ആറാട്ടുപുഴ വേലായുധ പണിക്കരുടെ റോളിലാണ് സിജു എത്തുക

പത്തൊന്‍പതാം നൂറ്റാണ്ടിലെ തിരുവിതാംകൂര്‍ പശ്ചാത്തലമാക്കി വിനയന്‍ (Vinayan) സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രമാണ് പത്തൊമ്പതാം നൂറ്റാണ്ട് (Pathonpathaam Noottandu). നവോത്ഥാന നായകന്‍ ആറാട്ടുപുഴ വേലായുധ പണിക്കരായി നായക വേഷത്തില്‍ എത്തുന്നത് സിജു വില്‍സണ്‍ (Siju Wilson) ആണ്. സിജുവിന്‍റേതടക്കമുള്ള, ചിത്രത്തിലെ ക്യാരക്റ്റര്‍ പോസ്റ്ററുകള്‍ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. ചിത്രത്തിന്‍റെ പുതിയ ക്യാരക്റ്റര്‍ പോസ്റ്റര്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചപ്പോള്‍ വിനയന് ലഭിച്ച ഒരു കമന്‍റും അതിന് അദ്ദേഹം നല്‍കിയ മറുപടിയും ശ്രദ്ധ നേടുകയാണ്. പുതുമുഖനടി നിയ അവതരിപ്പിക്കുന്ന വേലായുധ പണിക്കരുടെ ഭാര്യയായ വെളുത്തയുടെ ക്യാരക്റ്റര്‍ പോസ്റ്ററാണ് വിനയന്‍ ഇന്ന് അവതരിപ്പിച്ചത്. സിജു വില്‍സണെ ഇകഴ്ത്തിക്കൊണ്ടുള്ളതായിരുന്നു കമന്‍റുകളില്‍ ഒന്ന്.

"എല്ലാം കൊള്ളാം. ബട്ട്‌ പടത്തിലെ നായകൻ താങ്കൾ എത്ര കടിപ്പിച്ചാലും ആ മുഖത്ത് ഒന്നും വരാൻ പോകുന്നില്ല", എന്നായിരുന്നു കമന്‍റ്. എന്നാല്‍ സിജു വില്‍സണ്‍ എന്ന നടനില്‍ സംവിധായകന്‍ എന്ന നിലയിലുള്ള തന്‍റെ ആത്മവിശ്വാസം വെളിവാക്കുന്നതായിരുന്നു വിനയന്‍റെ വാക്കുകള്‍- "ഈ സിനിമ കണ്ടു കഴിയുമ്പോൾ മാറ്റിപ്പറയും.. താങ്കള്‍ സിജുവിന്‍റെ ഫാനായി മാറും ഉറപ്പ്..", വിനയന്‍ കുറിച്ചു.

ഈ വര്‍ഷം റിപബ്ലിക് ദിനത്തിലാണ് തന്‍റെ സ്വപ്‍ന പ്രോജക്റ്റിലെ നായകന്‍ ആരെന്ന് വിനയന്‍ പ്രഖ്യാപിച്ചത്. ബിഗ് ബജറ്റ് ചിത്രമാവുമ്പോള്‍ നായകനായി ഒരു സൂപ്പര്‍സ്റ്റാര്‍ തന്നെ വേണ്ടിയിരുന്നില്ലേയെന്ന് തന്‍റെ ചില സുഹൃത്തുക്കള്‍ പോലും ചോദിച്ചിരുന്നതായി വിനയന്‍ പറഞ്ഞിരുന്നു. "ചില സുഹൃത്തുക്കൾ എന്നോട് ചോദിക്കാറുണ്ട് ഇത്രയും പണം മുടക്കുമ്പോൾ നായകൻ ഒരു സൂപ്പർസ്റ്റാർ വേണ്ടിയിരുന്നില്ലേ എന്ന്.. അവരോട് എനിക്കു പറയാനുള്ളത് ഇന്ത്യൻ സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ ബ്ലോക്ബസ്റ്ററായ ബാഹുബലിയിൽ പോലും സൂപ്പർസ്റ്റാർ ആയിരുന്നില്ല നായകൻ... പ്രഭാസ് എന്ന നടൻ ആ ചിത്രത്തിനു ശേഷമാണ് സൂപ്പർസ്റ്റാർ ആയത്. താരമൂല്യത്തിന്‍റെ പേരിൽ മുൻകൂർ ചില ലിമിറ്റഡ് ബിസ്സിനസ്സ് നടക്കുമെന്നല്ലാതെ സിനിമ അത്യാകർഷകം ആയാലേ വമ്പൻ ബിസ്സിനസ്സും പേരും ലഭിക്കൂ", വിനയന്‍ മുന്‍പ് പറഞ്ഞിരുന്നു. 

ശ്രീ ഗോകുലം മൂവീസിന്‍റെ ബാനറില്‍ ഗോകുലം ഗോപാലനാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. കയാദു ലോഹര്‍ ആണ് ചിത്രത്തിലെ നായിക. ചെമ്പന്‍ വിനോദ്, അനൂപ് മേനോന്‍, സുധീര്‍ കരമന, സുരേഷ് കൃഷ്ണ, ഇന്ദ്രന്‍സ്, രാഘവന്‍, അലന്‍സിയര്‍, ശ്രീജിത്ത് രവി, അശ്വിന്‍, ജോണി ആന്‍റണി, ജാഫര്‍ ഇടുക്കി, സെന്തില്‍ കൃഷ്ണ, മണിക്കുട്ടന്‍, വിഷ്ണു വിനയ്, സ്ഫടികം ജോര്‍ജ്, സുനില്‍ സുഖദ, ചേര്‍ത്തല ജയന്‍, കൃഷ്ണ, ബിജു പപ്പന്‍, ബൈജു എഴുപുന്ന, ഗോകുലന്‍, വി കെ ബൈജു, ആദിനാട് ശശി, മനുരാജ്, രാജ് ജോസ്, പൂജപ്പുര രാധാകൃഷ്ണന്‍, സലിം ബാവ, ജയകുമാര്‍, നസീര്‍ സംക്രാന്തി, കൂട്ടിക്കല്‍ ജയചന്ദ്രന്‍, പത്മകുമാര്‍, മുന്‍ഷി രഞ്ജിത്ത്, ഹരീഷ് പെന്‍ഗന്‍, ഉണ്ണി നായര്‍, ബിട്ടു തോമസ്, മധു പുന്നപ്ര, മീന, ദുര്‍ഗ കൃഷ്ണ, സുരഭി സന്തോഷ്, ശരണ്യ ആനന്ദ് തുടങ്ങിയവര്‍ക്കൊപ്പം പതിനഞ്ചോളം വിദേശ അഭിനേതാക്കളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.