് ലക്ഷ്യമെന്നും വിനയന്‍ 

vinayan announced big budget pathonpatham noottandu
Author
Thiruvananthapuram, First Published Sep 20, 2020, 10:33 AM IST

പത്തൊമ്പതാം നൂറ്റാണ്ടിലെ പഴയ തിരുവിതാംകൂര്‍ രാജ്യത്തിന്‍റെ ചരിത്രം സിനിമയാക്കാന്‍ വിനയന്‍. കായംകുളം കൊച്ചുണ്ണി, ആറാട്ടുപുഴ വേലായുധ പണിക്കര്‍, നങ്ങേലി തുടങ്ങി നിരവധി ചരിത്ര കഥാപാത്രങ്ങള്‍ കടന്നുവരുന്ന സിനിമയ്ക്ക് പത്തൊമ്പതാം നൂറ്റാണ്ട് എന്നാണ് പേരിട്ടിരിക്കുന്നത്.  തന്‍റെ സ്വപ്ന പ്രോജക്ട് ആണ് ഇതെന്നും കൊവിഡ് ഭീതി ഒഴിയുന്ന മുറയ്ക്ക് ഡിസംബര്‍ പകുതിയോടെ ചിത്രീകരണം ആരംഭിക്കാനാണ് ലക്ഷ്യമെന്നും വിനയന്‍ ഫേസ്ബുക്കില്‍ കുറിച്ചു. മമ്മൂട്ടിയും മോഹന്‍ലാലുമാണ് ചിത്രത്തിന്‍റെ അനൗണ്‍സ്‍മെന്‍റ് പോസ്റ്റര്‍ ഫേസ്ബുക്കിലൂടെ പങ്കുവച്ചത്.

പുതിയ സിനിമയെക്കുറിച്ച് വിനയന്‍

വർഷങ്ങളായുള്ള ചർച്ചയ്ക്കും വായനയ്ക്കും വിശകലനങ്ങൾക്കും ശേഷം പത്തൊമ്പതാം നൂറ്റാണ്ടിലെ തിരുവിതാംകൂറിന്‍റെ അമ്പരപ്പിക്കുന്ന ഇതിഹാസം അഭ്രപാളികളിലെത്തിക്കാൻ ഞങ്ങൾ തീരുമാനിച്ചിരിക്കുന്നു എന്ന സന്തോഷവാർത്ത ഇവിടെ അറിയിക്കട്ടെ. ആ പഴയ കാലഘട്ടം പുനർ നിർമ്മിക്കുന്നതിലൂടെയും നൂറോളം കലാകാരൻമാരെയും ആയിരത്തിലധികം ജൂനിയർ ആർട്ടിസ്റ്റുകളേയും പങ്കെടുപ്പിക്കേണ്ടി വരുന്നതിലൂടെയും വളരെ അധികം നിർമ്മാണച്ചെലവു വരുന്ന ഈ സിനിമ നിർമ്മിക്കുന്നത് ശ്രീഗോകുലം മൂവീസിനു വേണ്ടി ശ്രീ ഗോകുലം ഗോപാലനാണ്. കോവിഡിന്‍റെ കാഠിന്യം കുറയുന്നെങ്കിൽ ഈ ഡിസംബർ പകുതിക്കു ഷൂട്ടിംഗ് തുടങ്ങാമെന്നു പ്രത്യാശിക്കുന്നു.

പത്തൊമ്പതാം നൂറ്റാണ്ടിലെ ഏറ്റവും വലിയ സാഹസികനും പോരാളിയുമായിരുന്ന നവോത്ഥാന നായകൻ ആറാട്ടുപുഴ വേലായുധപ്പണിക്കരും തിരുവിതാംകൂറിനെ വിറപ്പിച്ച തസ്കരവീരൻ കായംകുളം കൊച്ചുണ്ണിയും മാറുമറയ്ക്കൽ സമരനായിക നങ്ങേലിയും മറ്റനേകം ചരിത്ര പുരുഷൻമാരും കഥാപാത്രങ്ങളാകുന്ന ഈ സിനിമ എന്‍റെ ചലച്ചിത്ര ജീവിതത്തിലെ ഒരു ഡ്രീം പ്രോജക്ടാണ്.

ബഹുമാന്യരായ ശ്രീ മമ്മൂട്ടിയും മോഹൻലാലും ഈ ടൈറ്റിൽ പോസ്റ്റർ ഷെയർ ചെയ്യുന്നു എന്നു പറഞ്ഞപ്പോൾ ഏറെ സന്തോഷം തോന്നി. ഈ നൂറ്റാണ്ടിലെ ഏറ്റവും ജനകീയവും മഹത്തരവുമായ കലയാണു സിനിമ. നല്ല ശബ്ദ സംവിധാനത്തോടെ തീയേറ്ററുകളിൽ കണ്ടാൽ മാത്രമേ അതിന്‍റെ പൂർണ്ണത ലഭിക്കു. മഹാമാരിയുടെ ദുരന്തം മൂലം ഇപ്പോൾ നമുക്കു നഷ്ടപ്പെട്ടിരിക്കുന്ന ആ സാഹചര്യം അടുത്ത വർഷം ആദ്യ പാദത്തിലെങ്കിലും തിരിച്ചു കിട്ടുമെന്നാണു വിദഗ്ദ്ധർ പറയുന്നത്. പ്രതിസന്ധികളെ തരണം ചെയ്യാനുള്ള മനശ്ശക്തി ഉണ്ടങ്കിലേ വിജയം നമുക്കു പ്രതീക്ഷിക്കാനാകൂ. ആ പരിശ്രമത്തിലാണ് ഞാൻ. നിങ്ങളേവരുടെയും അനുഗ്രഹാശിസുകൾ ഉണ്ടാകണം..

വിനയൻ

Follow Us:
Download App:
  • android
  • ios