ചെന്നൈ: ചിത്രകാരനായ ആലത്തൂര്‍ സ്വദേശി പ്രണവ് മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിക്കുന്ന ചിത്രം കഴിഞ്ഞ ദിവസം പുറത്തെത്തിയിരുന്നു. സോഷ്യല്‍ മീഡിയകളില്‍ വന്‍ ഹിറ്റായിരുന്നു ഈ ചിത്രങ്ങള്‍. 'രാവിലെ നിയമസഭയിലെ ഓഫീസില്‍ എത്തിയപ്പോള്‍ ഹൃദയസ്പര്‍ശിയായ ഒരു അനുഭവം ഉണ്ടായി' എന്ന വാചകത്തോടെ മുഖ്യമന്ത്രി തന്നെയാണ് പ്രണവിനെ കണ്ടകാര്യം വ്യക്തമാക്കി കുറിപ്പ് പങ്കുവെച്ചത്. ഇതിനൊപ്പം ഇരു കൈകളുമില്ലാത്ത പ്രണവിനൊപ്പമുള്ള ചിത്രങ്ങളും മുഖ്യമന്ത്രി പങ്കുവെച്ചു. 

മുഖ്യമന്ത്രിയുടെ ഈ പോസ്റ്റ് ശ്രദ്ധയില്‍ പെട്ട തമിഴ് സംവിധായകന്‍ എ.ആര്‍ മുരുഗദോസ് പിണറായി വിജയനെ പുകഴ്ത്തി രംഗത്തെത്തിയിരിക്കുന്നു. 'ഇത് എന്തൊരു മനുഷ്യന്‍' ( What A Man) എന്നാണ് മുരുഗദോസ് പ്രണവിന്റെയും മുഖ്യമന്ത്രിയുടെയും ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തുകൊണ്ട് ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്.

പ്രളയദുരിതാശ്വാസ നിധിയിലേക്ക് സംഭാവന സമര്‍പ്പിക്കുന്നതിന് വേണ്ടിയാണ് ബി.കോംകാരനായ പ്രണവ് മുഖ്യമന്ത്രിയെ കാണാനെത്തിയത്. ഈ സംഭാവന പ്രണവ് അദ്ദേഹത്തിന് തന്റെ കാല്‍ കൊണ്ട് സമര്‍പിക്കുന്നതിന്റെയും അതേ കാല്‍ കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന് 'ഹസ്തദാനം' നല്‍കുന്നതിന്റെയും കാല്‍ ഉപയോഗിച്ച് സെല്‍ഫി എടുക്കുന്നതിന്റെയും ചിത്രങ്ങളാണ് നിമിഷങ്ങള്‍ക്കുള്ളില്‍ വൈറലായത്.