ഒഡിഷയിലെ ബാലസോറിന് സമീപം മൂന്ന് ട്രെയിനുകളാണ് അപകടത്തിൽപ്പെട്ടത്.
ദില്ലി : ഒഡീഷയിലുണ്ടായത് പത്ത് വർഷത്തിനിടെയുണ്ടായ ഏറ്റവും വലിയ ട്രെയിൻ ദുരന്തമെന്ന് റയിൽവേ മന്ത്രാലയം. ഒഡിഷക്ക് കൂടുതൽ സഹായം വാഗ്ദാനം ചെയ്ത കേന്ദ്രം, വേണ്ടി വന്നാൽ ദുരന്തനിവാരണ സേനയുടെ കൂടുതൽ സംഘത്തെ അയക്കുമെന്നും വ്യക്തമാക്കി. ഒഡിഷയിലെ ബാലസോറിന് സമീപം മൂന്ന് ട്രെയിനുകളാണ് അപകടത്തിൽപ്പെട്ടത്.
വൈകീട്ട് 6.55 ന് ബംഗളൂരുവിൽനിന്ന് ഹൗറയിലേക്ക് ആയിരത്തോളം യാത്രക്കാരുമായി പോവുകയായിരുന്ന 12864 നമ്പർ സൂപ്പർഫാസ്റ്റ് ട്രെയിൻ ഒഡീഷയിലെ ബാലസോറിലെ ബഹനഗ റെയിൽവേ സ്റ്റേഷന് സമീപം പാളം തെറ്റി. നാലു ബോഗികൾ തൊട്ടടുത്ത ട്രാക്കിലേക്ക് വീണു. തൊട്ടടുത്ത ട്രാക്കിലൂടെ അതിവേഗം വന്ന 12841 ഷാലിമാർ ചെന്നൈ കോറമാണ്ഡൽ എക്സ്പ്രസ് പാളംതെറ്റി കിടന്ന ബോഗികളിലേക്ക് ഇടിച്ചുകയറി. 17 കോച്ചുകൾ മറിഞ്ഞു. രണ്ടാമത് ഇടിച്ചു കയറിയ കോറമാണ്ടൽ എക്സ്പ്രസ്ന്റെ ബോഗികൾ മൂന്നാമത്തെ ട്രാക്കിൽ നിർത്തിയിട്ടിരുന്ന ചരക്കു തീവണ്ടിക്കു മുകളിലേക്ക് പതിച്ചത് ദുരന്തത്തിന്റെ ആഘാതം ഇരട്ടിയാക്കി.
എന്നാല്‍ ഈ സംഭവത്തില്‍ വിമര്‍ശനവുമായി ദ കാശ്മീര്‍ ഫയല്‍സ് സംവിധായകന്‍ വിവേക് അഗ്നിഹോത്രി രംഗത്ത്. ശനിയാഴ്ച രാവിലെ ഇട്ട ട്വീറ്റിലാണ് വിവേക് അഗ്നിഹോത്രി തന്‍റെ രോഷം പ്രകടിപ്പിച്ചത്. ദുരന്തപൂര്‍ണ്ണവും ഒപ്പം നാണക്കേട് ഉണ്ടാക്കുന്നതുമായ സംഭവമാണിതെന്ന് വിവേക് അഗ്നിഹോത്രി ട്വീറ്റ്ചെയ്തു.
ഇക്കാലത്ത് മൂന്ന് ട്രെയിനുകൾ എങ്ങനെ കൂട്ടിയിടിക്കുമെന്നും ആരാണ് ഉത്തരം പറയേണ്ടത് ആരാണെന്നും എഎന്‍ഐയുടെ അപകടം സംബന്ധിച്ച വാര്‍ത്ത ട്വീറ്റ് ചെയ്ത് വിവേക് അഗ്നിഹോത്രി ചോദിക്കുന്നു. എല്ലാ കുടുംബങ്ങൾക്കും വേണ്ടി പ്രാർഥിക്കുന്നുവെന്നും കശ്മീർ ഫയൽസ് സംവിധായകൻ ട്വീറ്റില്‍ പറയുന്നു.
