എന്റെ നാട്ടിൽ മരണം വരെ വർഗീയത നടക്കില്ല. ടാക്സ് അടക്കുന്ന ഒരു മണ്ടന്‍ ആണ് താന്‍ എന്നും. അഭിപ്രായം പറഞ്ഞാല്‍ കുടുംബത്തെ വിമര്‍ശിക്കാനെത്തുന്നവരോട് തനിക്ക് ഒരു ഭാര്യയും നാലുകുട്ടികളുമാണ് ഉള്ളതെന്നും അജു

തിരുവനന്തപുരം: പാലക്കാട് ജില്ലയില്‍ ഗര്‍ഭിണിയായ കാട്ടാന ദുരൂഹ സാഹചര്യത്തില്‍ ചരിഞ്ഞ സംഭവത്തില്‍ മലപ്പുറത്തെ പരാമര്‍ശിച്ച ബിജെപി നേതാവ് സന്ദീപ് വാര്യര്‍ക്ക് മറുപടിയുമായി നടന്‍ അജു വര്‍ഗീസ്. കാട്ടാന ചരിഞ്ഞത് മലപ്പുറം ജില്ലയിലാണെന്നായിരുന്നു സന്ദീപ് ജി വാര്യരുടെ ഹാഷ്ടാഗ് വിശദമാക്കിയിരുന്നത്. ഒരു മാധ്യമത്തിന് നല്‍കിയ പ്രതികരണത്തില്‍ ഹാഷ്ടാഗ് തിരുത്താന്‍ തയ്യാറല്ലെന്നും സന്ദീപ് പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അജു വര്‍ഗീസ് സന്ദീപ് വാര്യര്‍ക്ക് ഫേസ്ബുക്ക് കുറിപ്പിലൂടെ മറുപടി നല്‍കിയത്.

മലപ്പുറം എന്ത് ചെയ്തു. എനിക്കറിയണം. എന്റെ നാട്ടിൽ മരണം വരെ വർഗീയത നടക്കില്ല. ടാക്സ് അടക്കുന്ന ഒരു മണ്ടന്‍ ആണ് താന്‍ എന്നും. അഭിപ്രായം പറഞ്ഞാല്‍ കുടുംബത്തെ വിമര്‍ശിക്കാനെത്തുന്നവരോട് തനിക്ക് ഒരു ഭാര്യയും നാലുകുട്ടികളുമാണ് ഉള്ളതെന്നും അജു ഫേസ്ബുക്ക് കുറിപ്പില്‍ വിശദമാക്കുന്നു. 

അജു വര്‍ഗീസിന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം

ഫ്രഷ്... ഫ്രഷ്
എനിക്ക് 4 കുട്ടികൾ ഒരു ഭാര്യ... രീതി വെച്ച് അറിയിച്ചു എന്നേയുള്ളു.. അഭിപ്രായം പറഞ്ഞാൽ കുടുംബം ആണല്ലോ ശീലം...
പക്ഷെ ഇവിടെ.. എന്റെ നാട്ടിൽ...മരണം വരെ വർഗീയത നടക്കില്ല... എനിക്ക് രാഷ്‌ടീയയം ഇല്ലാ..Tax അടക്കുന്ന ഒരു മണ്ടൻ ആണ് ഞാൻ...മണ്ടൻ മാത്രം

മലപ്പുറം എന്ത് ചെയ്തു... എനിക്കറിയണം

അതേസമയം പാലക്കാട് കാട്ടാനയെ കൊല്ലാന്‍ സ്ഫോടക വസ്തു വച്ചത് തേങ്ങയിലാണെന്ന് അറസ്റ്റിലായ വില്‍സന്‍ അന്വേഷണ സംഘത്തോട് വ്യക്തമാക്കി. പൈനാപ്പിളിൽ വച്ച സ്ഫോടക വസ്തുവാണ് ആനയുടെ ജീവനെടുത്തത് എന്നായിരുന്നു പ്രചാരണം. കാട്ടുപന്നിയെ സ്ഥിരമായി വേട്ടയാടാറുണ്ടെന്നും വിൽസന്‍ മൊഴി നൽകി. ടാപ്പിംഗ് തൊഴിലാളിയും പാട്ടകര്‍ഷകനുമായ ഇയാള്‍ കേസിലെ മൂന്നാം പ്രതിയാണ്. ഒളിവിലുള്ള മുഖ്യപ്രതികളായ അമ്പലപ്പാറയിലെ തോട്ടം ഉടമ അബ്‍ദുല്‍ കരീം മകന്‍ റിയാസുദ്ദീന്‍ എന്നിവര്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. നിലമ്പൂരില്‍ നിന്നാണ് അബ്‍ദുല്‍ കരീം സ്ഫോടക വസ്തു എത്തിച്ചത്. 

കൃഷിയിടങ്ങളിൽ വച്ച പന്നിപ്പടക്കമാണ് ആനയുടെ ജീവൻ അപകടത്തിലാക്കിയതെന്നാണ് വിവരം. കഴിഞ്ഞ മാസം 27 നാണ് വെള്ളിയാർ പുഴയിൽ വച്ച് കാട്ടാന ചെരിഞ്ഞത്. വീര്യംകുറഞ്ഞ സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് കാട്ടാനയ്ക്കുണ്ടായ മുറിവിന് രണ്ടാഴ്ചയിലേറെ പഴക്കുമുണ്ടെന്നാണ് നിഗമനം. സൈലന്‍റ് വാലി ബഫർ സോണിനോട് ചേർന്നുകിടക്കുന്ന തോട്ടങ്ങളിൽ കാട്ടാനയുൾപ്പെടെയുളള വന്യ മൃഗങ്ങളുടെ ശല്യം രൂക്ഷമെന്ന് പരാതിയുണ്ടായിരുന്നു. സാധാരണ ഗതിയിൽ ഇവയെ അകറ്റാൻ വീര്യംകുറഞ്ഞ സ്ഫോടക വസ്തുക്കൾ ഭക്ഷണത്തിൽ പൊതിഞ്ഞ് വയ്ക്കുന്ന പതിവുമുണ്ട്. ഇത്തരത്തിലാണ് അമ്പലപ്പാറയിലെത്തിയ ആനയ്ക്കും പരിക്കേറ്റതെന്ന നിഗമത്തിലാണ് സംയുക്ത അന്വേഷണ സംഘമുള്ളത്. 

എന്നാല്‍ പരിക്കേറ്റ ആന ദിവസങ്ങളോളം ജനവാസ മേഖലയിലുൾപ്പെടെ നിലയുറപ്പിച്ചിട്ടും മതിയായ ചികിത്സ നൽകുന്നതിന് വനംവകുപ്പ് മുൻകൈ എടുത്തില്ലെന്ന ആരോപണം ശക്തമാണ്. നിരവധി തവണ പരാതിപ്പെട്ടിട്ടും ആനയെ കാട്ടിലേക്ക് തിരിച്ചയക്കാൻ മാത്രമാണ് വനപാലകർ ശ്രമിച്ചതെന്ന് നാട്ടുകാർ ആരോപിക്കുന്നു. ഇക്കാര്യത്തിൽ കഴമ്പില്ലെന്നും മൃഗഡോക്ടറുടെയടക്കം സേവനം തേടിയിരുന്നെന്നുമാണ് വനംവകുപ്പ് വിശദീകരണം.