പ്രതിഫലത്തിന്റെ കാര്യത്തിൽ താൻ വിട്ടുവീഴ്ചയ്ക്ക് തയ്യാറാണെന്നും നല്ല പെർഫോമൻസ് കാഴ്ച വെക്കണം, നല്ല സിനിമകളുടെ ഭാ​ഗമാകണം ഇതാണ് തന്റെ ലക്ഷ്യമെന്നും പ്രിയ പറയുന്നു.

ഒമർ ലുലു സംവിധാനം ചെയ്ത 'ഒരു അടാർ ലവ്' എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച പ്രിയ വാര്യർ ഇന്ന് എനി ഭാഷകളിലും അഭിനയിക്കുന്നുണ്ട്. കൂടാതെ മോഡലിങ്ങിലും സോഷ്യൽ മീഡിയയിലും വളരെ സജീവമായ പ്രിയയ്ക്ക് വലിയ ആരാധകരാണ് ഉള്ളത്. ഇപ്പോഴിതാ തന്റെ പ്രതിഫലവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന ചില കാര്യങ്ങളിൽ വ്യക്തത വരുത്തിയിരിക്കുകയാണ് താരം.

താൻ ഭയങ്കരമായി പ്രതിഫലം ചോദിക്കുന്ന ആളാണെന്നാണ് പുറത്ത് പ്രചരിക്കുന്നത് എന്നാണ് പ്രിയ പറയുന്നത്. എന്നാൽ അത് സത്യമല്ലെന്നും പ്രതിഫലത്തിന്റെ കാര്യത്തിൽ താൻ വിട്ടുവീഴ്ചയ്ക്ക് തയ്യാറാണെന്നും നല്ല പെർഫോമൻസ് കാഴ്ച വെക്കണം, നല്ല സിനിമകളുടെ ഭാ​ഗമാകണം ഇതാണ് തന്റെ ലക്ഷ്യമെന്നും പ്രിയ പറയുന്നു.

"ഞാൻ ഭയങ്കരമായി പ്രതിഫലം വാങ്ങുന്ന ആളാണെന്ന് ഈ അടുത്ത് ഒന്ന്, രണ്ടുപേർ പറഞ്ഞ് ഞാൻ കേട്ടു. ഞാൻ അത് തിരിച്ച് ചോദിക്കുകയും ചെയ്തിരുന്നു, ഞാൻ എത്ര ചാർജ് ചെയ്യുന്നുവെന്നാണ് ചേട്ടൻ കേട്ടതെന്ന്. ഇത്രയധികം പണം ഞാൻ പ്രതിഫലമായി വാങ്ങുന്നുണ്ടായിരുന്നുവെങ്കിൽ ദുബായിലോ മറ്റൊ പോയി ഞാൻ സെറ്റിലാവായിരുന്നല്ലോ. എന്നെ അത്രയധികം ആകർഷിച്ച സബ്ജക്ടാണെങ്കിൽ 'ചേട്ടാ, ഞാൻ ഫ്രീയായിട്ട് വന്ന് ചെയ്യാൻ റെഡിയാണെന്ന് ഞാൻ പറയാറുണ്ട്'. കാരണം ഞാൻ പറഞ്ഞതുപോലെ ഫെയിമും മണിയുമല്ല എന്റെ പ്രൈമറി ​ഗോൾസ്." പ്രിയ പറയുന്നു.

നല്ല സിനിമകളുടെ ഭാഗമാവണം

"എനിക്ക് അഭിനയിക്കണം, നല്ല പെർഫോമൻസ് കാഴ്ച വെക്കണം, നല്ല സിനിമകളുടെ ഭാ​ഗമാകണം എന്നതൊക്കെയാണ് എന്റെ പ്രൈമറി ​ഗോൾസ്. അതുകൊണ്ട് തന്നെ ഫെയിമും മണിയും എനിക്ക് സെക്കന്ററിയാണ്. അതൊന്നും എനിക്ക് വിഷയമേല്ല. നല്ലൊരു ബ്രാന്റിന്റെ കൂടെ കൊളാബ്രേറ്റ് ചെയ്യുന്നതാണെങ്കിൽ പോലും, ഇൻസ്റ്റ​ഗ്രാമിൽ ചാർജ് ചെയ്യുന്നതാണെങ്കിൽ പോലും നല്ലൊരു ബ്രാന്റാണെങ്കിൽ ഞാൻ പ്രതിഫലത്തിൽ നെ​ഗോഷിയേറ്റ് ചെയ്യാൻ റെഡിയാണ്. അല്ലാതെ കടുംപിടുത്തമൊന്നും എനിക്കില്ല. ബാർ​ഗെയ്നിങിന് എന്റെ അടുത്ത് വരുന്നവർക്ക് അത് ചെയ്യാൻ ഞാൻ അവസരം കൊടുക്കുന്നയാളാണ് ഞാൻ" ഒർജിനൽസ് എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു പ്രിയയുടെ പ്രതികരണം.

അതേസമയം ആദിക് രവിചന്ദ്രൻ സംവിധാനം ചെയ്ത് അജിത്ത് നായകനായി എത്തിയ ഗുഡ് ബാഡ് അഗ്ലി ആയിരുന്നു പ്രിയയുടെ ഒടുവിലായി പുറത്തിറങ്ങിയ ചിത്രം. പുറത്തിറങ്ങാനിരിക്കുന്ന ബോളിവുഡ് ചിത്രം ത്രീ മങ്കീസിലും പ്രിയ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. റാണി മുഖർജിയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്.

Asianet News Live | Malayalam News Live | Kerala News Live | ഏഷ്യാനെറ്റ് ന്യൂസ് | Live Breaking News