Asianet News MalayalamAsianet News Malayalam

10 ദിവസം, 100 സിനിമകള്‍ സൗജന്യം; സിനിമാപ്രേമികള്‍ മിസ് ചെയ്യരുതാത്ത ഓണ്‍ലൈന്‍ ഫിലിം ഫെസ്റ്റിവല്‍

'വി ആര്‍ വണ്‍' എന്നു പേരിട്ടിരിക്കുന്ന ഫിലിം ഫെസ്റ്റിവല്‍ 29ന് ആരംഭിച്ചുകഴിഞ്ഞു. ജൂണ്‍ 7 വരെ നീളുന്ന ഫെസ്റ്റിവല്‍ 'വി ആര്‍ വണ്‍' യുട്യൂബ് ചാനലില്‍ ആര്‍ക്കും സൗജന്യമായി കാണാം.

we are one a global film festival
Author
Thiruvananthapuram, First Published May 31, 2020, 4:18 PM IST

കൊവിഡ് 19 ന്‍റെ പ്രഹരമേറ്റ് അനിശ്ചിതാവസ്ഥയിലായ മേഖലകളില്‍ ഏറെ നഷ്ടം സംഭവിച്ച ഒന്ന് സിനിമയാണ്. തീയേറ്ററുകള്‍ അടഞ്ഞുകിടന്നിരുന്നതിനാല്‍ (ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ ഇപ്പോഴും)രണ്ട് മാസമായി പുതിയ റിലീസുകള്‍ ഒന്നും ഉണ്ടായിട്ടില്ല. മുഖ്യധാരാ സിനിമാവ്യവസായത്തിനൊപ്പം ലോകമെമ്പാടുമുള്ള ചലച്ചിത്രോത്സവങ്ങളും പ്രതിസന്ധിയെ നേരിടുകയാണ്. ലോകത്തിലെ ഏറ്റവും പ്രശസ്തമായ കാന്‍സ് ചലച്ചിത്രോത്സവമടക്കം പലതും ഈ വര്‍ഷം ഉണ്ടാവില്ലെന്ന് പ്രഖ്യാപിച്ചുകഴിഞ്ഞു. എന്നാല്‍ കൊവിഡ് കാലത്തോടുള്ള തങ്ങളുടെ പ്രതികരണമെന്ന നിലയില്‍ ഒരു ഓണ്‍ലൈന്‍ ചലച്ചിത്രോത്സവം സംഘടിപ്പിച്ചിരിക്കുകയാണ് ലോകത്തെ പ്രമുഖ ചലച്ചിത്രോത്സവങ്ങളുടെ സംഘാടകര്‍ ഒരുമിച്ച് ചേര്‍ന്ന്.

'വി ആര്‍ വണ്‍' എന്നു പേരിട്ടിരിക്കുന്ന ഫിലിം ഫെസ്റ്റിവല്‍ 29ന് ആരംഭിച്ചുകഴിഞ്ഞു. ജൂണ്‍ 7 വരെ നീളുന്ന ഫെസ്റ്റിവല്‍ 'വി ആര്‍ വണ്‍' യുട്യൂബ് ചാനലില്‍ ആര്‍ക്കും സൗജന്യമായി കാണാം. കാന്‍സ്, വെനീസ്, ടൊറോന്‍റോ, ട്രിബേക്ക, ജെറുസലേം, ന്യൂയോര്‍ക്ക്, സാന്‍ സെബാസ്റ്റ്യന്‍, ബിഎഫ്ഐ ലണ്ടന്‍, മുംബൈ, സണ്‍ഡാന്‍സ് തുടങ്ങി ലോകത്തിലെ പ്രധാനപ്പെട്ട ഫിലിം ഫെസ്റ്റിവലുകളെല്ലാം 'വി ആര്‍ വണ്ണി'ലേക്ക് സിനിമകളുമായി എത്തിയിട്ടുണ്ട്. 

13 വേള്‍ഡ് പ്രീമിയറുകളും 31 ഓണ്‍ലൈന്‍ പ്രീമിയറുകളും അടക്കം ആകെ നൂറിലേറെ സിനിമകളാണ് ഫെസ്റ്റിവലില്‍ കാണാനാവുക. ചില സിനിമകള്‍ ഒരു തവണ മാത്രമാവും കാണാന്‍ അവസരം. പ്രീമിയറിന് ശേഷം പിന്‍വലിക്കപ്പെടുന്ന സിനിമകളുമുണ്ട്. സിനിമകള്‍ കൂടാതെ മുന്‍ ഫെസ്റ്റിവലുകളില്‍ നിന്നുള്ള പാനല്‍ ചര്‍ച്ചകളും ഫെസ്റ്റിവലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ജാക്കി ചാന്‍, ഗ്വില്ലെര്‍മോ ഡെല്‍ ടോറോ, ഫ്രാന്‍സിസ് ഫോര്‍ഡ് കപ്പോള, സ്റ്റീഫന്‍ സോഡര്‍ബെര്‍ഗ് എന്നിവരൊക്കെ ഉള്‍പ്പെടുന്ന ചര്‍ച്ചകള്‍ ഇക്കൂട്ടത്തിലുണ്ട്. ഇതിനകം രണ്ട് ലക്ഷത്തിലേറെ സബ്സ്ക്രൈബേഴ്‍സാണ് ഈ യുട്യൂബ് ചാനലിന് ലഭിച്ചിരിക്കുന്നത്. 

Follow Us:
Download App:
  • android
  • ios