Asianet News MalayalamAsianet News Malayalam

‘ശൈലജ ടീച്ചര്‍ മുതല്‍ കെ കെ രമ വരെ’; നിയമസഭ തെരഞ്ഞെടുപ്പിലെ പെണ്‍കരുത്തിന് അഭിനന്ദനവുമായി ഡബ്ല്യുസിസി

15മത് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മുഴുവന്‍ വനിതാ എം.എല്‍.എ.മാരെയും പ്രതികൂല സാഹചര്യത്തിലും വിജയം കൈവരിച്ച കെ.കെ.രമ ഉള്‍പ്പെടെയുള്ള പുതുമുഖങ്ങളേയും അഭിനന്ദിക്കുന്നതായും സംഘടന കുറിക്കുന്നു.

wcc congratulate assembly elections women candidates
Author
Kochi, First Published May 5, 2021, 5:55 PM IST

രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭ തിരഞ്ഞെടുപ്പുകളിൽ മത്സരിക്കുകയും വിജയിക്കുകയും ചെയ്ത ചെയ്ത വനിതകളെ അഭിനന്ദിച്ച് ഡബ്ല്യുസിസി. ഓരോ പൗരനും ഭരണഘടന നല്‍കുന്ന തുല്യതയിലേക്കുള്ള പോരാട്ടത്തില്‍ പുതിയ മാനങ്ങള്‍ തീര്‍ക്കാന്‍ നേതൃത്വനിരയിലെ വനിതകളുടെ സാന്നിധ്യം സഹായകരമാകുമെന്നതില്‍ അഭിമാനിക്കുന്നതായി ഡബ്ല്യുസിസി ഫേസ്ബുക്കിൽ കുറിച്ചു.

ആരോഗ്യപരിപാലനത്തില്‍ പുതിയ അന്താരാഷ്ട്ര നിലവാരം സൃഷ്ടിച്ച, പ്രതിബദ്ധതയുടെയും കഠിനാദ്ധ്വാനത്തിന്റെയും പ്രതിബിംബമായ, ആരോഗ്യ വകുപ്പു മന്ത്രി കെ.കെ.ശൈലജ ടീച്ചറടക്കമുള്ള, 15 മത് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മുഴുവന്‍ വനിതാ എം.എല്‍.എ.മാരെയും പ്രതികൂല സാഹചര്യത്തിലും വിജയം കൈവരിച്ച കെ.കെ.രമ ഉള്‍പ്പെടെയുള്ള പുതുമുഖങ്ങളേയും അഭിനന്ദിക്കുന്നതായും സംഘടന കുറിക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
..........................
രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നടന്ന അസംബ്ലി തെരഞ്ഞെടുപ്പുകളിൽ മത്സരിക്കുകയും വിജയം കൈവരിക്കുകയും ചെയ്ത വനിതകളെ WCC ഹൃദ്യമായി അഭിനന്ദിക്കുന്നു. അവരെ സംബന്ധിച്ചിടത്തോളം ഇതൊരു ജീവന്മരണ പോരാട്ടമായിരുന്നുവെന്ന് ഞങ്ങൾ തിരിച്ചറിയുന്നു.. ഓരോ പൗരനും ഭരണഘടന നൽകുന്ന തുല്യതയിലേക്കുള്ള പോരാട്ടത്തിൽ പുതിയ മാനങ്ങൾ തീർക്കാൻ നേതൃത്വനിരയിലെ നിങ്ങളുടെ സാന്നിദ്ധ്യം സഹായകരമാകുമെന്നതിൽ ഞങ്ങൾ അഭിമാനിക്കുന്നു.

ആരോഗ്യപരിപാലനത്തിൽ പുതിയ അന്താരാഷ്ട്ര നിലവാരം സൃഷ്ടിച്ച, പ്രതിബദ്ധതയുടെയും കഠിനാദ്ധ്വാനത്തിന്റെയും പ്രതിബിംബമായ, ആരോഗ്യ വകുപ്പു മന്ത്രി കെ.കെ.ശൈലജ ടീച്ചറടക്കമുള്ള, 15 മത് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മുഴുവൻ വനിതാ എം.എൽ.എ.മാരെയും പ്രതികൂല സാഹചര്യത്തിലും വിജയം കൈവരിച്ച കെ.കെ.രമ ഉൾപ്പെടെയുള്ള പുതുമുഖങ്ങളേയും WCC ഹൃദയത്തിന്റെ ഭാഷയിൽ അഭിനന്ദിക്കുന്നു.

തുടർഭരണം കൈവരിച്ച ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് അഭിനന്ദനങ്ങൾ. ഭരണപക്ഷത്തിൽ ജനങ്ങൾ ഒരിക്കൽകൂടി അർപ്പിച്ച വിശ്വാസം കൂടുതൽ ഉയർന്ന തലങ്ങളിലേക്ക് പ്രവർത്തി മേഖലയെ വ്യാപിപ്പിച്ച് കൊണ്ട്  ജനങ്ങളെ സേവിക്കുവാൻ കഴിയട്ടെ എന്ന് ഞങ്ങൾ ആശംസിക്കുന്നു. സ്ത്രീകളുടെ, വിശിഷ്യാ ചലച്ചിത്ര മേഖലയിലെ സ്ത്രീകളുടെ ഉന്നമനത്തിനായുള്ള പ്രവർത്തനങ്ങളിലും പരിപാടികളിലും സഹകരിച്ചു പ്രവർത്തിക്കാൻ WCC ആകാംക്ഷയോടെ കാത്തിരിക്കുന്നു. സ്ത്രീകളുടെ പ്രശ്നങ്ങളോട് സമാനുഭാവത്തോടും തുറന്ന മനസ്സോടുമുള്ള സമീപനം തുടരുമെന്നും ജസ്റ്റിസ് ഹേമ കമ്മീഷൻ റിപ്പോർട്ടിൽ നിന്നുമാരംഭിച്ച,  തൊഴിലിടങ്ങളിലെ സ്ത്രീകളുടെ  സുരക്ഷ ഉറപ്പുവരുത്താനുള്ള യാത്ര പൂർണ്ണതയിൽ എത്തിക്കുമെന്നുള്ള വിശ്വാസത്തിലാണ് ഞങ്ങൾ പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ട് പോകുന്നത്. ആദ്യപടിയായി പുതിയ ഗവണ്മെന്റ് ഈ റിപ്പോർട്ട്‌ പ്രസിദ്ധീകരിച്ച് അതിന്മേൽ മേൽ നടപടികൾ കൈക്കൊള്ളുമെന്നു ഞങ്ങൾ പ്രത്യാശിക്കുന്നു.
മലാല യൂസഫ്‌സായിയുടെ  ഈ വാചകത്തോടെ ഞങ്ങൾ അവസാനിപ്പിക്കട്ടെ :
“ഞങ്ങൾ ശബ്ദമുയർത്തുന്നത് ഞങ്ങൾക്കതിന് കഴിവുണ്ടെന്ന് കാണിക്കാനല്ല, മറിച്ച് അതിനു കഴിയാത്തവരുടെ ശബ്ദം ലോകം  കേൾക്കാനായാണ്. ഞങ്ങളിൽ പകുതിയെ മുന്നേറുന്നതിൽ നിന്നും തടഞ്ഞു നിർത്തിയാൽ  ഞങ്ങൾക്ക് വിജയിക്കാനാവില്ല.”

Follow Us:
Download App:
  • android
  • ios