Asianet News MalayalamAsianet News Malayalam

മി ടൂ ആരോപണം: സിദ്ദിഖിന്റെ പേര് പറയാതെ വിമര്‍ശനവുമായി ഡബ്ല്യുസിസി

'ചലച്ചിത്ര നടന്മാരുടെ സംഘടനയുടെ ഭാരവാഹികളില്‍ പ്രമുഖനും നേതൃത്വപരമായ പങ്കുവഹിക്കുന്ന ഒരാളുമായ ഇദ്ദേഹത്തില്‍ നിന്നുണ്ടായ ഈ പ്രതികരണം അപമാനകരമാണ്.'

wcc stand in revathy sampath me too allegation against siddique
Author
Kochi, First Published May 25, 2019, 2:46 PM IST

നടന്‍ സിദ്ദിഖിനെതിരേ യുവനടി രേവതി സമ്പത്ത് മീ ടൂ ആരോപണം ഉന്നയിച്ചത് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ്. തിരുവനന്തപുരം നിള തീയേറ്ററില്‍ വച്ച് രണ്ട് വര്‍ഷം മുന്‍പ് സിദ്ദിഖില്‍ നിന്നുണ്ടായ മോശം പെരുമാറ്റത്തെക്കുറിച്ചായിരുന്നു രേവതിയുടെ കുറിപ്പ്. ഇപ്പോഴിതാ ആരോപണമുന്നയിച്ച നടിയ്ക്ക് പുന്തുണയുമായി രംഗത്തെത്തിയിരിക്കുകയാണ് മലയാളസിനിമയിലെ വനിതാ കൂട്ടായ്മയായ ഡബ്ല്യുസിസി. പരാതി ഉന്നയിച്ച ആളുടെയോ സിദ്ദിഖിന്റെയോ പേര് പരാമര്‍ശിക്കാതെയാണ് ഡബ്ല്യുസിസിയുടെ ഫേസ്ബുക്ക് കുറിപ്പ്. ആരോപണവിധേയന്റെ പേര് പരാമര്‍ശിക്കാത്തതിനെക്കുറിച്ച് ഈ പോസ്റ്റിന് താഴെ വിമര്‍ശനം ഉയരുന്നുണ്ട്.

ഡബ്ല്യുസിസിയുടെ കുറിപ്പ്

വീണ്ടും അടുത്ത പരാതിയുമായി മലയാള സിനിമയില്‍ ഒരു സ്ത്രീ മുന്നോട്ട് വന്നിരിക്കുന്നു. തല മുതിര്‍ന്ന ഒരു സ്വഭാവ നടനിലേക്കാണ് ഇത്തവണ വിരല്‍ ചൂണ്ടപ്പെട്ടിരിക്കുന്നത്. എന്നാല്‍ ഏതോ ഒരു സിനിമയില്‍ നിന്നും ഒഴിവാക്കപ്പെട്ട ഒരു സീനിന്റെ ക്ലിപ്പിങ് കൊണ്ടാണ് ആ നടന്‍ ഇതിനോട് പ്രതികരികരിച്ചതായി കാണുന്നത്. ചലച്ചിത്ര നടന്മാരുടെ സംഘടനയുടെ ഭാരവാഹികളില്‍ പ്രമുഖനും നേതൃത്വപരമായ പങ്കുവഹിക്കുന്ന ഒരാളുമായ ഇദ്ദേഹത്തില്‍ നിന്നുണ്ടായ ഈ പ്രതികരണം അപമാനകരമാണ്. ഇതിന്റെ ന്യായാന്യായങ്ങള്‍ എതെന്ന് അന്വേഷിച്ച് കണ്ടെത്തപ്പെടട്ടെ. എന്നാല്‍ മലയാള സിനിമാലോകം ഇത്തരമൊരു സംഭവം ഗൗരവത്തോടെ പരിഗണിക്കാന്‍ ഇനിയെങ്കിലും തയ്യാറാകേണ്ടതുണ്ട്. നിയമപരമായി ഏത് തൊഴിലിടത്തിലും സ്ത്രീകളുടെതായ പരാതി ഉയര്‍ന്നാല്‍ അത് കൈകാര്യം ചെയ്യാനുള്ള സുപ്രീംകോടതി മാര്‍ഗ്ഗ നിര്‍ദേശ പ്രകാരമുള്ള സമിതി ഉണ്ടാക്കാന്‍ നിയമപരമായ ഉത്തരവാദിത്വം ഉള്ളവരാണ് സംഘടനാ നേതാക്കള്‍ എന്ന് ഓര്‍മ്മിക്കേണ്ടതുണ്ട്. അതിനിയും നമ്മുടെ ഇന്‍ഡസ്ട്രിയില്‍ ഇല്ലെന്നത് നാണക്കേടാണ്. അതിന് നമ്മുടെ ചലച്ചിത്രമേഖല ഇനിയെങ്കിലും തയ്യാറാകണം. അതാണ് നീതി. സ്ത്രീയുടെ പരാതിയെ പരിഹാസം കൊണ്ട് നിശബ്ദമാക്കാന്‍ നോക്കുന്നത് അന്യായവും നിയമവിരുദ്ധവും ശിക്ഷാര്‍ഹവുമാണ്. ഇക്കാര്യത്തില്‍ ഉചിതമായ നടപടി ഉണ്ടാകണമെന്ന് ഡബ്ല്യു.സി.സി. ആവശ്യപ്പെടുന്നു!

ദിവസങ്ങള്‍ക്ക് മുന്‍പ് രേവതി സമ്പത്ത് ഉയര്‍ത്തിയ ആരോപണം

'ഈ വീഡിയോ വീണ്ടും വീണ്ടും കാണുമ്പോള്‍ (അഭിപ്രായം പറയുന്നതില്‍ നിന്നും) എന്നെ തടഞ്ഞുനിര്‍ത്താനാവുന്നില്ല. തിരുവനന്തപുരം നിള തീയേറ്ററില്‍ 2016ല്‍ നടന്ന 'സുഖമായിരിക്കട്ടെ' എന്ന സിനിമയുടെ പ്രിവ്യൂവിനിടെ നടന്‍ സിദ്ദിഖ് എന്നോട് ലൈംഗികമായി അപമര്യാദയായി പെരുമാറാന്‍ ശ്രമിച്ചു. വാക്കാലുള്ള ലൈംഗികാധിക്ഷേപം 21-ാം വയസ്സില്‍ എന്റെ ആത്മവീര്യം കെടുത്തി. അതുണ്ടാക്കിയ ആഘാതം ഇപ്പോഴും ഞാന്‍ ഓര്‍ക്കുന്നുണ്ട്. 

അദ്ദേഹത്തിന് ഒരു മകളുണ്ടെന്നാണ് ഞാന്‍ മനസിലാക്കുന്നത്. അവള്‍ അദ്ദേഹത്തിനൊപ്പം സുരക്ഷിതയായിരിക്കുമോ എന്ന് ചിന്തിക്കുകയാണ്. നിങ്ങളുടെ മകള്‍ക്ക് സമാനമായ അനുഭവമുണ്ടായാല്‍ നിങ്ങള്‍ എന്തുചെയ്യും സിദ്ദിഖ്? ഇതുപോലെ ഒരു മനുഷ്യന് എങ്ങനെയാണ് ഡബ്ല്യുസിസിയെപ്പോലെ ആദരിക്കപ്പെടുന്ന, അന്തസ്സുള്ള ഒരു സംഘടനയ്ക്കെതിരേ വിരല്‍ ചൂണ്ടാനാവുന്നത്? നിങ്ങള്‍ ഇത് അര്‍ഹിക്കുന്നുണ്ടോ? സ്വയം ചിന്തിച്ച് നോക്ക്. ഉളുപ്പുണ്ടോ? ചലച്ചിത്ര വ്യവസായത്തിലെ മുഖംമൂടിയിട്ട, സ്വയംപ്രഖ്യാപിത യോഗ്യന്‍മാരെക്കുറിച്ച് ആലോചിക്കുമ്പോള്‍ ലജ്ജ തോന്നുന്നു', രേവതി സമ്പത്തിന്റെ കുറിപ്പ് അവസാനിക്കുന്നു.

(മുന്‍പ് ഡബ്ല്യുസിസിയ്ക്കെതിരേ, കെപിഎസി ലളിതയ്ക്കൊപ്പം സിദ്ദിഖ് നടത്തിയ വാര്‍ത്താസമ്മേളനത്തിന്റെ വീഡിയോയ്ക്കൊപ്പമായിരുന്നു രേവതിയുടെ പോസ്റ്റ്.)

Follow Us:
Download App:
  • android
  • ios