'രാക്ഷസരാജാവി'ന്‍റെ 20-ാം വാര്‍ഷികത്തില്‍ വിനയന്‍റെ ഓര്‍മ്മ
വിനയന്‍റെ സംവിധാനത്തില്‍ മമ്മൂട്ടി നായകനായെത്തിയ ആക്ഷന്‍ ത്രില്ലര്‍ ചിത്രമായിരുന്നു 'രാക്ഷസരാജാവ്'. 'ദാദാസാഹിബ്' എന്ന വിജയചിത്രത്തിനു ശേഷം വിനയനും മമ്മൂട്ടിയും വീണ്ടുമൊന്നിച്ച ഈ ചിത്രവും ബോക്സ് ഓഫീസില്‍ വിജയം നേടിയ ഒന്നാണ്. 2001 ഓഗസ്റ്റ് 31നായിരുന്നു റിലീസ്. റിലീസിന്‍റെ 20-ാം വാര്‍ഷികദിനത്തില്‍ രാക്ഷസരാജാവ് തുടങ്ങാനുണ്ടായ സാഹചര്യത്തെക്കുറിച്ച് പറയുകയാണ് വിനയന്‍. ഒപ്പം ആ സിനിമയുടെ സെറ്റില്‍ ഫോട്ടോഷൂട്ടിനായെത്തിയ ഒരു പുതുമുഖത്തെക്കുറിച്ചും വിനയന്‍ പറയുന്നു. 'ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യന്‍' എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച ജയസൂര്യയായിരുന്നു ആ പുതുമുഖം.
വിനയന്‍ എഴുതുന്നു
രാക്ഷസ രാജാവ് റിലീസ് ആയിട്ട് ഇന്ന് 20 വർഷം തികയുകയാണ്. അഭിനയകലയുടെ അഗ്രജനായ ശ്രീ മമ്മൂട്ടിയുടെ വ്യത്യസ്തമായ ഒരു പൊലീസ് മുഖം പ്രേക്ഷകനു ലഭിച്ച ചിത്രമായിരുന്നു രാക്ഷസ രാജാവ്. തികച്ചും കൈക്കൂലിക്കാരനായ ഒരു പൊലീസ് കമ്മീഷണർ ആയിരുന്നു രാമനാഥൻ IPS.എന്നാൽ അയാൾ അഴിമതിക്കാരനോ അനീതിക്കു കൂട്ടു നിൽക്കുന്നവനോ അല്ല. തല്ലാനും കൊല്ലാനും മടിയുള്ളവനല്ല രാനാഥൻ. പക്ഷേ മനസ്സിൽ ആദ്രതയുള്ളവനും സഹാനുഭൂതി ഉള്ളവനും ആണ്. നന്മയും തിന്മയും ഒരുപോലെ ഒരേ വ്യക്തിയിൽ സന്നിവേശിപ്പിച്ച കഥാപാത്രം. ആ പരീക്ഷണ കഥാപാത്രത്തിൽ മമ്മൂട്ടി നിറഞ്ഞാടി കൈയ്യടി നേടി. മമ്മൂക്കയുടെ കഥാപാത്രത്തിൽ മാത്രമായിരുന്നില്ല പുതുമ. കലാഭവൻ മണി ആദ്യമായി വില്ലൻ വേഷത്തിലെത്തിയ മന്ത്രി ഗുണശേഖരനും പ്രേക്ഷക പ്രശംസ നേടി. ദിലീപിന്‍റെ അപ്പുവും ഏറെ ശ്രദ്ധിക്കപ്പെട്ടു.

2000 ഡിസംബറിലായിരുന്നു 'ദാദാസാഹിബ്' റിലീസ് ചെയ്തത്. അത് തിയറ്ററിൽ ഓടിക്കൊണ്ടിരിക്കുന്ന സമയത്തു തന്നെ 2001 ഫെബ്രുവരിയിൽ കരുമാടിക്കുട്ടന്‍റെ റീ റെക്കോഡിംഗ് ചെന്നൈയിൽ നടക്കുമ്പോളാണ് പെട്ടെന്നു തന്നെ വീണ്ടും ഒരു മമ്മൂട്ടി ചിത്രം കൂടി ചെയ്യണമെന്നുള്ള ആലോചന വന്നത്. മമ്മൂക്ക തന്നെയായിരുന്നു ആ നിർദ്ദേശം വച്ചത്. കരുമാടിക്കുട്ടൻ കഴിഞ്ഞ ഉടനെ തുടങ്ങാനിരുന്ന തമിഴ് ചിത്രം 'കാശി' (വാസന്തിയും ലക്ഷ്‍മിയുടെയും തമിഴ് പതിപ്പ്) മാറ്റിവച്ചിട്ടാണ് മമ്മൂട്ടിച്ചിത്രം തുടങ്ങാമെന്നേറ്റത്. കൈയ്യിൽ കഥയൊന്നും ഇല്ലായിരുന്നു. വിനയനൊന്നു ശ്രമിക്കൂ, നടക്കും എന്ന മമ്മൂക്കയുടെ പ്രചോദനമാണ് ഒരാഴ്ച കൊണ്ടൊരു കഥയുണ്ടാക്കി, രണ്ടാഴ്ച കൊണ്ട് അതിന്‍റെ തിരക്കഥ എഴുതി ഷൂട്ടിംഗ് ആരംഭിക്കാൻ കഴിഞ്ഞത്. അന്നത്തെ കാലത്ത് ഏറെ മാദ്ധ്യമശ്രദ്ധ നേടിയിരുന്ന ആലുവ കൊലക്കേസിന്‍റെ വാർത്തകളാണ് ആ കഥയ്‍ക്ക് ഉപോൽബലകമായത്. ആ കേസിലെ പ്രതിയായ ആന്‍റണിയോട് സാമ്യമുള്ള ഒരു കഥാപാത്രത്തെ അന്നവതരിപ്പിച്ചത് ഇന്ദ്രൻസാണ്. ആ സിനിമയ്ക്കായി ഞാനെഴുതിയ ഒരു ഗാനവും അന്നു ശ്രദ്ധ നേടി. സ്യപ്‍നം ത്യജിച്ചാൽ സ്വർഗ്ഗം ലഭിക്കും, ദു:ഖം മറന്നാൽ ശാന്തി ലഭിക്കും എന്നു തുടങ്ങുന്ന ഗാനം. ബാക്കി മൂന്നു ഗാനങ്ങളും അന്തരിച്ച ആരാധ്യനായ യൂസഫലി കേച്ചേരിയാണ് എഴുതിയത്. സംഗീതം മോഹൻ സിതാരയും ക്യാമറ സഞ്ജീവ് ശങ്കറും ചെയ്തു. ജി മുരളി ആയിരുന്നു എഡിറ്റിംഗ്.
സർഗ്ഗം കബീർ നിർമ്മിച്ച രാക്ഷസരാജാവിന്‍റെ ഷൂട്ടിംഗ് സെറ്റിൽ വച്ച് ഒരു ഇടവേളയിലായിരുന്നു ഒരു പുതിയ ചെറുപ്പക്കാരനെ കൊണ്ടുവന്ന് അടുത്ത സിനിമയ്ക്കായി ഫോട്ടോഷൂട്ട് നടത്തിയത്. പൊലീസ് കമ്മീഷണറായി മേക്കപ്പിട്ടു വന്ന മമ്മൂക്കയ്ക്ക് ഞാൻ ആ ചെറുപ്പക്കാരനെ പരിചയപ്പെടുത്തി. അതായിരുന്നു എന്‍റെ അടുത്ത ചിത്രമായ 'ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യനി'ൽ നായകനായി വന്ന ജയസുര്യ. ഇന്നു പിറന്നാളാഘോഷിക്കുന്ന ജയസൂര്യയ്ക്ക് ഈ അവസരത്തിൽ ഹൃദയം നിറഞ്ഞ ആശംസകൾ കൂടി നേരുന്നു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
