ആര്‍ എസ് വിമല്‍ സംവിധാനം ചെയ്യുന്ന ഇതിഹാസ ചിത്രം 'കര്‍ണനി'ല്‍ അഭിനയിക്കാന്‍ താന്‍ പ്രതീക്ഷയോടെ കാത്തിരിക്കുകയാണെന്ന് നടന്‍ വിക്രം. ഡേറ്റിന്റെ പ്രശ്‌നം ഉള്ളതുകൊണ്ടാണ് ചിത്രം നീളുന്നതെന്നും മണി രത്‌നം ചിത്രം 'പൊന്നിയിന്‍ സെല്‍വന്' ശേഷം 'കര്‍ണന്റെ' ചിത്രീകരണം ആരംഭിക്കുമെന്നും വിക്രം പറഞ്ഞു. ഈ വാരം തീയേറ്ററുകളിലെത്തിയ ആക്ഷന്‍ ത്രില്ലര്‍ ചിത്രം 'കടാരം കൊണ്ടാന്റെ' പ്രചരണ പരിപാടികളുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് എത്തിയ അദ്ദേഹം മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു.

ഒരു വലിയ കമല്‍ഹാസന്‍ ആരാധകനാണ് താനെന്നും അദ്ദേഹം നിര്‍മ്മിക്കുന്ന ചിത്രം എന്നതായിരുന്നു 'കടാരം കൊണ്ടാനി'ലേക്കുള്ള ഏറ്റവും വലിയ ആകര്‍ഷണമെന്നും വിക്രം പറഞ്ഞു. അഭിനേതാക്കളൊക്കെ സംവിധായകരുമാവുന്ന കാലത്ത് സംവിധാനമോഹമുണ്ടോ എന്ന ചോദ്യത്തിന് വിക്രത്തിന്റെ മറുപടി ഇങ്ങനെ.. 'തീര്‍ച്ഛയായും ഒരിക്കല്‍ ഞാന്‍ സംവിധാനം ചെയ്യും. പക്ഷേ അത് ഉടനെ ഇല്ല. അഭിനയിക്കേണ്ട സിനിമകളുണ്ട്. പൂര്‍ത്തിയാക്കേണ്ട വലിയ കഥാപാത്രങ്ങളുണ്ട്. പക്ഷേ സംവിധാനം എന്തായാലും ഉണ്ടാവും.'

എല്ലാ ചിത്രങ്ങള്‍ക്കും സന്ദേശം ഉണ്ടാവണമെന്ന് ആഗ്രഹമുണ്ടെങ്കിലും അന്യന്‍ പോലെ സാമൂഹിക വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന ചിത്രങ്ങള്‍ എപ്പോഴും ചെയ്യാനാകില്ലെന്നും വിക്രം പറഞ്ഞു. രാഷ്ട്രീയ അഭിപ്രായങ്ങളും നിലപാടുകളും എല്ലാ കാര്യത്തിലും ഉണ്ടെങ്കിലും തല്‍ക്കാലം ഒന്നും പരസ്യമാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.