നവ്യ നായര്‍ നീണ്ട ഇടവേളയ്ക്കു ശേഷം വെള്ളിത്തിരയിലേക്ക് തിരിച്ചെത്തുന്ന ചിത്രമാണ് 'ഒരുത്തീ'. വി കെ പ്രകാശിന്‍റെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രത്തിന്‍റെ സെന്‍സറിംഗ് നടപടികള്‍ പൂര്‍ത്തിയായി. ക്ലീന്‍ 'യു' സര്‍ട്ടിഫിക്കറ്റ് ആണ് ചിത്രത്തിന് ലഭിച്ചത്. ബെന്‍സി പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ബെന്‍സി നാസര്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത് എസ് സുരേഷ് ബാബുവാണ്. നവ്യയ്ക്കൊപ്പം പ്രാധാന്യമുള്ള ഒരു പൊലീസ് കഥാപാത്രമായ വിനായകനും എത്തുന്നു. 

നേരത്തെ പുറത്തെത്തിയ ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് വലിയ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. 2012ല്‍ പ്രദര്‍ശനത്തിനെത്തിയ 'സീന്‍ ഒന്ന് നമ്മുടെ വീട്' ആണ് നവ്യയുടേതായി ഇതിനുമുന്‍പ് മലയാളത്തില്‍ പുറത്തെത്തിയ ചിത്രം. ജിംഷി ഖാലിദാണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം. എഡിറ്റിംഗ് ലിജോ പോള്‍. ഗോപി സുന്ദറും തകര ബാൻഡുമാണ് സംഗീത വിഭാഗം കൈകാര്യം ചെയ്തിരിക്കുന്നത്. ഡോ: മധു വാസുദേവനും ആലങ്കോട് ലീലാകൃഷ്ണനും ഗാനരചന നിർവഹിച്ചിരിക്കുന്ന ചിത്രത്തിന്‍റെ പ്രൊഡക്ഷൻ ഡിസൈനർ ജ്യോതിഷ് ശങ്കറാണ്. 

നവ്യയ്ക്കും വിനായകനുമൊപ്പം സന്തോഷ് കീഴാറ്റൂർ, മുകുന്ദൻ, ജയശങ്കർ, മനു രാജ് , മാളവിക മേനോൻ, കൃഷ്ണപ്രസാദ്‌ തുടങ്ങിയവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. രതീഷ് അമ്പാടി മേക്കപ്പ് കൈകാര്യം ചെയ്യുന്ന ചിത്രത്തിന്‍റെ വസ്‌ത്രാലങ്കാരം സമീറ സനീഷ് ആണ്. ഡിക്സൺ പോടുതാസ് പ്രൊഡക്ഷൻ കൺട്രോളറും കെ ജെ വിനയൻ ചീഫ് അസ്സോസിയേറ്റ് ഡയറക്ടറുമാണ്.