എം പത്മകുമാര്‍ തന്നെയാണ് ജോസഫ് റീമേക്കിന്‍റെയും സംവിധാനം
ജനപ്രീതി നേടിയ രണ്ട് മലയാള ചിത്രങ്ങളുടെ തമിഴ് റീമേക്കുകള്‍ ഒരേ ദിവസം തിയറ്ററുകളില്‍ എത്തുന്നു. ജോജു ജോര്‍ജിന് കരിയര്‍ ബ്രേക്ക് നല്‍കിയ എം പത്മകുമാര്‍ ചിത്രം ജോസഫ്, രതീഷ് ബാലകൃഷ്ണന്‍ പൊതുവാളിന്‍റെ സംവിധാന അരങ്ങേറ്റമായിരുന്ന ആന്‍ഡ്രോയ്‍ഡ് കുഞ്ഞപ്പന്‍ വെര്‍ഷന്‍ 5.25 എന്നീ ചിത്രങ്ങളുടെ തമിഴ് റീമേക്കുകള്‍ നാളെയാണ് തിയറ്ററുകളില്‍ എത്തുന്നത്. ജോസഫ് തമിഴ് റീമേക്കിന്‍റെ പേര് വിചിത്തിരന്‍ (Visiththiran) എന്നാണ്. എം പത്മകുമാര്‍ തന്നെ സംവിധാനം ചെയ്‍തിരിക്കുന്ന ചിത്രത്തില്‍ നായകനാവുന്നത് ആര്‍ കെ സുരേഷ് ആണ്.
തമിഴ് സംവിധായകന്‍ ബാലയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. സംഗീത സംവിധാനം ജി വി പ്രകാശ് കുമാര്‍. പൂര്‍ണ, മധു ശാലിനി, ഭഗവതി പെരുമാള്‍, ഇളവരശു, ജോര്‍ജ്, അനില്‍ മുരളി, ജി മാരിമുത്തു തുടങ്ങിയവര്‍ വേഷമിടുന്നു. ഷാഹി കബിറിന്റെ തിരക്കഥയ്‍ക്ക് തമിഴ് സംഭാഷണങ്ങള്‍ ഒരുക്കിയത് ജോണ്‍ മഹേന്ദ്രൻ ആണ്. വെട്രിവേല്‍ മഹേന്ദ്രനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. എഡിറ്റിംഗ് സതീഷ് സൂര്യ. ദേശീയ, സംസ്ഥാന അവാര്‍ഡുകള്‍ നേടിയ ചിത്രമാണിത്. ഒരു റിട്ടയേർഡ് പോലീസുകാരന്റെ ജീവിതത്തിൽ ഉണ്ടാകുന്ന സംഭവങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം. യഥാർത്ഥ ജീവിതാനുഭവത്തിന്റെ അടിസ്ഥാനത്തിലാണ് ഷാഹി കബീര്‍ തിരക്കഥയൊരുക്കിയത്.
അതേസമയം ആന്‍ഡ്രോയ്‍ഡ് കുഞ്ഞപ്പന്‍ തമിഴ് റീമേക്കിന്‍റെ പേര് ഗൂഗിള്‍ കുട്ടപ്പ (Koogle Kuttappa) എന്നാണ്. ചിത്രം സംവിധാനം ചെയ്യുന്നത് ശബരി, ശരവണന്‍ എന്നിവര്‍ ചേര്‍ന്നാണ്. മലയാളത്തില്‍ സുരാജ് വെഞ്ഞാറമൂട് അവതരിപ്പിച്ച കഥാപാത്രമായി തമിഴ് റീമേക്കില്‍ എത്തുന്നത് സംവിധായകന്‍ കെ എസ് രവികുമാര്‍ ആണ്. യോഗി ബാബു, തര്‍ഷന്‍, ലോസ്‍ലിയ, പ്രാങ്ക്സ്റ്റര്‍ രാഹുല്‍ തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കെ എസ് രവികുമാര്‍ തന്നെയാണ് ചിത്രത്തിന്‍റെ നിര്‍മ്മാണവും. സംഗീതം ജിബ്രാന്‍, ഛായാഗ്രഹണം അര്‍വി, എഡിറ്റിംഗ് പ്രവീണ്‍ ആന്‍റണി, കലാസംവിധാനം ശിവകുമാര്‍, റോബോട്ട് ഡിസൈന്‍ പ്രസൂണ്‍ ബാബു, വരികള്‍ മദന്‍ കാര്‍ക്കി, വിവേക, അറിവ്, നൃത്തസംവിധാനം സാന്‍ഡി, വിജി സതീഷ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബി സെന്തില്‍ കുമാര്‍, സൌണ്ട് ഡിസൈന്‍ കൃഷ്ണന്‍ സുബ്രഹ്‍മണ്യന്‍, വസ്ത്രാലങ്കാരം കവിത.
