Asianet News MalayalamAsianet News Malayalam

'അരുണ്‍ നീലകണ്ഠന്‍റെ 17 മുതല്‍ 30 വയസ് വരെ'; 'ഹൃദയ'ത്തെക്കുറിച്ച് വിനീത് ശ്രീനിവാസന്‍

ചിത്രം ഈ വെള്ളിയാഴ്ച തിയറ്ററുകളില്‍

vineeth sreenivasan about hridayam pranav mohanlal audio launch
Author
Thiruvananthapuram, First Published Jan 17, 2022, 10:13 PM IST

പ്രണവ് മോഹന്‍ലാല്‍ (Pranav Mohanlal) നായകനാവുന്ന തന്‍റെ പുതിയ ചിത്രം 'ഹൃദയ'ത്തെ (Hridayam) ഒരു മ്യൂസിക്കല്‍ ലവ് സ്റ്റോറി എന്ന് പൂര്‍ണ്ണമായും വിളിക്കാന്‍ പറ്റില്ലെന്ന് വിനീത് ശ്രീനിവാസന്‍ (Vineeth Sreenivasan). മറിച്ച് പ്രണയം എന്നത് ചിത്രത്തിന്‍റെ ഒരു ഭാഗം മാത്രമാണെന്നും വിനീത് പറഞ്ഞു. ചിത്രത്തിന്‍റെ ഓഡിയോ ലോഞ്ചില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു വിനീത് ശ്രീനിവാസന്‍. അരുണ്‍ നീലകണ്ഠന്‍ എന്നാണ് ചിത്രത്തില്‍ പ്രണവ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര്. ഈ കഥാപാത്രത്തിന്‍റെ വ്യത്യസ്‍ത ജീവിതഘട്ടങ്ങളാണ് 'ഹൃദയ'മെന്നും വിനീത് പറഞ്ഞു.

"പൂര്‍ണ്ണമായും ഒരു പ്രണയകഥ എന്ന് പറയാന്‍ പറ്റില്ല ഈ സിനിമ. മ്യൂസിക്കല്‍ ആണ്. പ്രണയം ഇതിന്‍റെ ഒരു ഭാഗമാണ്. അരുണ്‍ നീലകണ്ഠന്‍ എന്ന കഥാപാത്രം കടന്നുപോവുന്ന 17 വയസ് മുതല്‍ 30 വയസ് വരെയുള്ള, അയാള്‍ അനുഭവിക്കുന്ന ഉയര്‍ച്ചതാഴ്ചകള്‍ മുഴുവന്‍ സിനിമയില്‍ കമ്യൂണിക്കേറ്റ് ചെയ്യാന്‍ ശ്രമിച്ചിട്ടുണ്ട്. അതില്‍ അയാളുടെ സൗഹൃദം, പ്രണയം, വൈകാരികമായ ഉയര്‍ച്ചതാഴ്ചകള്‍, ഒരു പ്രായത്തില്‍ വ്യക്തി നേരിടുന്ന ജോലി സംബന്ധമായ അനിശ്ചിതത്വങ്ങള്‍ തുടങ്ങി അയാള്‍ ഒരു ഫാമിലി മാന്‍ ആവുന്ന ഘട്ടം വരെയാണ് ഞങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ചിട്ടുള്ളത്", വിനീത് പറഞ്ഞു.

വലിയ ബോക്സ് ഓഫീസ് സാധ്യതയുള്ള ഒരു ചിത്രം കൊവിഡ് കാലത്തുതന്നെ പുറത്തിറക്കാനുള്ള തീരുമാനത്തെക്കുറിച്ചുള്ള ചോദ്യത്തിന് വിനീതിന്‍റെ പ്രതികരണം ഇങ്ങനെ- "കൊവിഡ് ഇനിയൊരു രണ്ട്, രണ്ടര കൊല്ലം നമുക്കൊപ്പം തന്നെയുണ്ടാവും. അത് ഒരു യാഥാര്‍ഥ്യമാണ്. നമുക്ക് കൊവിഡിനെ മാറ്റിനിര്‍ത്തി ഇനി മുന്നോട്ടുപോവാന്‍ പറ്റില്ല. തിയറ്റര്‍ ഒരു സുരക്ഷിത സ്ഥലമായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്. കഴിഞ്ഞ രണ്ട് തരംഗങ്ങളുടെ സമയത്തും തിയറ്ററില്‍ നിന്ന് ഒരു കേസ് പോലും റിപ്പോര്‍ട്ട് ചെയ്‍തിട്ടില്ല. വ്യക്തിപരമായി ഞാന്‍ തിയറ്ററില്‍ പോയി സിനിമ കാണുന്ന ആളാണ്. പിന്നെ വിശാഖിന് (നിര്‍മ്മാതാവ്) തിയറ്ററുകാരില്‍ നിന്നും വരുന്ന ഫോണ്‍വിളികള്‍ ഞാന്‍ കാണാറുള്ളതാണ്. സിനിമകള്‍ റിലീസ് മാറ്റുമ്പോള്‍ അവരും പ്രതിസന്ധിയിലാണ്. അവന്‍ ഒരു തിയറ്റര്‍ ഉടമ എന്ന നിലയില്‍ അവരുടെ കൂടെ നില്‍ക്കണം എന്ന തീരുമാനം എടുത്തതാണ്. ലാഭം എന്നതിനേക്കാള്‍ നമ്മുടെ സിനിമ ഈ സമയത്ത് ആളുകളിലേക്ക് എത്തിക്കുക എന്നതാണ് വിശാഖ് തീരുമാനിച്ചിട്ടുള്ളത്", വിനീത് ശ്രീനിവാസന്‍ പറഞ്ഞു. ഈ വെള്ളിയാഴ്ചയാണ് ചിത്രത്തിന്‍റെ റിലീസ്.

Follow Us:
Download App:
  • android
  • ios