നടൻ കൃഷ്ണകുമാറിന് ജന്മദിനാശംസകൾ നേർന്ന് മകൾ ദിയ കൃഷ്ണ. കൃഷ്ണകുമാറിന്‍റെ കുടുംബം വലിയ പ്രശ്നങ്ങൾ നേരിടുന്ന സമയമാണിത്.

നടൻ കൃഷ്ണകുമാറിന് ജന്മദിനാശംസകൾ നേര്‍ന്ന് മകൾ ദിയ കൃഷ്ണ. വലിയ അടിക്കുറിപ്പുകളൊന്നും എഴുതി ബോറടിപ്പിക്കുന്നില്ലെന്നും തന്‍റെ അച്ഛനെക്കുറിച്ച് നിങ്ങൾക്ക് എന്തു തോന്നുന്നുവെന്ന് പറയാൻ ഫോളവേഴ്സിനോട് അഭ്യര്‍ത്ഥിച്ചുമാണ് ദിയയുടെ കുറിപ്പ്. കൃഷ്ണകുമാറിന്‍റെ കുടുംബം വലിയ പ്രശ്നങ്ങൾ നേരിടുന്ന സമയമാണ് ഇത്. നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറിന്റെ മകള്‍ ദിയ കൃഷ്ണയുടെ 'ഓ ബൈ ഓസി' എന്ന സ്ഥാപനത്തിലെ ജീവനക്കാർക്കെതിരായ സാമ്പത്തിക തട്ടിപ്പ് പരാതി കേരളം വലിയ തോതിൽ ചര്‍ച്ച ചെയ്യുകയാണ്.

കുടുംബത്തെ സംരക്ഷിക്കാനായി താൻ ഏതറ്റം വരെയും പോകുമെന്നാണ് നടൻ കൃഷ്ണ കുമാർ ഒടുവിൽ പ്രതികരിച്ചത്. തങ്ങൾക്ക് ഒരു പ്രശ്നം വന്നാൽ അച്ഛൻ കൂടെ നിൽക്കുമെന്ന വിശ്വാസം മക്കൾക്കുണ്ടെന്നും ഈ പ്രശ്നങ്ങൾക്കിടയിലും തങ്ങൾക്കൊപ്പം നിന്ന കേരളക്കരയ്ക്ക് ഒരുപാട് നന്ദിയെന്നും കൃഷ്ണ കുമാർ പറഞ്ഞു. നിലവിലെ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിയുടെ ഓഫീസിൽ പോയിരുന്നു. അവിടെ നിന്നും ലഭിച്ച മറുപടി വളരെയധികം റിലീഫ് നൽകുന്നതായിരുന്നുവെന്നും കൃഷ്ണ കുമാർ അറിയിച്ചു.

"ഒരുഘട്ടത്തിൽ ഈ പ്രശ്നങ്ങൾ എനിക്കും മകൾക്കുമെതിരെ നടക്കുന്ന ​ഗൂഢാലോചനയായിട്ട് എനിക്ക് തോന്നി. ഏറ്റവും ഉന്നത സ്ഥാനത്ത് പോയി പരാതി പറയാനാണ് എനിക്ക് തോന്നിയത്. അങ്ങനെ മുഖ്യമന്ത്രിയുടെ ഓഫീസിൽ പോയി. സംസാരിച്ച് പത്ത് മിനിറ്റ് കഴിഞ്ഞപ്പോൾ അവർക്ക് മുഴുവൻ കാര്യങ്ങളും പിടികിട്ടി. ഏറ്റവും ഉചിതമായ നടപടി എടുത്തിരിക്കും അന്വേഷണം കൃത്യമായിരിക്കും ഒരു കാരണവശാലും ഭയക്കണ്ടെന്ന ഉറപ്പ് എനിക്കും എന്‍റെ മകളെ വിളിച്ചും അവർ പറഞ്ഞു. ആര് ഭരിച്ചാലും, ഞാൻ ഏത് പാർട്ടിയിൽ വിശ്വസിക്കുന്ന ആളായാലും ആര് നല്ലത് ചെയ്താലും നല്ലത് നല്ലത് തന്നെയാണ്. ഞങ്ങളെ സംബന്ധിച്ചിടത്തോളം മുഖ്യമന്ത്രിയുടെ ഓഫീസിന്‍റെ നടപടി വളരെയധികം റിലീഫ് നൽകി. മുഖ്യമന്ത്രിയുടെ ഓഫീസിനെ അഭിനന്ദിക്കുകയും ചെയ്തിരുന്നു", എന്ന് കൃഷ്ണകുമാർ പറയുന്നു. മെയ്ൻ സ്ട്രീം ഒൺ എന്ന യുട്യൂബ് ചാനലിനോട് ആയിരുന്നു കൃഷ്ണ കുമാറിന്റെ പ്രതികരണം.

ചിലർ ചോദിച്ചു നിങ്ങളാരാ പൊലീസിനെ പോലെ ചോദ്യം ചോദിക്കാൻ എന്ന്. അവനവന്‍റെ പണം പോകുമ്പോൾ അവനവന് അറിയാം. വല്ലവന്‍റേയപം പണം പോകുമ്പോഴാണ് സിമ്പതി തോന്നുന്നത്. അന്ന് വീഡിയോ എടുത്ത് വച്ചത് നന്നായി ഇല്ലെങ്കിൽ കഥ മാറിപ്പോയേനെയെന്നും കൃഷ്ണ കുമാർ പറയുന്നു. "ആ പെൺകുട്ടികൾ പറയുന്നത് ​ഗുരുതരമായ ആരോപണങ്ങളാണ്. ഞാനവരെ തട്ടിക്കൊണ്ടു പോയി, എന്തിനേറെ ഇന്നലെ ബലാത്സം​ഗ ശ്രമം എന്ന് വരെ എഴുതി വച്ചിട്ടുണ്ട്. ചാനലിൽ സംസാരിക്കുമ്പോൾ പറയുന്നത് ജാതിയാണ്. ജാതി ബുദ്ധിമുട്ടുള്ളവരാണ് ഞങ്ങളെങ്കിൽ അങ്ങനെ ഉള്ളവരെ നോക്കി എടുത്താൽ പോരെ ഞങ്ങൾക്ക്. ഞാനും എന്റെ ഭാര്യയും രണ്ട് ജാതിക്കാരാണ്. ദിയ കല്യാണം കഴിച്ചത് വേറെ ജാതിയിൽ നിന്നാണ്. ഇതൊന്നും എന്നെ ബാധിക്കാത്ത കാര്യങ്ങളാണ്", എന്നും കൃഷ്ണ കുമാർ പറ‍ഞ്ഞു.

"ഒരുകാരണവശാലും അന്യന്റെ സ്വത്തിൽ മോഹം വരരുതെന്നാണ് ഞാനെന്റെ എന്റെ പിള്ളേരെ പറഞ്ഞ് പഠിപ്പിച്ചിരിക്കുന്നത്. ഞാൻ പ്രതികരിച്ചത് കടുത്തു പോയെന്ന് ചിലരൊക്കെ പറയും. പക്ഷേ അവനവന്റെ മക്കൾക്ക് എന്തെങ്കിലും പറ്റിയെന്ന് അറിഞ്ഞാൽ പാനിക് ആകും. ​ഗർഭിണിയായിരിക്കുന്ന എന്റെ മകളെ പാതിരാത്രി ഒരുത്തൻ വിളിച്ചാൽ ഞാൻ നിഷിധമായ ഭാഷയിൽ സംസാരിക്കും. അവർക്കൊരു ആവശ്യം വരുമ്പോൾ അച്ഛൻ കൂടെ നിൽക്കുമെന്ന വിശ്വാസം അവർക്കുണ്ട്. അതിൽ ന്യായവും കൂടി ഉണ്ടെങ്കിൽ ഞാൻ ഏത് ലെവലിലോട്ട് വരെയും പോകും. കുടുംബത്തെ സംരക്ഷിക്കാൻ", എന്നും കൃഷ്ണ കുമാർ കൂട്ടിച്ചേർത്തു.