മുംബൈ: കുടിയേറ്റ തൊഴിലാളികളേക്കുറിച്ച് ആകുലപ്പെടേണ്ടത് എസി മുറികളില്‍ ഇരുന്ന് ട്വീറ്റ് ചെയ്തല്ലെന്ന് ചലചിത്ര താരം സോനു സൂദ്. സിനിമകളില്‍ തുടര്‍ച്ചയായി വില്ലന്‍ വേഷത്തിലെത്തുന്ന സോനു സൂദ് യഥാര്‍ത്ഥ ജീവിതത്തില്‍ ഹീറോയാകുന്നകാഴ്ചകളാണ് മുംബൈയില്‍ നിന്നുമുള്ളത്. കുടിയേറ്റ തൊഴിലാളികള്‍ക്കും കൊവിഡ് 19 വ്യാപനം തടയാന്‍ പ്രഖ്യാപിച്ച ലോക്ക്ഡൌണില്‍ വലഞ്ഞവര്‍ക്കും സഹായങ്ങളുമായി കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ മുന്‍ നിരയില്‍ തന്നെയുണ്ട് സിനിമകളിലെ സ്ഥിരം 'വില്ലന്‍'. 

രാജ്യത്തിന്‍റെ ഹൃദയമിടിപ്പാണ് ഈ തൊഴിലാളികള്‍. ദേശീയ പാതകളിലൂടെ ആയിരക്കണക്കിന് കിലോമീറ്ററുകള്‍ കുട്ടികളേയും കൂട്ടി കാല്‍നടയായി അവര്‍ പോകുന്നത് കണ്ട് എസി മുറിയിലിരുന്ന് ട്വീറ്റ് ചെയ്തല്ല ആശങ്ക പ്രകടിപ്പിക്കേണ്ടതെന്ന് സോനു സൂദ് ദേശീയ മാധ്യമങ്ങളോട് പറഞ്ഞു. അത്തരമൊരു അവസ്ഥയില്‍ നിരത്തിലെത്താതെ അത് നമ്മുക്ക് മനസിലാവില്ല. നമ്മള്‍ അവര്‍ക്കായി പ്രവര്‍ത്തിച്ചില്ലെങ്കില്‍ അവരുടെ വിശ്വാസമാണ് തകര്‍ന്നുപോവുന്നതെന്ന് താരം പറഞ്ഞു. അതുകൊണ്ടാണ് അവരുടെ യാത്രകള്‍ക്കായി വാഹനങ്ങളും വിവിധ സര്‍ക്കാരുകളില്‍ നിന്ന് യാത്രാ പാസുകള്‍ സംഘടിപ്പിക്കാനുമായി മുന്നില്‍ നില്‍ക്കുന്നതെന്ന് താരം മുംബൈയില്‍ പറഞ്ഞു. ലോക്ക്ഡൌണ്‍ കാലത്ത് തന്‍റെ ഒരേയൊരു ജോലി ഇതായിട്ടുണ്ടെന്നും താരം പറഞ്ഞു. 

കുടിയേറ്റ തൊഴിലാളികളാണ് രാജ്യത്തിന്‍റെ മുഖം. നമ്മുക്ക് വീടൊരുക്കാനാണ് അവര്‍  പണിയെടുക്കുന്നത്. ഇന്നവരെ സഹായിക്കാന്‍ സാധിച്ചില്ലെങ്കില്‍ ഒരു മനുഷ്യനെന്ന നിലയില്‍ തനിക്ക് കുറ്റബോധം തോന്നുമെന്നും സോനു സൂദ് പറയുന്നു. അവരെ ദേശീയ പാതകളില്‍ മരിച്ച് വീഴാനോ നിരത്തുകളില്‍ ഉപേക്ഷിക്കാനോ പാടില്ല. അവരുടെ മാതാപിതാക്കളെ സഹായിക്കാന്‍ ആരുമില്ലായിരുന്നുവെന്ന് ആ കുഞ്ഞുങ്ങള്‍ ചിന്തിക്കുന്ന സാഹചര്യമുണ്ടാവരുതെന്നും സോനു സൂദ് പറഞ്ഞു. 

കുടിയേറ്റ തൊഴിലാളികള്‍ക്ക് യാത്രാ പാസ് അടക്കമുള്ള ബസ് സൌകര്യവും ഭക്ഷണവും ലോക്ക്ഡൌണില്‍ കുടുങ്ങിപ്പോയവര്‍ക്ക് മുംബൈ ജുഹുവിലെ തന്‍റെ ഹോട്ടലില്‍ താമസത്തിനുള്ള സൌകര്യമൊരുക്കിയ താരത്തിന് വലിയ അഭിനന്ദന പ്രവാഹമാണ് സമൂഹമാധ്യമങ്ങളില്‍.