ഇരുന്നൂറിലധികം കിടക്കകള്‍, വെന്റിലേറ്റര്‍ സംവിധാനത്തോടെയുള്ള 10 ഐസിയു കിടക്കകള്‍, എക്സ്  റേ മെഷിനുകള്‍ തുടങ്ങിയവയാണ് നല്‍കുക.

കൊവിഡ് അതിതീവ്ര വ്യാപനത്തിന്റെ ഭീഷണിയിലാണ് രാജ്യം. വാക്‍സിനെടുക്കുകയും കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കുകയും മാത്രമാണ് ഇപോള്‍ ചെയ്യാവുന്ന കാര്യം. ദിവസമുള്ള മരണ കണക്കുകളും ആശങ്കയുണ്ടാക്കുന്നു. ഇപ്പോഴിതാ ആരോഗ്യസംരക്ഷണ സംവിധാനത്തിന് നിർണായകമായ അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താൻ തന്റെ നേതൃത്വത്തിലുള്ള വിശ്വശാന്തി ഫൗണ്ടേഷൻ മുന്നോട്ടുവന്ന കാര്യം മോഹൻലാല്‍ അറിയിച്ചിരിക്കുന്നു.

ഓക്‍സിജൻ സൗകര്യമുള്ള 200ല്‍ അധികം കിടക്കകള്‍, വെന്റിലേറ്റര്‍ സംവിധാനത്തോടെയുള്ള 10 ഐസിയു കിടക്കകള്‍, മാറ്റാനാകുന്ന എക്സ് റേ മെഷിനുകള്‍ എന്നിവയാണ് കേരളത്തിലെ വിവിധ ആശുപത്രികള്‍ക്ക് നല്‍കുക. കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ ഓക്സിജൻ പൈപ്പ്‍ലൈന്റെ ഇൻസ്റ്റാലേഷന് വേണ്ട പിന്തുണയും നല്‍കും. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുടെയും കേരള സര്‍ക്കാരിന്റെ ആരോഗ്യസുരക്ഷ സ്‍കീമിന്റെയും പരിധിയില്‍ വരുന്ന ആശുപത്രികള്‍ക്കാണ് ഇക്കാര്യങ്ങള്‍ നല്‍കുക എന്നാണ് മോഹൻലാല്‍ അറിയിച്ചിരിക്കുന്നത്.

വിശ്വശാന്തി ഫൗണ്ടേഷൻ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മറ്റ് ആശുപത്രികള്‍ക്കും ഇതുപോലുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താൻ സഹായം നല്‍കുന്ന കാര്യത്തില്‍ ചര്‍ച്ചകള്‍ നടക്കുകയാണ്.

കളമശ്ശേരി മെഡിക്കല്‍ കോളേജ്, ഇന്ദിരാ ഗാന്ധി സഹകരണ ആശുപത്രി, എറണാകുളത്തെയും ആലുവയിലെയും ലക്ഷ്‍ണി ആശുപത്രി, തിരുവനന്തപുരം, എസ് പി ഫോര്‍ട് ആശുപത്രി, എറണാകളും സുധിന്ദ്ര മെഡിക്കല്‍ മിഷൻ, തിരുവനന്തപുരം ആറ്റുകാല്‍ ദേവി ട്രസ്റ്റ് ആശുപത്രി, എറണാകുളം കൃഷ്‍ണ ആശുപത്രി, കോട്ടയം ഭരത് ആശുപത്രി, എറണാകുളം സരഫ് ആശുപത്രി, പാലക്കാട് സേവന ആശുപത്രി, തിരുവനന്തപുരം ലോര്‍ഡ്‍സ് ആശുപത്രി, എറണാകുളം ലേക്ഷോര്‍ ആശുപത്രി, പട്ടാമ്പി സര്‍ക്കാര്‍ താലൂക്ക് ആശുപത്രി എന്നിവടങ്ങളിലാണ് നിലവില്‍ സഹായം എത്തിക്കുകയെന്നും മോഹൻലാല്‍ പറഞ്ഞു.