"വീടുകളെല്ലാം ജനാലകൾ പോലും തുറക്കാതെ അടച്ചിട്ടിട്ട് ദിവസങ്ങൾ പലതായി"

ബ്രഹ്‍മപുരം മാലിന്യ സംസ്കരണ പ്ലാന്‍റിലെ തീപിടുത്തം മൂലം കൊച്ചി നഗരവാസികള്‍ നേരിടുത്ത ബുദ്ധിമുട്ടുകളില്‍ പ്രതികരണവുമായി സംവിധായകന്‍ വിനയന്‍. മാലിന്യ സംസ്കരണ പ്ലാന്‍റിലെ പ്ലാസ്റ്റിക് മാലിന്യം കതിച്ചവര്‍ ജനത്തെ കൊല്ലാക്കാല ചെയ്യുന്നതിന് തുല്യമായ ക്രിമിനല്‍ പ്രവര്‍ത്തിയാണ് ചെയ്തിരിക്കുന്നതെന്ന് അദ്ദേഹം പറയുന്നു. 

വിനയന്‍റെ ഫേസ്ബുക്ക് കുറിപ്പ്

ഇത് കൊല്ലാക്കൊലയാണ്... ബ്രഹ്‍മപുരത്തെ പ്ലാസ്റ്റിക് മാലിന്യമല കത്തിച്ചവർ ജനങ്ങളേ കൊല്ലാക്കൊല ചെയ്യുന്നതിനു തുല്യമായ ക്രിമിനൽ പ്രവർത്തിയാണ് നടത്തിയിരിക്കുന്നത്. പാലാരിവട്ടത്തു താമസിക്കുന്ന ഒരു വ്യക്തി എന്ന നിലയിൽ ഈ വിഷപ്പുകയുടെ ഏറ്റവും ദുരന്തപുർണ്ണമായ അവസ്ഥ കണ്ടിട്ട് ഭയന്നു പോകുന്നു. വീടുകളെല്ലാം ജനാലകൾ പോലും തുറക്കാതെ അടച്ചിട്ടിട്ട് ദിവസങ്ങൾ പലതായി. എന്നിട്ടുപോലും ശ്വാസകോശത്തിന് അസുഖമുള്ളവർ പലരും ചികിത്സക്കായി ആശുപത്രികളിൽ അഭയം തേടിയിരിക്കുന്നു. എസി ഷോറും ഇല്ലാത്ത സാധാരണ കച്ചവടക്കാർക്കൊക്കെ ശാരീരിക അസ്വസ്ഥത അനുഭവപ്പെടുന്നു. പുറം ജോലി ചെയ്യുന്ന കൂലിപ്പണിക്കാരായ തൊഴിലാളികൾ പലരും ചുമയും ശ്വാസംമുട്ടലും മൂലം വിഷമിക്കുന്നു. സ്ലോ പോയിസൺ പോലെ മനുഷ്യന്‍റെ ജീവനെതന്നെ ഇല്ലാതാക്കാൻ പോന്ന ഈ വിപത്തിൻെറ ആഴം അധികാരികൾ വേണ്ടവിധം മനസ്സിലാക്കിയിട്ടുണ്ടോ എന്നറിയില്ല. ഈ വിഷമല കത്തിയതിനു പിന്നിൽ ഏതെങ്കിലും വ്യക്തികൾക്കു പങ്കുണ്ടോ എന്നറിയാൻ പോലീസ് അന്വേഷണം നടക്കുന്നത്രേ. അങ്ങനുണ്ടെങ്കിൽ അവർക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി ശിക്ഷിക്കണം. ഇത്തരം സാമൂഹിക വിപത്ത് സൃഷ്ടിക്കുന്നവർക്കെതിരെ എല്ലാവരും പ്രതികരിക്കണം.

അതേസമയം ബ്രഹ്മപുരത്തെ തീയും പുകയും പൂർണമായി കെടുത്തുന്ന പ്രവർത്തികൾക്കായി മണ്ണുമാന്തി യന്ത്രങ്ങൾ പിടിച്ചെടുത്തു. ദുരന്തനിവാരണ നിയമപ്രകാരമുള്ള ജില്ലാ കലക്ടറുടെ ഉത്തരവിലാണ് നടപടി. രണ്ട് ദിവസം കൊണ്ട് പുക പൂർണമായും കെടുത്താനാകുമെന്ന് ജില്ലാ കലക്ടർ വ്യക്തമാക്കിയിരുന്നു. കൂടുതൽ മണ്ണുമാന്തി യന്ത്രങ്ങൾ എത്തിച്ച് നടപടി വേഗത്തിലാക്കുകയാണ് ലക്ഷ്യം.

ALSO READ : 'പഠാന്' ശേഷം ബോളിവുഡില്‍ അടുത്ത ഹിറ്റ്? പ്രിവ്യൂ ഷോകളില്‍ വന്‍ അഭിപ്രായം നേടി 'തൂ ഛൂട്ടീ മേം മക്കാര്‍'