ധ്യാൻ ശ്രീനിവാസൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ലൌ ആക്ഷൻ ഡ്രാമ. ചിത്രം പ്രദര്‍ശനത്തിന് ഒരുങ്ങുകയാണ്. കോമഡി ആക്ഷൻ റൊമാന്റിക് എന്റര്‍ടെയ്‍നറായിരിക്കും ചിത്രമെന്നാണ് ട്രെയിലറിലെ സൂചന. നിവിനും നയൻതാരയുമാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. ചിത്രത്തിന്റെ തിരക്കഥ എങ്ങനെയായിരിക്കും. സിനിമ എങ്ങനെയുണ്ടായിരിക്കും എന്നൊക്കെ പറയുകയാണ് ധ്യാനിന്റെ സഹോദരനും തിരക്കഥാകൃത്തും സംവിധായകനുമായ വിനീത് ശ്രീനിവാസൻ. വനിതയ്‍ക്ക് നല്‍കിയ അഭിമുഖത്തിലാണ് വിനീത് ശ്രീനിവാസൻ ഇക്കാര്യം പറയുന്നത്.

സുഹൃത്തുക്കളൊക്കെ ലൌ ആക്ഷൻ ഡ്രാമയുടെ തിരക്കഥ വായിച്ചിരുന്നു. നയൻതാരെ കണ്ട് കഥ പറഞ്ഞ്, അവര്‍ സമ്മതിക്കുകയും ചെയ്‍തു. അപ്പോഴൊന്നും ഞാൻ കണ്ടില്ല. സിനിമ തുടങ്ങുന്നതിനു മുമ്പ് അജു പറഞ്ഞു, നീ അതൊന്നു കേള്‍ക്കണം. അച്ഛൻ സിനിമയില്‍ അഭിനയിച്ചെങ്കിലും ഇപ്പോഴും ഇതിന്റെ കഥ മുഴുവനായി അറിയില്ല. കഥ കേട്ടുകഴിഞ്ഞ് ഞാൻ ധ്യാനിനോട് പറഞ്ഞു. നീ എന്നോട് പറഞ്ഞതുപോലെയാണ് ഇത് സിനിമയാക്കുന്നതെങ്കില്‍ ഗംഭീരമാകും.  ഞാൻ പ്രൊഡ്യൂസ് ചെയ്‍ത അന്നത്തെ ആ ഷോര്‍ട് ഫിലിം കണ്ടപ്പോഴും ക്യാമറയ്‍ക്ക് പിന്നില്‍ നില്‍ക്കാനാണ് ധ്യാനിനിഷ്‍ടം എന്ന് തോന്നിയിട്ടുണ്ട്- വിനീത് ശ്രീനിവാസൻ പറയുന്നു.