'കുമ്പളങ്ങി നൈറ്റ്‌സി'നും 'ഇഷ്‌കി'നും പിന്നാലെ ഓണ്‍ലൈന്‍ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമായ ആമസോണ്‍ പ്രൈമില്‍ പ്രദര്‍ശനം ആരംഭിച്ച് ആഷിക് അബു ചിത്രം 'വൈറസും'. തീയേറ്റര്‍ പ്രദര്‍ശനത്തിലും സാറ്റലൈറ്റ് റൈറ്റിലും ഒതുങ്ങാതെ ശ്രദ്ധേയ മലയാളസിനിമകള്‍ക്ക് പുതിയൊരു വിപണി കൂടി തുറന്നുകൊടുക്കുകയാണ് ഒടിടി പ്ലാറ്റ്‌ഫോമുകള്‍. അധിക വരുമാനത്തോടൊപ്പം സബ് ടൈറ്റിലുകളോടെയുള്ള പ്രദര്‍ശനത്തില്‍ ഭാഷാ അതിര്‍ത്തികള്‍ക്കപ്പുറത്ത് പുതിയ പ്രേക്ഷകരെ നേടാനാവുമെന്ന അധികനേട്ടവും ഓണ്‍ലൈന്‍ സ്ട്രീമിംഗിനുണ്ട്.

ദിവസങ്ങള്‍ക്ക് മുന്‍പ് ആമസോണ്‍ പ്രൈമില്‍ സ്ട്രീമിംഗ് ആരംഭിച്ച മധു സി നാരായണന്റെ 'കുമ്പളങ്ങി നൈറ്റ്‌സി'ന് വലിയ റിവ്യൂകളാണ് ലഭിക്കുന്നത്. സ്ട്രീമിംഗ് ആരംഭിച്ചതിന് പിന്നാലെ ട്വിറ്ററില്‍ പ്രത്യക്ഷപ്പെട്ടുതുടങ്ങിയ നിരൂപണങ്ങളില്‍ ബഹുഭൂരിപക്ഷവും ചിത്രം ആദ്യമായി കാണുന്ന കേരളത്തിന് പുറത്തുള്ള, മലയാളികള്‍ അല്ലാത്ത പ്രേക്ഷകരുടെ ഭാഗത്തുനിന്നാണ്.

കേരളത്തിന്റെ നിപ അതിജീവനം പ്രമേയമാക്കി ആഷിക് അബു സംവിധാനം ചെയ്ത ചിത്രം തീയേറ്ററുകളില്‍ 40 ദിനങ്ങള്‍ പിന്നിടുന്ന ഘട്ടത്തിലാണ് ആമസോണ്‍ പ്രൈമില്‍ പ്രദര്‍ശനം ആരംഭിച്ചത്. ഒപിഎം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിക് അബുവും റിമ കല്ലിങ്കലും ചേര്‍ന്ന് നിര്‍മ്മിച്ച ചിത്രത്തില്‍ വലിയ താരനിരയാണ് അണിനിരന്നത്.