Asianet News MalayalamAsianet News Malayalam

Priyadarshan : 'കുറുപ്പിനോട് ഞങ്ങള്‍ക്ക് നന്ദിയുണ്ട്'; പ്രിയദര്‍ശന്‍ പറയുന്നു

മരക്കാര്‍ റിലീസിനു മുന്നോടിയായി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പ്രിയദര്‍ശന്‍

we are thankful to kurup movie says priyadarshan marakkar release
Author
Thiruvananthapuram, First Published Nov 30, 2021, 10:42 PM IST

കൊവിഡ് രണ്ടാം തരംഗത്തിനു ശേഷം തുറന്ന തിയറ്ററുകളിലേക്ക് പ്രേക്ഷകര്‍ എത്തുമെന്ന് തെളിയിച്ച സിനിമയാണ് ദുല്‍ഖര്‍ സല്‍മാന്‍ നായകനായ 'കുറുപ്പെ'ന്ന് (Kurup) പ്രിയദര്‍ശന്‍ (Priyadarshan), ആ ചിത്രത്തോട് തങ്ങള്‍ക്ക് നന്ദിയുണ്ടെന്നും പ്രിയന്‍ പറഞ്ഞു. മോഹന്‍ലാലിനെ (Mohanlal) നായകനാക്കിയുള്ള തന്‍റെ ബിഗ് ബജറ്റ് ചിത്രം 'മരക്കാറി'ന്‍റെ (Marakkar) റിലീസിന് മുന്നോട്ടിയായുള്ള വാര്‍ത്താ സമ്മേളനത്തിലാണ് പ്രിയദര്‍ശന്‍റെ പ്രതികരണം. നിലവിലെ പശ്ചാത്തലത്തില്‍ തിയറ്ററില്‍ വന്ന് ആളുകള്‍ സിനിമ കാണാന്‍ തയ്യാറാവുമോ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

"നമ്മുടെ നാട്ടില്‍ ആകെയുള്ള ഒരു വിനോദം എന്നത് സിനിമയാണ്. അതുകൊണ്ട് തീര്‍ച്ഛയായും ആളുകള്‍ തിയറ്ററുകളിലേക്ക് പോകും. അതായിരുന്നു കുറുപ്പ് എന്നു പറയുന്ന പടത്തിന്‍റെ ഏറ്റവും വലിയ വിജയം. ആളുകള്‍ തിയറ്ററുകളില്‍ വന്നു അത് കാണാനായിട്ട്. ആ സിനിമയോട് ഞങ്ങള്‍ക്ക് നന്ദിയുണ്ട്. ആളുകള്‍ ഇപ്പോഴും തിയറ്ററിലേക്ക് വരുമെന്ന് ആ സിനിമ കാണിച്ചുതന്നു", പ്രിയദര്‍ശന്‍ പറഞ്ഞു.

മരക്കാറിനെക്കുറിച്ച് തനിക്കുള്ള ആത്മവിശ്വാസത്തെക്കുറിച്ചും ബാഹുബലിക്ക് സമാനമായ ചിത്രത്തിന്‍റെ സ്കെയിലിനെക്കുറിച്ചും പ്രിയദര്‍ശന്‍ പറഞ്ഞു- "മരക്കാറിന്‍റെ കാര്യത്തില്‍ ടെന്‍ഷന്‍ ഇല്ല. ഈ സിനിമ പ്രേക്ഷകര്‍ സ്വീകരിക്കും എന്നാണ് എന്‍റെ വിശ്വാസം. ചിത്രം സിനിമയുടെ റിലീസിന്‍റെ തലേന്ന് സിനിമ കണ്ടിട്ട് എന്‍റെ കാറില്‍ ഞാനും ലാലും കൂടി വരുമ്പോള്‍ ലാല്‍ എന്നോട് പറഞ്ഞു, ഈ സിനിമ നിന്‍റെ തൊപ്പിയില്‍ ഒരു തൂവല്‍ ആയിരിക്കുമെന്ന്. മറ്റെല്ലാ സിനിമകളും, കിലുക്കം പോലുള്ള ഹിറ്റ് സിനിമകള്‍ പോലും പ്രേക്ഷകര്‍ എങ്ങനെ സ്വീകരിക്കുമെന്ന് ഒരു ഭയം എനിക്ക് ഉണ്ടായിരുന്നു. ആ ഭയമില്ലാതെ റിലീസ് ചെയ്‍ത ഒരു സിനിമ ചിത്രമായിരുന്നു. അതിനു ശേഷം ഭയമില്ലാതെ റിലീസ് ചെയ്യുന്ന ഒരു സിനിമയാണ് മരക്കാര്‍". 

വലുപ്പത്തിന്‍റെ കാര്യത്തില്‍ ബാഹുബലിയും മരക്കാറും തമ്മില്‍ സാമ്യമുണ്ടെങ്കിലും അടിസ്ഥാനപരമായ ചില വ്യത്യാസങ്ങളുമുണ്ടെന്നും അദ്ദേഹം പറഞ്ഞു- "ബാഹുബലിയും കുഞ്ഞാലിമരക്കാരും തമ്മില്‍ രണ്ട് പ്രധാന വ്യത്യാസങ്ങളാണുള്ളത്. ബാഹുബലി പൂര്‍ണ്ണമായും ഭാവനാസൃഷ്‍ടിയാണ്. ഇവിടെ ഒരല്‍പ്പം ചരിത്രമുണ്ട്. ബാഹുബലിയുടെയും മരക്കാരുടെയും കാന്‍വാസ് വലുപ്പത്തില്‍ ഒന്നുതന്നെയാണ്. ഫാന്‍റസിയില്‍ നമുക്ക് എന്ത് അതിരുകളെയും മറികടക്കാം. പക്ഷേ കണ്ടാല്‍ 'ഇത് സംഭവിച്ചേക്കാം' എന്നു തോന്നുന്ന ഒരു ബാലന്‍സ് മരക്കാറിലുണ്ട്. ഈ വ്യത്യാസമാണ് രണ്ട് ചിത്രങ്ങള്‍ക്കുമിടയില്‍ ഉള്ളത്", പ്രിയദര്‍ശന്‍ കൂട്ടിച്ചേര്‍ത്തു. മോഹന്‍ലാലും ആന്‍റണി പെരുമ്പാവൂരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു.

Follow Us:
Download App:
  • android
  • ios