"സുരേഷ് ഗോപിയെ അനുകരിക്കുമ്പോൾ ആരും എന്‍റെ മുഖത്തേക്ക് നോക്കരുത് ഡയലോഗിൽ മാത്രമേ ശ്രദ്ധിക്കാവൂ എന്ന് പറഞ്ഞപ്പോൾ സദസ് മുഴുവൻ ചിരിച്ചു കൈയ്യടിച്ചു"

നടനും ടെലിവിഷനില്‍ വലിയ ശ്രദ്ധ നേടിയ കോമഡി താരവുമായ കൊല്ലം സുധിയുടെ അകാലവിയോഗത്തിന്‍റെ ഞെട്ടലിലാണ് സുഹൃത്തുക്കളും അദ്ദേഹത്തെ സ്നേഹിക്കുന്നവരും. വടകരയിൽ നിന്നും പ്രോഗ്രാം കഴിഞ്ഞ് മടങ്ങിയ സംഘം സഞ്ചരിച്ചിരുന്ന കാർ എതിരെ വന്ന പിക്കപ്പുമായി കൂട്ടിയിടിച്ചായിരുന്നു മരണത്തിന് ഇടയാക്കിയ അപകടം. ഇപ്പോഴിതാ സുധിയെ അനുസ്മരിക്കുകയാണ് സുഹൃത്തും കോമഡി കലാകാരനുമായ വിനോദ് കോവൂര്‍. അവസാന പ്രകടനത്തിലും കൈയടി വാങ്ങിയാണ് അദ്ദേഹം യാത്രയായതെന്ന് പറയുന്നു വിനോദ് കോവൂര്‍.

വിനോദ് കോവൂരിന്‍റെ കുറിപ്പ്

എടാ സുധീ വിശ്വസിക്കാനാവുന്നില്ല. ഇന്നലെ രാത്രി വടകര ക്രാഫ്റ്റ് വില്ലേജിൽ ഫ്ലവേഴ്സും 24 ചാനലും ഒരുക്കിയ ഷോയിൽ പങ്കെടുത്ത് പത്ത് മണിയോടെ വടകരയിൽ നിന്ന് യാത്ര പുറപ്പെട്ടതാണ് സുധിയും ബിനുവും. അത് മരണത്തിലേക്കുള്ള യാത്രയായിരുന്നോ സുധീ... ഇന്നലെ ഇത്തിരി നേരം കൊണ്ട് ഒത്തിരി തമാശകൾ പറഞ്ഞ് കാണികളെയെല്ലാം ചിരിപ്പിച്ച് ചിന്തിപ്പിച്ച് സന്തോഷത്തോടെ തന്റെ ഫോട്ടോ പതിപ്പിച്ച ഉപഹാരവും വാങ്ങി ബിനു അടിമാലിക്കൊപ്പം യാത്രപുറപ്പെട്ടതാണ്. നടൻ ജഗദീഷിനെയും സുരേഷ് ഗോപിയെയും അനുകരിച്ചാണ് ഇന്നലെ സുധി കൈയ്യടി വാങ്ങിയത്. സുരേഷ് ഗോപിയെ അനുകരിക്കുമ്പോൾ ആരും എന്റെ മുഖത്തേക്ക് നോക്കരുത് ഡയലോഗിൽ മാത്രമേ ശ്രദ്ധിക്കാവു എന്ന് പറഞ്ഞപ്പോൾ സദസ് മുഴുവൻ ചിരിച്ചു കൈയ്യടിച്ചു. ഏറ്റവും മുന്നിലെ ചെയറിൽ ഇരുന്ന് ഞാനും ഗോകുലം ഗോപാലൻ ചേട്ടനും ശ്രീകണ്ഠൻ നായരുമടക്കം ഒത്തിരി പേർ സുധിയുടെ സ്റ്റേജിലെ അവസാന പ്രകടനം കാണുകയായിരുന്നു. സ്റ്റാർ മാജിക്ക് ഷോയിലൂടെ മലയാളികളുടെ പ്രിയ താരമായി മാറിക്കൊണ്ടിരിക്കുമ്പോഴാണ് ഈ ദുർവിധി അപകട രൂപത്തിൽ വന്നത്. പുലർച്ചെ നേരമായത് കൊണ്ട് വണ്ടി ഓടിച്ചയാൾ ഒന്ന് മയങ്ങി പോയതാവാം അപകടകാരണം എന്ന് അനുമാനിക്കാം. ബിനു അടിമാലിയാണ് സുധിയെ സ്റ്റേജിലേക്ക് സ്വാഗതം ചെയ്തത്. നീല ജൂബ്ബയുമിട്ട് സ്‌റ്റേജിലേക്ക് കൈകൂപ്പി ചിരിച്ച് കൊണ്ട് കയറി വന്നിട്ട് ആദ്യം പറഞ്ഞത്. ഈ ബിനു അടിമാലി എന്നെ എന്തിനാ ഇങ്ങോട്ട് വിളിച്ചതെന്നറിയോ. അവന് കൗണ്ടർ പറയണമെങ്കിൽ ഞാൻ വേണം. പിന്നീടങ്ങോട്ട് കൗണ്ടറുകൾ തന്നെയായിരുന്നു. വിധിയുടെ വൈപരീത്യം രംഗബോധമില്ലാത്ത കോമാളി വന്ന് സുധിയെ തട്ടി കൊണ്ട് പോയി. വല്ലാത്ത ഒരു പോക്കായി പോയി സുധീ..... തൃശൂർ വരെ കാറിൽ ഇരുന്ന് നിങ്ങൾ പറഞ്ഞ തമാശകൾ എന്തെല്ലാമായിരിക്കും. എല്ലാം തമാശക്കാരല്ലേ, ഒരു പാട് ചിരിച്ച് കാണും ഒടുവിൽ കരയാനായി. ആത്മാവിന് നിത്യ ശാന്തി കിട്ടാൻ പ്രാർത്ഥിക്കാം പ്രിയ കൂട്ടുകാരാ.....

ALSO READ : 'അനുരാഗ ഗാനം പോലെയില്‍ അവസരം ലഭിക്കാനുള്ള കാരണം'; പ്രിന്‍സ് പറയുന്നു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Odisha Train Accident | Asianet News Live | ഏഷ്യാനെറ്റ് ന്യൂസ് ലൈവ് | Kerala Live TV News