വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങളെ അവതരിപ്പിച്ച നാലു പതിറ്റാണ്ടുകളിലൂടെ തെന്നിന്ത്യന്‍ സിനിമാപ്രേമികളുടെ തന്നെ പ്രിയങ്കരിയായ മാറിയ ആളാണ് നടി ഉര്‍വ്വശി. വൈകാരികപ്രാധാന്യമുള്ള കഥാപാത്രങ്ങളും കോമഡിയും ഒരേപോലെ വഴങ്ങുന്ന നടിയെന്ന് എക്കാലവും വിലയിരുത്തപ്പെട്ട അഭിനേത്രി. സംസ്ഥാന, ദേശീയ പുരസ്കാരങ്ങളുള്‍പ്പെടെ എണ്ണമറ്റ അവാര്‍ഡുകള്‍. ഏറ്റവുമൊടുവില്‍ മലയാളത്തില്‍ അവതരിപ്പിച്ച 'വരനെ ആവശ്യമുണ്ട്' എന്ന ചിത്രത്തിലെ ഒരു രംഗത്തിലൂടെ ഉര്‍വ്വശി എന്ന സീനിയര്‍ അഭിനേത്രിയുടെ പ്രതിഭയെ വിലയിരുത്തുന്ന ഒരു കുറിപ്പ് ഫേസ്ബുക്കില്‍ വൈറല്‍ ആവുകയാണ്. കല്യാണി പ്രിയദര്‍ശനൊപ്പം ഉര്‍വ്വശി എത്തുന്ന, ചിത്രത്തിലെ ഒരു വൈകാരിക രംഗത്തെ പരിശോധിക്കുന്നത് മിഥുന്‍ വിജയകുമാരിയാണ്.

മിഥുന്‍ വിജയകുമാരിയുടെ കുറിപ്പ്

വിരലുകൾ അഭിനയിച്ചു, കണ്ണുകൾ അഭിനയിച്ചു എന്നൊക്കെ പറയുന്നത് ഇപ്പൊ ഒരു ട്രോൾ മെറ്റിരിയൽ ആയി മാറിയെങ്കിലും അപൂർവമായി ആ വാചകങ്ങൾ അതിന്റെ നിലവാരം കാത്തുസൂക്ഷിക്കുന്ന ചില സന്ദർഭങ്ങൾ ഉണ്ട്.

വരനെ ആവശ്യമുണ്ട് എന്ന സിനിമയിലെ ഈ സീനിന്റെ തുടക്കം നോക്കുക, നിക്കിയെ വരവേൽക്കുന്ന ഷേർലി വളരെ സൗമ്യയാണെങ്കികും പറയാൻ പോകുന്നത് നിക്കിയെ വേദനിപ്പിക്കുന്ന അതിനൊപ്പം താനും വേദനിക്കുന്ന ഒരു കാര്യമാണെന്ന് അവരുടെ ഭാവങ്ങളിൽ നിന്ന് വ്യക്തമാണ്.എബി വരാഞ്ഞതിലുള്ള നിക്കിയുടെ ജിജ്ഞാസയെ ആദ്യം വളരെ പതുക്കെ കാര്യം പറയുന്നുണ്ടെങ്കിലും വിഷയത്തിലേക്ക് എങ്ങനെ കൊണ്ടു വരും എന്ന സംശയത്തിൽ ഷേർലി ബാഗ് ഒക്കെ പരതുന്നുണ്ട്.പതുക്കെ സംസാരം തുടങ്ങുമ്പോൾ നിക്കിയുടെ മുഖത്ത് നോക്കാതെ നോട്ടം മാറ്റി മാറ്റി ധൈര്യം വീണ്ടെടുക്കാൻ ശ്രമിക്കുന്നുണ്ട്.ശേഷം സത്യം തറയിൽ നിന്നുള്ള നോട്ടം നിക്കിയുടെ കണ്ണുകളിലേക്ക് നട്ട് അവർ ആ അപ്രിയ സത്യം തുറന്നു പറഞ്ഞ് വേദനയുടെ താഴ് തുറക്കുന്നു.അതിനു ശേഷം ആ സത്യം accept ചെയ്യാൻ നിക്കിയ്ക്ക് സമയം കൊടുത്ത് ഷേർലി നിശ്ശബ്ദയാകുന്നു.എബിയുടെ ഡാഡ്ന് ഇഷ്ടമായിക്കാണില്ലേ എന്നുള്ള നിക്കിയുടെ അവസാന പിടച്ചിലിൽ അവളുടെ കൈ ചേർത്തു പിടിച്ച് ഷേർലി, തന്റെ വേദന സുഹൃത്തിനോടെന്നപോലെ നിക്കിയോട് തുറന്നു പറയുന്നു.ആ സമയവും അവരുടെ കൈകളും കണ്ണുകളും പരതുകയാണ്.തന്റെ മകൻ അവന്റെ അച്ഛനെപ്പോലെയാണ് എന്നു പറയുന്ന നിമിഷം അവർ വല്ലാതെ ചിതറിത്തെറിക്കുന്നു.ഒരുപക്ഷേ ഷേർലി നിക്കിയുടെ കൈപിടിച്ചത് നിക്കിയെ ആശ്വസിപ്പിക്കാൻ ആയിരിക്കില്ല, പകരം തന്റെ പ്രതീക്ഷകൾക്കൊപ്പം എത്താതെ നഷ്ടപ്പെട്ടു പോയ മകനെ എവിടെയോ നഷ്ടപ്പെട്ടുപോയി എന്ന വേദന ആരോടെങ്കിലും ഒന്ന് തുറന്നു പറഞ്ഞ് ആശ്വാസം കണ്ടെത്താനായിരിക്കും.അവിടെയൊക്കെയും കണ്ണുകൾ പരതി നടന്നിട്ടും, നീ അങ്ങോട്ട് വരണ്ട എന്ന് ഷേർലി നിക്കിയുടെ കണ്ണിൽ നോക്കി ദൃഢമായി തന്നെയാണ് പറയുന്നത്.തന്റെ ജീവിതത്തിന്റെ ആവർത്തനം ഇനി ഉണ്ടാകണ്ട എന്നോ, ഒരുപക്ഷേ നിന്നെ എബി അർഹിക്കുന്നില്ല എന്നോ ആയിരിക്കാം അതിന്റെ അർത്ഥം.

 

മകളെപ്പോലെ\സുഹൃത്തിനെപ്പോലെ\മരുമകളെപ്പോലെ കണ്ട ഒരിഷ്ടത്തെ വേദനിപ്പിക്കാതിരിക്കാൻ ഒരു ചിരി കൂടി ഷേർലി അതിലേക്ക് ഇടുന്നു.ഒരേസമയം മകനെയും മരുമകളെയും നഷ്ടപ്പെട്ട വേദനയിൽ അറിയാതെ കണ്പോളകളുടെ വിലക്ക് ലംഖിച്ച് കണ്ണീർ ഊർന്നു വീഴുന്നുണ്ട്.ഒടുവിൽ തന്നോട് യാത്ര പറഞ്ഞ് പോകാൻ ഒരുങ്ങുന്ന നിക്കിയ്ക്ക് കുറച്ചുനേരം കൂട്ടു നിൽക്കാനും, വിഷമിച്ചു നിൽക്കുന്ന ഹോട്ടൽ വെയിറ്റർക്ക് ആശ്വാസമാകാനും അവർ തന്റെ വേദനയ്ക്ക് കടിഞ്ഞാണിട്ടു ഒരു കള്ളം പറഞ്ഞ് നിക്കിയെ തടുക്കുന്നു.അവസാനം പറഞ്ഞ ആ കള്ളത്തെ ഒരു ചെരുപ്പുകടയിൽ ഉപേക്ഷിച്ച് അവർ യാത്ര പറയുമ്പോൾ കെട്ടിപ്പിടിച്ചതിനു ശേഷം ഓട്ടോയിൽ കയറിയ ഷേർലി തിരിഞ്ഞു നോക്കാതെ കൈ പുറത്തേക്കിട്ട് യാത്ര പറയുന്നു.അത്രമേൽ പ്രിയപ്പെട്ട, സ്വന്തമെന്നു കരുതിയ ഒന്നിനെ ഒറ്റയ്ക്കാക്കി പോകുന്ന നൊമ്പരം, അവ്യക്തമായ ഷേർലിയുടെ മുഖത്തേക്കാൾ ഉപരി ആ കൈവിരലുകളിൽ തെളിയുന്നുണ്ട്.എനിക്കുറപ്പാണ് നീങ്ങിമറയുന്ന ആ ഓട്ടോയ്ക്കുള്ളിൽ ഷേർലി കരയുകയായിരിക്കാം.നഷ്ടപ്പെട്ടതിന്റെ, തോറ്റുപോയതിന്റെ, ഒറ്റയ്ക്കായിപോയതിന്റെ ഒക്കെ വേദനകൾ ഒഴുകിയിറങ്ങുമ്പോൾ, ചീറിപ്പായുന്ന ഓട്ടോയ്ക്കുള്ളിലേക്ക് അനുവാദമില്ലാതെ ഇരുവശത്തുനിന്നും കയറി വന്ന കാറ്റ് ആ കണ്ണീര് തുടച്ചിട്ടുണ്ടാകും.

പരുക്കനായ, വന്യമായ കഥാപാത്രങ്ങൾ ഇല്ലാതെ കഥകളിൽ മലയാളി സ്ത്രീയെ ഒരു മായവുമില്ലാതെ അഭിനയിച്ച ഉർവശി എന്ന നടിയുടെ, ആറ് തവണ സ്റ്റേറ്റ് അവാർഡ് വാങ്ങിയ കൈകളിൽ തെളിഞ്ഞു കിടപ്പുണ്ട് അവരുടെ അഭൂതപൂർവമായ ചരിത്രം.