ദളപതി വിജയ് നായകനാകുന്ന ചിത്രം തനിക്ക് സ്വീകരിക്കാനായില്ല എന്ന് വിനീത് ശ്രീനിവാസൻ. 

ദളപതി വിജയ് നായകനാകുന്ന ചിത്രം ദ ഗോട്ട് ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ്. ദ ഗോട്ടിലേക്ക് ക്ഷണം ലഭിച്ചിരുന്നുവെന്ന് സംവിധായകനും നടനുമായി വിനീത് ശ്രീനിവാസൻ വെളിപ്പെടുത്തിയിരിക്കുകയാണ്. എന്നാല്‍ ആ സമയത്തെ തിരക്കുകളെ തുടര്‍ന്ന് ക്ഷണം സ്വീകരിക്കാനായില്ലെന്നും വിനീത് ശ്രീനിവാസൻ പറഞ്ഞത് ചര്‍ച്ചയാകുകയാണ്. പ്രണവ് മോഹൻലാല്‍ നായകനാകുന്ന വര്‍ഷങ്ങള്‍ക്കു ശേഷത്തിന്റെ തിരക്കുകളിലായതിനാലാണ് ദളപതി വിജയ്‍യുടെ പുതിയ ചിത്രം നിരസിച്ചതെന്നും വിനീത് ശ്രീനിവാസൻ വ്യക്തമാക്കുന്നു.

സംവിധായകൻ വെങ്കട് സാര്‍ ഒരിക്കല്‍ വിളിച്ചിരുന്നു എന്ന് വിനീത് ശ്രീനിവാസൻ വ്യക്തമാക്കുന്നു. എനിക്ക് ഇഷ്‍ടപ്പെട്ട ഒരു തമിഴ് സംവിധായകനാണ് വെങ്കട് പ്രഭു. ഒക്ടോബറില്‍ ദളപതി വിജയ്‍യുടെ ചിത്രം തുടങ്ങാൻ ആലോചിച്ചിരുന്നു. ആ സമയമാണ് എന്റെ വര്‍ഷങ്ങള്‍ക്കു ശേഷവും ചിത്രീകരിക്കുന്നത് എന്ന് വെങ്കട് പ്രഭുവിനോട് പറഞ്ഞതായി വിനീത് ശ്രീനിവാസൻ വെളിപ്പെടുത്തി.

പ്രണവ് മോഹൻലാലിനും നിവിനും ധ്യാനിനുമൊപ്പം ചിത്രത്തില്‍ കല്യാണി പ്രിയദര്‍ശൻ, ബേസില്‍ ജോസഫ്, നീരജ് മാധവ്, നിത പിള്ള, അര്‍ജുൻ ലാല്‍, നിഖില്‍ നായര്‍, അജു വര്‍ഗീസ് എന്നിവരും വേഷമിടുന്നു. ചിത്രത്തില്‍ വിനീത് ശ്രീനിവാസനുമുണ്ട്. വിനീത് ശ്രീനിവാസന്റെ ഒരു ചിത്രത്തില്‍ ആദ്യമായി പ്രണവ് മോഹൻലാല്‍ നായകനായത് ഹൃദയത്തിലായിരുന്നു. ഹൃദയം എന്ന ഹിറ്റ് ചിത്രത്തിന് ശേഷം വിനീത് ശ്രീനിവാസനും പ്രണവ് മോഹൻലാലും ഒന്നിക്കുമ്പോള്‍ പ്രേക്ഷകര്‍ സ്വാഭാവികമായി വലിയ പ്രതീക്ഷകളിലാണ്. മലയാളക്കരയില്‍ വലിയ ചര്‍ച്ചയായിരുന്നു ഹൃദയം. പ്രണവ് മോഹൻലാലിന്റെ വേറിട്ട ഭാവങ്ങളായിരുന്നു ചിത്രത്തില്‍ കണ്ടത് എന്നായിരുന്നു മിക്കവരുടെയും അഭിപ്രായങ്ങള്‍. അതുകൊണ്ട് പ്രണവിന്റെയും വിനീത് ശ്രീനിവാസന്റെയും ചിത്രം പ്രഖ്യാപിച്ചപ്പോഴേ വലിയ ചര്‍ച്ചയായിരുന്നു.

സംവിധായകൻ വെങ്കട് പ്രഭുവിന്റെ പുതിയ ചിത്രത്തിനായി ഡി ഏജിംഗ് സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ദളപതി വിജയ്‍യെ ചെറുപ്പമാക്കുക എന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. കെ ചന്ദ്രുവും ഏഴിലരശ് ഗുണശേഖരനുമാണ് തിരക്കഥ എഴുതുന്നത്. ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് സിദ്ധാര്‍ഥയാണ്. യുവൻ ശങ്കര്‍ രാജയുടെ സംഗീതത്തിലുള്ള ദ ഗോട്ടിന്റെ അപ്‍ഡേറ്റിനായി അധികം കാത്തിരിക്കേണ്ടേന്ന് വെങ്കട് പ്രഭു വ്യക്തമാക്കിയിട്ടുണ്ട്.

Read More: ആടുജീവിതത്തിന്റ കുതിപ്പ് എങ്ങോട്ട്?, ആദ്യ തിങ്കളാഴ്‍ച സര്‍വകാല റെക്കോര്‍ഡ്, കേരളത്തില്‍ നേടാനായത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക