മലയാള സിനിമ പ്രതിസന്ധികൾ നേരിടുന്നുണ്ടെങ്കിലും സിനിമയ്ക്ക് വേണ്ടി ചോരയും വിയർപ്പുമൊഴുക്കാൻ തയ്യാറായ ഒരുകൂട്ടം ആളുകൾക്കൊപ്പം ജോലി ചെയ്യുന്നതിൽ അഭിമാനമെന്നും വിനീത് പറഞ്ഞു.
ജൂഡ് ആന്റണി സംവിധാനം ചെയ്ത 2018 പ്രേക്ഷക പ്രശംസ നേടി പ്രദർശനം തുടരുകയാണ്. കേരളം ഒറ്റക്കെട്ടായി നേരിട്ട മഹാപ്രളയത്തിന്റെ കഥ വെളളിത്തിരയിൽ എത്തിയപ്പോൾ അത് പ്രേക്ഷകന്റെ ഉള്ള് നോവിച്ചു. കണ്ണുകളെ ഈറനണിയിച്ചു. സമൂഹത്തിന്റെ വിവിധ മേഖലകളിൽ ഉള്ള നിരവധി പേർ ചിത്രത്തിന് പ്രശംസയുമായി രംഗത്തെത്തുന്നുണ്ട്. ഈ അവസരത്തിൽ നടനും ഗായകനുമായ വിനീത് ശ്രീനിവാസൻ പങ്കുവച്ച പോസ്റ്റാണ് ശ്രദ്ധനേടുന്നത്.
സിനിമയുടെ ഷൂട്ടിങ്ങിനിടെ ചില ദൃശ്യങ്ങൾ കണ്ടിരുന്നെങ്കിലും തിയറ്ററിൽ സിനിമ കണ്ടത് വലിയൊരു അനുഭവമായിരുന്നു എന്ന് വിനീത് പറയുന്നു. വിവിധ മേഖലകളിൽ മലയാള സിനിമ പ്രതിസന്ധികൾ നേരിടുന്നുണ്ടെങ്കിലും സിനിമയ്ക്ക് വേണ്ടി ചോരയും വിയർപ്പുമൊഴുക്കാൻ തയ്യാറായ ഒരുകൂട്ടം ആളുകൾക്കൊപ്പം ജോലി ചെയ്യുന്നതിൽ അഭിമാനമെന്നും വിനീത് പറഞ്ഞു.
‘‘ഒടുവിൽ ഇന്നലെ 2018 കണ്ടു. ഈ സിനിമയുടെ ചെറിയൊരു ഭാഗമാണെങ്കിലും ഷൂട്ടിങ്ങിനിടെ ചില ഭാഗങ്ങൾ കണ്ടിട്ടുണ്ടെങ്കിലും ‘2018’ തിയറ്ററിൽ കാണ്ടത് വലിയൊരു അനുഭവമായിരുന്നു! ജൂഡ് ഉൾപ്പടെ ഈ സിനിമ ചെയ്തരിൽ പലരും എന്റെ സുഹൃത്തുക്കളാണ്. എങ്കിലും ഇത്തരത്തിലുള്ള ബഹുമുഖ പ്രതിഭകളോടൊപ്പം നിൽക്കുന്നത് തന്നെ വലിയ അംഗീകാരമായി കാണുന്നു. അത് പറയാതെ വയ്യ. ഈ കാലഘട്ടത്തിലെ മലയാള സിനിമയുടെ ഭാഗമാകാൻ കഴിഞ്ഞത് ഭാഗ്യമാണ്. ഉറപ്പായും മലയാള സിനിമാ മേഖല നിരവധി പ്രശ്‌നങ്ങൾ അഭിമുഖീകരിക്കുന്നുണ്ട്. പക്ഷേ നമ്മളെല്ലാം ഉൾപ്പെടുന്ന ഈ മനോഹര കലാരൂപത്തിന് വേണ്ടി തങ്ങളുടെ രക്തവും വിയർപ്പും നൽകാൻ തയ്യാറായി ആയിരക്കണക്കിന് ആളുകൾ ഉണ്ടെന്നുള്ളതിൽ അഭിമാനിക്കുന്നു’’, എന്നാണ് വിനീത് കുറിച്ചത്.
വിനീത് ശ്രീനിവാസന്റെ പോസ്റ്റ് ജൂഡ് ആന്റി പങ്കുവച്ചിട്ടുണ്ട്. ‘‘ഞാൻ കാത്തിരിക്കുന്ന വിളി, എന്റെ സഹോദരൻ എന്റെ ഗുരു, ബഹുമുഖ പ്രതിഭയായ അസാധാരണ മനുഷ്യൻ’’, എന്നാണ് പോസ്റ്റിന് ജൂഡ് നൽകിയ കുറിപ്പ്. അതേസമയം ബോക്സ് ഓഫീസിൽ മിന്നും പ്രകടനം കാഴ്ചവയ്ക്കുക ആണ് 2018. കഴിഞ്ഞ ദിവസം വരെയുള്ള റിപ്പോർട്ട് പ്രകാരം 90 കോടിയോളം ചിത്രം നേടിയെന്നാണ് ട്രേഡ് അനലിസ്റ്റുകൾ പറയുന്നത്.

