റിലീസ് സമയത്ത് വന്‍ ബോക്സ് ഓഫീസ് വിജയം നേടിയ ചിത്രം
റീ റിലീസുകള്‍ ഇന്ന് എല്ലാ ഭാഷാ സിനിമകളിലും സംഭവിക്കാറുണ്ട്. പഴയ ജനപ്രിയ ചിത്രങ്ങള്‍ ഒരിക്കല്‍ക്കൂടി ബിഗ് സ്ക്രീനില്‍ കണ്ട് ആസ്വദിക്കാനുള്ള അവസരമാണ് റീ റിലീസുകള്‍ സിനിമാപ്രേമികള്‍ക്ക് നല്‍കുന്നത്. എല്ലാ ഭാഷകളില്‍ നിന്നും റീ റിലീസുകള്‍ ഉണ്ടാവുന്നുണ്ടെങ്കിലും ഏറ്റവുമധികം എത്തുന്നത് തമിഴില്‍ നിന്നാണ്. തമിഴ്നാട്ടില്‍ മാത്രമല്ല, തമിഴ് സിനിമയ്ക്ക് മാര്‍ക്കറ്റ് ഉള്ള ഇടങ്ങളിലെല്ലാം തമിഴ് റീ റിലീസുകളും എത്താറുണ്ട്. ഗൗതം വസുദേവ് മേനോന്‍ ചിത്രം വാരണം ആയിരത്തിന്‍റെ റീ റിലീസ് അടുത്തിടെ വാര്‍ത്തയായിരുന്നു. ഫെബ്രുവരിയില്‍ കര്‍ണാടകത്തിലാണ് ചിത്രം റീ റിലീസ് ചെയ്യപ്പെട്ടത്. മികച്ച കളക്ഷനും അവിടെ ലഭിച്ചിരുന്നു. ഇപ്പോഴിതാ കേരളത്തിലും ഒരു തമിഴ് ചിത്രം റീ റിലീസിന് ഒരുങ്ങുകയാണ്.
ഗൗതം വസുദേവ് മേനോന്‍ തന്നെയാണ് ഈ ചിത്രത്തിന്‍റെയും സംവിധാനം. സംവിധായകന്‍ തന്നെ രചനയും നിര്‍വ്വഹിച്ച് 2010 ല്‍ പുറത്തെത്തിയ വിണ്ണൈതാണ്ടി വരുവായാ എന്ന ചിത്രമാണ് കേരളത്തില്‍ റീ റിലീസിന് ഒരുങ്ങുന്നത്. മ്യൂസിക്കല്‍ റൊമാന്‍റിക് ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രത്തിന്‍റെ റീ റിലീസ് മാര്‍ച്ച് 15 ന് ആണ്.
റിലീസ് സമയത്ത് വന്‍ ബോക്സ് ഓഫീസ് വിജയം നേടിയ ഈ ചിത്രത്തിന് മലയാളികള്‍ക്കിടയിലും ഏറെ ആരാധകരുണ്ട്. ചിമ്പുവും തൃഷയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്ന ചിത്രത്തിലെ ഗാനങ്ങളും ഏറെ ശ്രദ്ധ നേടിയിരുന്നു. എ ആര്‍ റഹ്‍മാന്‍ ആണ് ചിത്രത്തിന്‍റെ സംഗീത സംവിധാനം. വിടിവി ഗണേഷ്, ബാബു ആന്‍റണി, കിറ്റി, ഉമ പത്മനാഭന്‍, രഞ്ജിത്ത് വേലായുധന്‍, ലക്ഷ്മി രാമകൃഷ്ണന്‍, തൃഷ അലക്സ്, സുബ്ബലക്ഷ്മി, കെ എസ് രവികുമാര്‍, കോട്ടയം പ്രദീപ് തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
