ഒടിടി പ്ലാറ്റ്ഫോമുകളിലേക്ക് കൂടുതലായി എത്തിത്തുടങ്ങിയതോടെ മലയാള സിനിമകള്‍ക്ക് ഇപ്പോള്‍ ഇന്ത്യയൊട്ടാകെ ശ്രദ്ധ ലഭിക്കുന്നുണ്ട്. ഡയറക്റ്റ് ഒടിടി റിലീസുകള്‍ കൂടാതെ തിയറ്ററുകളില്‍ റിലീസ് ചെയ്യപ്പെടുന്ന പല ചിത്രങ്ങളും പ്രമുഖ ഒടിടി പ്ലാറ്റ്ഫോമുകള്‍ നിലവില്‍ വാങ്ങുന്നുണ്ട്. മമ്മൂട്ടിയെ നായകനാക്കി സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്‍ത പൊളിറ്റിക്കല്‍ ത്രില്ലര്‍ ചിത്രം 'വണ്‍' ആണ് ഏറ്റവുമൊടുവില്‍ ഒടിടി പ്ലാറ്റ്ഫോമില്‍ എത്തിയ മലയാളചിത്രം. തിയറ്റര്‍ റിലീസിനു ശേഷം ഏപ്രില്‍ 27ന് നെറ്റ്ഫ്ളിക്സില്‍ ആണ് ചിത്രം എത്തിയത്. മലയാളികള്‍ അല്ലാതെയുള്ള പ്രക്ഷകരുടെ പ്രതികരണങ്ങള്‍ ട്വിറ്ററിലും മറ്റും എത്തുന്നുണ്ട്. അത്തരത്തില്‍ ശ്രദ്ധേയമായ ഒരു ട്വീറ്റ് ആന്ധ്ര പ്രദേശില്‍ നിന്നുള്ള ഒരു ലോക്സഭാംഗത്തിന്‍റേതാണ്.

ആന്ധ്രയില്‍ നിന്നുള്ള വൈഎസ്ആര്‍ കോണ്‍ഗ്രസ് എംപി കെ രഘുരാമകൃഷ്‍ണരാജുവാണ് ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയത്. ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിച്ച കഥാപാത്രം ഒരു മുഖ്യമന്ത്രി എങ്ങനെ ആയിരിക്കണം എന്നതിന്‍റെ തെളിവാണെന്നും നമ്മുടെ മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡിയോടും ആന്ധ്രയിലെ ജനങ്ങളോടും ചിത്രം കാണാന്‍ താന്‍ നിര്‍ദേശിക്കുകയാണെന്നും രഘുരാമകൃഷ്‍ണരാജു ട്വിറ്ററില്‍ കുറിച്ചു. ജഗന്‍മോഹന്‍ റെഡ്ഡിക്കെതിരെ പരസ്യ നിലപാട് എടുത്ത് പാര്‍ട്ടിയില്‍ നിന്നുകൊണ്ട് വിമതസ്വരം ഉയര്‍ത്തുന്ന എംപിയാണ് ഇദ്ദേഹം. "മമ്മൂട്ടി നായകനായ മലയാള ചിത്രം വണ്‍ നെറ്റ്ഫ്ളിക്സില്‍ കണ്ടു. ഒരു മുഖ്യമന്ത്രിയുടെ റോളിലാണ് അദ്ദേഹം എത്തുന്നത്. ഒരു മാതൃകാ മുഖ്യമന്ത്രി എങ്ങനെ ആയിരിക്കണം എന്നു മനസിലാക്കുന്നതിനായി ഈ ചിത്രം കാണണമെന്ന് നമ്മുടെ മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡിയോടും ജനങ്ങളോടും ഞാന്‍ നിര്‍ദേശിക്കുന്നു. മസ്റ്റ് വാച്ച്", എന്നായിരുന്നു എംപിയുടെ ട്വീറ്റ്. മമ്മൂട്ടിയെയും ജഗന്‍മോഹന്‍ റെഡ്ഡിയെയും ദുല്‍ഖര്‍ സല്‍മാനെയും ടാഗ് ചെയ്‍തുകൊണ്ടുള്ളതാണ് ട്വീറ്റ്.

ജനോപകാരികളല്ലാത്ത ജനപ്രതിനിധികളെ തിരിച്ചുവിളിക്കാന്‍ റൈറ്റ് ടു റിക്കോള്‍ നിയമം പാസ്സാക്കാന്‍ ശ്രമിക്കുന്ന കഥാപാത്രമാണ് മമ്മൂട്ടി അവതരിപ്പിച്ച കടയ്ക്കല്‍ ചന്ദ്രന്‍. ബോബി-സഞ്ജയ് രചന നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തില്‍ സംവിധായകന്‍ രഞ്ജിത്ത്, ജോജു ജോര്‍ജ്, ശങ്കര്‍ രാമകൃഷ്‍ണന്‍, സലിംകുമാര്‍, നിമിഷ സജയന്‍, ഗായത്രി അരുണ്‍ തുടങ്ങി വലിയ താരനിരയും അണിനിരക്കുന്നുണ്ട്. ബോബിൃസഞ്ജയ്‍യുടെ തിരക്കഥയില്‍ മമ്മൂട്ടി ആദ്യമായി അഭിനയിക്കുന്ന ചിത്രമാണിത്. 

അതേസമയം രഘുരാമകൃഷ്‍ണരാജുവിന്‍റെ ട്വീറ്റിനെ എതിര്‍ത്തും അനുകൂലിച്ചും കൊണ്ട് വൈഎസ്ആര്‍ കോണ്‍ഗ്രസ് അണികള്‍ പ്രതികരിക്കുന്നുണ്ട്. പാര്‍ട്ടിയില്‍ നിന്നുകൊണ്ടുതന്നെ കഴിഞ്ഞ കുറച്ചുനാളുകളായി വിമതസ്വരം ഉയര്‍ത്തുന്ന നേതാവാണ് രഘുരാമകൃഷ്‍ണരാജു. നരസപുരത്തുനിന്നുള്ള എംപിയാണ് ഇദ്ദേഹം. സ്വത്തുസമ്പാദനക്കേസില്‍ സിബിഐ അടക്കമുള്ള കേന്ദ്ര ഏജന്‍സികള്‍ എടുത്ത കേസില്‍ ജഗന്‍മോഹന്‍ റെഡ്ഡിക്ക് ലഭിച്ച ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരുന്നു അദ്ദേഹം. അതേസമയം കോടികളുടെ ബാങ്ക് തട്ടിപ്പിന് രഘുരാമകൃഷ്‍ണരാജുവിനെതിരെയും നിലവില്‍ കേസുണ്ട്.

 

ജഗന്‍മോഹന്‍ റെഡ്ഡിയുടെ അച്ഛനും മുന്‍ ആന്ധ്ര ആന്ധ്ര പ്രദേശ് മുഖ്യമന്ത്രിയുമായ വൈ എസ് രാജശേഖര റെഡ്ഡിയുടെ ജീവിതം പറയുന്ന തെലുങ്ക് ചിത്രം 'യാത്ര'യില്‍ മമ്മൂട്ടി ആയിരുന്നു നായകന്‍. 2019ലെ നിയമസഭാ, ലോക്സഭാ തിരഞ്ഞെടുപ്പുകള്‍ക്ക് തൊട്ടുമുന്‍പാണ് ഈ ചിത്രം തിയറ്ററുകളിലെത്തിയത്. വൈഎസ്ആറിന്‍റെ 'യഥാര്‍ഥ അനന്തരാവകാശി'യാണ് ജഗന്‍മോഹനെന്ന പ്രതിച്ഛായ പകര്‍ന്നുകൊടുക്കുന്നതില്‍ യാത്ര പങ്കുവഹിച്ചെന്ന് രാഷ്ട്രീയനിരീക്ഷകര്‍ അഭിപ്രായപ്പെട്ടിരുന്നു.