അഞ്ച് ഭാഷകളില്‍ പുറത്തെത്താനിരിക്കുന്ന 777 ചാര്‍ലിയുടെ മലയാളം ടീസറിലെ ഗാനം വിനീതിന്‍റെ ശബ്‍ദത്തിലാണ്

'അവന്‍ ശ്രീമന്നാരായണ'യ്ക്കു ശേഷം രക്ഷിത് ഷെട്ടി നായകനാവുന്ന കന്നഡ ചിത്രമാണ് '777 ചാര്‍ലി'. കിരണ്‍രാജ് കെ രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രം കോമഡി അഡ്വഞ്ചര്‍ ഗണത്തില്‍ പെടുന്ന ചിത്രമാണ്. ധര്‍മ്മ എന്ന കഥാപാത്രത്തെയാണ് രക്ഷിത് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ഏകാന്തതയില്‍ അകപ്പെടുന്ന നായകനും ഒരു നായയും തമ്മിലുള്ള ഹൃദയബന്ധത്തില്‍ ഊന്നിയാണ് ചിത്രം. ഇപ്പോഴിതാ വിനീത് ശ്രീനിവാസനും ചിത്രത്തിന്‍റെ ഭാഗമാവുന്നു എന്നതാണ് പുതിയ വിവരം.

അഞ്ച് ഭാഷകളില്‍ പുറത്തെത്താനിരിക്കുന്ന 777 ചാര്‍ലിയുടെ മലയാളം ടീസറിലെ ഗാനം വിനീതിന്‍റെ ശബ്‍ദത്തിലാണ്. ചിത്രത്തിനുവേണ്ടി മറ്റൊരു ഗാനവും വിനീത് പാടിയിട്ടുണ്ട്. നോബിന്‍ പോള്‍ സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തില്‍ നായികയാവുന്നത് സംഗീത ശൃംഗേരിയാണ്. ഛായാഗ്രഹണം അരവിന്ദ് എസ് കശ്യപ്. എഡിറ്റിംഗ് പ്രതീക് ഷെട്ടി, അഭിജിത്ത് മഹേഷ്. 

കന്നഡ, ഹിന്ദി പതിപ്പുകളിലെ ഗാനം ആലപിച്ചിരിക്കുന്നത് ശുഭം റോയ് ആണ്. തമിഴ്, തെലുങ്ക് പതിപ്പുകളിലെ ആലാപനം കാര്‍ത്തിക്കും. ടീസര്‍ ഈ മാസം ആറിന് റിലീസ് ചെയ്യപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.