മലയാളി പ്രേക്ഷകരെ കണ്ണീരിലാഴ്‍ത്തിയാണ് പ്രിയപ്പെട്ട ചലച്ചിത്രകാരൻ സച്ചി യാത്രയായത്. കഴിഞ്ഞ ദിവസമായിരുന്നു സച്ചിയുടെ അകാല വിയോഗം. ഒരു ഞെട്ടോലോടെയായിരിക്കും എല്ലാവരും ആ വാര്‍ത്ത കേട്ടിട്ടുണ്ടാകുക. ബിജു മേനോന്റെയടക്കമുള്ള നിരവധി താരങ്ങളുടെയും സാധാരണക്കാരുടെയും അടുത്ത സുഹൃത്തായിരുന്നു സച്ചി. സച്ചിയുടെ വിയോഗം അത്രമേല്‍ സങ്കടമാണ് എല്ലാവര്‍ക്കും ഉണ്ടാക്കുന്നത്. ഇപ്പോഴിതാ ബിജു മേനോനെ സച്ചിയുടെ വിയോഗം എത്രമേല്‍ തളര്‍ത്തിയിട്ടുണ്ടാകും എന്ന് ആലോചിച്ച് മറ്റൊരു സുഹൃത്ത് സുരേഷ് കെ ആര്‍ എഴുതിയ കുറിപ്പ് ആരാധകര്‍ ചര്‍ച്ചയാക്കുന്നു.

സുരേഷ് കെ ആറിന്റെ ഫേസ്‍ബുക്ക് പോസ്റ്റ്

ആ ആംബുലൻസിൽ പ്രിയപ്പെട്ട സച്ചി തൃശൂരിൽ നിന്ന് യാത്രയായി. അയ്യപ്പനെയും കോശിയേയും എല്ലാ പ്രിയപ്പെട്ട കൂട്ടുകാരെയും വഴിയിലുപേക്ഷിച്ച് സിനിമയുടെ അവസാനം  പോലെ. ഒരു പാട് വർഷം മുമ്പ് സച്ചിയുടെ ചങ്കായിരുന്ന ബിജു മേനോനാണ് അന്ന് ബുൾഗാൻ താടിക്കാരനായിരുന്ന സുന്ദരനായ സച്ചിയെ പരിചയപ്പെടുത്തി തരുന്നത്. പിന്നെ എത്രയെത്ര കണ്ടുമുട്ടലുകൾ . 2011 ൽ ബിജുവിന് രണ്ടാമതും സിനിമാ സ്റ്റേറ്റ് അവാർഡു കിട്ടിയപ്പോൾ തൃശൂരിലെ കൂട്ടുകാരൊക്കെ കൂടി ഒരു സ്വീകരണം നൽകാൻ തീരുമാനിച്ചപ്പോൾ രജിതൻ ഡോക്ടറുടെ തൃശൂർ ഔഷധിയിൽ ഉണ്ടായിരുന്ന സച്ചിയോട് ഒരു ഇൻവിറ്റേഷൻ എഴുതി തരണമെന്ന് പറഞ്ഞപ്പോൾ ഒന്ന് ആലോചിക്കുന്നതു കണ്ടു. പിന്നെ വെട്ടും തിരുത്തുമില്ലാതെ അഞ്ച് മിനിറ്റുകൊണ്ട് എഴുതി തന്നതാണ് ഇത്.  ത്യശൂരിന്റ ഹൃദയം കവർന്ന ക്ഷണക്കത്തായിരുന്നു ആ എഴുത്ത്.  2011 ജൂൺ 19നാണ് അതെഴുതിത്തന്നത്. 2011 ജൂലായ് 1നായിരുന്നു ആ സ്വീകരണം.. സ്വീകരണത്തിന് തലേ ദിവസം ഒരു രാത്രി മുഴുവൻ മൂർക്കനിക്കര ജയന്റ പുഴയോരത്തുള്ള വീട്ടിൽ. ഒമ്പത് വർഷങ്ങൾ തികയുന്ന ഇന്ന് ജൂൺ 20ന് സച്ചി തൃശൂരിൽ നിന്ന് യാത്ര പറയാതെ പോയി. ഔഷധിയിൽ വന്ന് പത്ത് ദിവസ ആയുർവേദ ചികിത്സക്കിടയിൽ വൈകുന്നേരമാകുമ്പോൾ വിളി വരും" എന്നെയൊന്ന് വടക്കുംനാഥൻ വരെ കൊണ്ടു വിടെ ടാ" എന്നു പറഞ്ഞ്. പിന്നെ പിന്നെ മീശ മാധവൻ സുധീഷും സുനിൽ ബാബുവും ഷാജൂൻ ചേട്ടനും രാജീവ് നായരും ജോഷിയും ഒക്കെ കൂടി കൊച്ചി സ്റ്റേഡിയത്തിന് പിന്നിലുള്ള സ്കൈ ലൈൻ ഫ്ലാറ്റിൽ ഒത്തുകൂടിയിരിക്കുന്നു.അട്ടപ്പാടിയിൽ അയ്യപ്പനും കോശിയും നടക്കുമ്പോൾ പ്രസാദിനോടും പ്രദീപിനുമൊപ്പം പോയിക്കണ്ടപ്പോഴും " ഇത് കഴിഞ്ഞിട്ട് കാണാടാ " എന്നു പറഞ്ഞു പുറത്തു തട്ടി വിട്ടതാണ്. സിനിമാക്കാരനെയല്ലാ എല്ലാവർക്കും നഷ്‍ടപ്പെട്ടത്. ഹൃദയം നിറയെ സ്നേഹം നിറച്ച ഒരു കളിക്കൂട്ടുകാരനെയാണ്. പ്രിയ സച്ചി, ഇതെഴുതുമ്പോഴും ഓർമ്മകൾ കടൽത്തിരകൾ പോലെ ഇരച്ചു വരുന്നു മടങ്ങിപോകുന്നു. മൊബൈൽ ഫോണിന്റെ സ്ക്രീൻ കണ്ണു നിറയുന്ന കാരണം മങ്ങി പോകുന്നു. പാവം ബിജുവിന്റെ ചങ്ക് തകർന്നിട്ടുണ്ടാകും.