"ഷൈനിന് മാപ്പ് കൊടുക്കാനൊന്നും നിർമ്മാതാക്കൾ തീരുമാനിച്ചിട്ടില്ല"

നടന്‍ ഷൈന്‍ ടോം ചാക്കോയ്ക്ക് അവസാന അവസരം നല്‍കുകയാണെന്ന് പറഞ്ഞ സിനിമയിലെ സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്കയ്ക്ക് വിമര്‍ശനവുമായി നിര്‍മ്മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍. ഷൈന്‍ ടോം ചാക്കോയ്ക്ക് ഒരു അവസരം കൂടി കൊടുക്കാന്‍ സൗകര്യമില്ലെന്നും ഫെഫ്ക പറഞ്ഞത് അവരുടെ കാര്യം മാത്രമാണെന്നും പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ വൈസ് പ്രസിഡന്‍റ് ജി സുരേഷ് കുമാര്‍. 

"ഷൈനിന് മാപ്പ് കൊടുക്കാനൊന്നും നിർമ്മാതാക്കൾ തീരുമാനിച്ചിട്ടില്ല. ലഹരി ഒരിക്കലും മാപ്പ് അർഹിക്കാത്ത കാര്യമാണ്", സുരേഷ് കുമാര്‍ പറഞ്ഞു. സംവിധായകരും ഫെഫ്ക ഭാരവാഹികളുമായ ബി ഉണ്ണികൃഷ്ണനെയും സിബി മലയിലിനെയും പേരെടുത്തു വിമർശിച്ചാണ് ജി സുരേഷ് കുമാറിന്‍റെ പ്രതികരണം. അതേസമയം ഷൈന്‍ ടോം ചാക്കോ വിഷയത്തില്‍ നിലപാട് പ്രഖ്യാപിച്ച ഫെഫ്കയ്ക്ക് എതിരെ ഫിലിം ചേംബറും രംഗത്തെത്തിയിട്ടുണ്ട്. 

ഷൈൻ ടോം ചാക്കോയെ വിളിച്ചു വരുത്താൻ ഫെഫ്‍ക ആരാണെന്നാണ് ചേംബര്‍ ജനറൽ സെക്രട്ടറി സജി നന്ത്യാട്ട് ചോദിച്ചത്. "ഫെഫ്‍ക എട്ടുകാലി മമ്മൂഞ്ഞാവുകയാണ്. തെളിവെടുപ്പിനിടെ ഫെഫ്‍ക നടത്തിയ ഇടപെടൽ ദുരൂഹമാണ്. ഞങ്ങൾ ആണ് എല്ലാം എന്ന് വരുത്തി തീർക്കാനുള്ള നീക്കമാണ് ഫെഫ്‍ക നടത്തുന്നത്". അത് അനുവദിക്കില്ലെന്ന് സജി നന്ത്യാട്ട് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

ലഹരി ഉപയോഗിച്ചുവെന്ന് ഷൈന്‍ ടോം ചാക്കോ സമ്മതിച്ചുവെന്നും അദ്ദേഹത്തിന് അവസാനം അവസരം നല്‍കുകയാണെന്നുമാണ് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്‍ ദിവസങ്ങള്‍ക്ക് മുന്‍പ് കൊച്ചിയില്‍ പറഞ്ഞത്. വീണ്ടും അവസരം നല്‍കിയത് ദൗര്‍ബല്യമായി കാണരുതെന്നും ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞിരുന്നു. "ഇനി ആവര്‍ത്തിച്ചാല്‍ കര്‍ശനമായ നടപടിയുണ്ടാവും. മലയാള സിനിമയില്‍ ലഹരി മാഫിയ പിടിമുറുക്കി എന്ന രീതിയിലാണ് നിരന്തരം വാര്‍ത്തകള്‍ വരുന്നത്. എന്നാല്‍ മലയാള സിനിമാ രംഗം അടുത്ത രണ്ട്, മൂന്ന് മാസങ്ങളില്‍ നിലയ്ക്കുന്ന അവസ്ഥയാണ്. അത്തരം ഒരു അവസ്ഥയില്‍ ഇത്തരം പെരുമാറ്റം ഉള്ളവരുമായി സഹകരിക്കുന്നത് ബുദ്ധിമുട്ടാകും. ഷൈന്‍ ടോം ചാക്കോയുമായി തുറന്ന് സംസാരിച്ചു. അദ്ദേഹത്തിന്‍റെ കുടുംബവും ഉണ്ടായിരുന്നു. അദ്ദേഹം ഒരു അവസരം കൂടി ആവശ്യപ്പെടുകയായിരുന്നു. ഷൈന്‍ പ്രതിഭയുള്ള അഭിനേതാവാണ്. ഇത്തരം തെറ്റുകളില്‍ പെടുന്നവര്‍ക്ക് തിരുത്താന്‍ ഒരു അവസരം കൊടുക്കുക എന്നതാണ് മാനുഷികമായ നിലപാട്. എന്നാല്‍ ഈ നിലപാട് ദൗര്‍ബല്യമായി കരുതരുത്", ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞിരുന്നു.

അതേസമയം ഷൈൻ ടോം ചാക്കോയ്ക്കെതിരെ വിൻസി അലോഷ്യസിന്റെ പരാതി ശരിവച്ച് നടി അപർണ്ണ ജോൺസും രംഗത്ത് എത്തിയിട്ടുണ്ട്. സൂത്രവാക്യം സിനിമയുടെ സെറ്റിൽ ഷൈൻ തന്നോടും മോശമായി പെരുമാറിയെന്ന് നടി ആരോപിച്ചു. ലൈംഗിക ചുവയോടെയുള്ള തീർത്തും മോശമായ സംസാരമായിരുന്നു ഷൈനിന്റേതെന്നും ഷൂട്ടിനിടെ ഇത് വലിയ ബുദ്ധിമുട്ടായെന്നും അപർണ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.

ALSO READ : 'ഉദ്‍ഘാടനങ്ങള്‍ക്ക് വന്‍ തുക'? കമന്‍റുകള്‍ക്ക് മറുപടിയുമായി പ്രേക്ഷകരുടെ 'അപ്പു'

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം