മുംബൈ: നടി കങ്കണ റണൗട്ടിനെ സ്വാതന്ത്ര്യസമരത്തില്‍ രക്തസാക്ഷിത്വം വഹിച്ച ഭഗത് സിംഗിനോട് ഉപമിച്ച് തമിഴ് നടന്‍ വിശാല്‍. എന്തെങ്കിലും തെറ്റ് സംഭവിക്കുമ്പോള്‍ സര്‍ക്കാറിനെതിരെ പ്രതികരിക്കുന്നവരുടെ ഉദാഹരണമാണ് കങ്കണയെന്നും വിശാല്‍ ട്വീറ്റ് ചെയ്തു. 'നിങ്ങളുടെ ധൈര്യത്തിന് കൈയടി. എന്താണ് ശരി, എന്താണ് തെറ്റ് എന്ന് പറയാന്‍ നിങ്ങള്‍ രണ്ട് വട്ടം ആലോചിച്ചിട്ടുണ്ടാകില്ല. ഇത് നിങ്ങളുടെ സ്വന്തം പ്രശ്‌നം മാത്രമല്ല. സര്‍ക്കാറിന്റെ കോപത്തെ നേരിട്ടപ്പോള്‍ പോലും ശക്തയായി നേരിട്ടു. 1920കളില്‍ ഭഗത് സിംഗ് ചെയ്തതിന് തുല്യമാണ് നിങ്ങളുടെ പ്രവൃത്തി'-വിശാല്‍ ട്വീറ്റ് ചെയ്തു.

ഒരു സെലിബ്രിറ്റി എന്ന നിലയില്‍ മാത്രമല്ല, ഒരു സാധാരണ മനുഷ്യന്‍ എന്ന നിലയില്‍ എന്തെങ്കിലും തെറ്റ് കണ്ടാല്‍ സര്‍ക്കാറിനെതിരെ പ്രതികരിക്കുന്ന ഉദാഹരണമാണ് നിങ്ങളെന്നും വിശാല്‍ വ്യക്തമാക്കി. 

മുംബൈയെ കങ്കണ പാക് അധീശ കശ്മീരിനോട് ഉപമിച്ചതിനെ തുടര്‍ന്നാണ് പ്രശ്‌നങ്ങള്‍ ഉടലെടുക്കുന്നത്. കങ്കണയുടെ പരാമര്‍ശത്തിനെതിരെ ശിവസേന രംഗത്തെത്തി. തുടര്‍ന്ന് കങ്കണയുടെ ഓഫീസിന്റെ ഒരു ഭാഗം അനധികൃത നിര്‍മ്മാണമാണെന്നാരോപിച്ച് മുംബൈ കോര്‍പ്പറേഷന്‍ പൊളിച്ചു നീക്കിയത് ഹൈക്കോടതി സ്‌റ്റേ ചെയ്തു. വിവാദത്തില്‍ കങ്കണയെ അനുകൂലിച്ചും വിമര്‍ശിച്ചും നിരവധി പേര്‍ രംഗത്തെത്തി.