Asianet News MalayalamAsianet News Malayalam

2023 മലയാള സിനിമ 4+9 വിജയം, നഷ്ടം 500 കോടി! ബോക്സോഫീസിൽ മറുനാടൻ തൂക്കിയടിയും; മമ്മൂട്ടിയുടെ വർഷവും

തിയറ്ററിലെ ഈ വർഷം ഏറ്റവും വലിയ നേട്ടം കൊയ്തത് 2018 ആണ്. 30 കോടി ബജറ്റില്‍ നിര്‍മിച്ച ചിത്രം ബോക്‌സ്ഓഫിസില്‍നിന്ന് നേടിയത് 200 കോടിയോളം രൂപയാണ്

What happened to Malayalam movie 2023 Complete details Boxoffice analysis malayalam film industry Mammootty Hit Man asd
Author
First Published Dec 21, 2023, 1:55 AM IST

ഒരു വർഷം കണ്ണടച്ച് തുറക്കുന്ന വേഗത്തിൽ മുന്നിലൂടെ ഒറ്റയടിക്ക് ഓടിപ്പോകുന്നു. 2024 പുലരാൻ ഇനി പത്ത് രാത്രികൾ കൂടി മാത്രം. ചിലർക്ക് 2023 പ്രതീക്ഷയുടെയും സന്തോഷത്തിന്‍റെയും വർഷമായപ്പോൾ മറ്റുചിലർക്ക് അത് നഷ്ടങ്ങളുടെയും വേദനകളുടേതുമായിരുന്നു. മലയാള സിനിമയ്ക്ക് 2023 എങ്ങനെയുള്ള വർഷമായിരുന്നു? എത്ര സിനിമകളാണ് ഇത്തവണ വലിയ പ്രേക്ഷകപ്രീതി നേടിയത്? ഏതൊക്കെയാണ് പ്രതീക്ഷിച്ച വിജയമാകാതെ പോയത്? വർഷം കടന്നുപോകുമ്പോൾ അങ്ങനെ നിരവധി ചോദ്യങ്ങൾക്ക് കൂടി മലയാള സിനിമയുടെ ഉത്തരം നമുക്ക് കണ്ടെത്തേണ്ടതുണ്ട്.

What happened to Malayalam movie 2023 Complete details Boxoffice analysis malayalam film industry Mammootty Hit Man asd

200 കോടി നേടിയ 2018

കണക്കുകൾ പരിശോധിച്ചാൽ 2023 മലയാള സിനിമയെ സംബന്ധിച്ച് അത്ര നല്ല വർഷമായിരുന്നില്ല എന്ന് ചുരുക്കി പറയാം. റിലീസായ ചിത്രങ്ങളിൽ ഏറിയപങ്കും ബോക്സ് ഓഫീസിൽ തകർന്നടിയുന്ന കാഴ്ചയാണ് 2023 കണ്ടത്. അതേസമയം ചില അപ്രതീക്ഷിത നേട്ടങ്ങൾ കിട്ടിയ വര്ഷവുമായിരുന്നു ഇതെന്ന് കൂടി എടുത്തുപറയേണ്ടിവരും. നേട്ടങ്ങളെക്കുറിച്ച് പറയുമ്പോൾ 2018 സിനിമയുടെ  ഓസ്കർ എൻട്രിയെക്കുറിച്ചുതന്നെ ആദ്യം പറയണം. ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കര്‍ എന്‍ട്രി ആയാണ് 2018 തെരഞ്ഞെടുക്കപ്പെട്ടത്. കേരളം ഒരിക്കലും മറക്കാത്ത 2018 ലെ പ്രളയവും അതിജീവനവും പ്രമേയമാക്കിയ സിനിമ സംവിധാനം ചെയ്തത് ജൂഡ് ആന്റണി ജോസഫ് ആയിരുന്നു. കുഞ്ചാക്കോ ബോബൻ, ടോവിനോ, ആസിഫ് അലി, അപര്‍ണ ബാലമുരളി, വിനീത് ശ്രീനിവാസന്‍, നരേന്‍, സുധീഷ്, ലാല്‍, തന്‍വി റാം, ഗൗതമി നായർ...തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ടായിരുന്നു.

തിയറ്ററിലെ ഈ വർഷം ഏറ്റവും വലിയ നേട്ടം കൊയ്തത് 2018 ആണ്. 30 കോടി ബജറ്റില്‍ നിര്‍മിച്ച ചിത്രം ബോക്‌സ്ഓഫിസില്‍നിന്ന് നേടിയത് 200 കോടിയോളം രൂപയാണ്. മലയാള സിനിമയെ സംബന്ധിച്ച് അഭിമാനകരവും അപൂർവവുമായ നേട്ടമാണിത്. 2018 ന് കോടി ക്ലബ്ബിൽ ഇടം നേടാനായെങ്കിലും മലയാള സിനിമയുടെ മൊത്തത്തിലുള്ള കാര്യമെടുത്താൽ ഈ വർഷം റിലീസായ പല ചിത്രങ്ങൾക്കും മുടക്കുമുതൽ പോയിട്ട് പോസ്റ്റർ ഒട്ടിച്ച പണം പോലും തിരികെ നേടാനായില്ല എന്നതും ഒരു യാഥാർത്ഥ്യമാണ്. 2023 ഡിസംബർ 8 വരെയുള്ള കണക്കെടുത്താൽ ആകെ റിലീസായത് 209 സിനിമകളാണ്. ഇതിൽ നിർമാതാവിന് മുടക്കു മുതൽ തിരിച്ചു നൽകിയത് 13 സിനിമകൾ മാത്രമാണെന്നതാണ് വലിയ യാഥാർത്ഥ്യം. ക്രിസ്‌മസ്‌ റിലീസുകളടക്കം ഇനി ഈ വർഷം പത്തോളം ചിത്രങ്ങൾകൂടി പുറത്തിറങ്ങാനുണ്ട്. അവ കൂടി പരിഗണിക്കുകയാണെങ്കിൽ ഈ വർഷം ആകെ റിലീസാകുന്ന മലയാള സിനിമകളുടെ എണ്ണം 220 കടക്കും. ഇനി റിലീസാകാനുള്ള സിനിമകളുടെ കൂട്ടത്തിൽ മോഹൻലാലിന്റെ ജീത്തുജോസഫ് ചിത്രം നേര് ഉൾപ്പെടെയുള്ളവയുണ്ട്.

What happened to Malayalam movie 2023 Complete details Boxoffice analysis malayalam film industry Mammootty Hit Man asd

2023 മലയാള സിനിമ 4+9 വിജയം

ഏതൊക്കെയായിരുന്നു ഇക്കൊല്ലത്തെ സൂപ്പർ ഹിറ്റ് സിനിമകൾ? നേരത്തെ പറഞ്ഞതുപോലെ 2018 തന്നെയാണ് ഈ പട്ടികയിലൊന്നാമതുള്ള ചിത്രം. വലിയ പ്രേക്ഷക പിന്തുണയ്‌ക്കൊപ്പം സാമ്പത്തികമായും ഉയർന്ന നേട്ടം കൈവരിക്കാൻ ഈ സിനിമക്കായി. പിന്നാലെയുള്ളത് റോബി വർഗീസ് സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം കണ്ണൂർ സ്‌ക്വാഡ്. കേരള പൊലീസിലെ ഒരു സംഘം പൊലീസ് ഉദ്യോഗസ്ഥരുടെ ജീവിതാനുഭവങ്ങൾ പ്രമേയമാക്കിയ സിനിമ യഥാർത്ഥത്തിൽ നടന്ന ചില സംഭവങ്ങളെ അടിസ്ഥാനമാക്കിയായിരുന്നു നിർമിച്ചത്. ഉദ്വേഗഭരിതമായ കഥാമുഹൂർത്തങ്ങളും വൈകാരികമായ കഥപറച്ചിൽ രീതിയും ചേർന്ന് തിയറ്ററുകളിൽ പ്രേക്ഷകരെ കയ്യിലെടുത്തു. ഒപ്പം കേരള പൊലീസിന്‍റെ ചരിത്രത്തിൽ ശരിക്കുമുണ്ടായ സാഹസികമായ അന്വേഷണ നിമിഷങ്ങൾ കൂടിയാണിതെന്നറിഞ്ഞപ്പോൾ കണ്ണൂർ സ്‌ക്വാഡിനും തിയറ്ററിൽനിന്ന് വൻ നേട്ടം കൊയ്യാനായി.

What happened to Malayalam movie 2023 Complete details Boxoffice analysis malayalam film industry Mammootty Hit Man asd

നഹാസ് ഹിദായത് സംവിധാനം ചെയ്ത ആർ ഡി എക്സ് ആണ് തിയറ്ററിൽ ആളെ നിറച്ച മറ്റൊരു ചിത്രം. തിയറ്ററിൽ ഇടിയുടെ പൊടിപൂരം തീർത്ത ആർ ഡി എക്സ് പ്രധാനമായും യുവാക്കളെ തന്നെയാണ് ആകർഷിച്ചത്. ഷെയ്ൻ നിഗം, നീരജ് മാധവ്, ആന്‍റണി വർഗീസ് പെപ്പെ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം ഒ ടി ടിയിലും തരംഗം തീർത്തു.
ജിത്തു മാധവൻ സംവിധാനം ചെയ്ത ഹൊറർ കോമഡി ചിത്രം രോമാഞ്ചവും ഈ വർഷത്തെ സൂപ്പർ ഹിറ്റായിരുന്നു. വലിയ പ്രൊമോഷനോ ആരവങ്ങളോ ഇല്ലാതെ എത്തിയിട്ടും രോമാഞ്ചത്തിന്‌ ആളുകൾക്കിടയിൽ നല്ല അഭിപ്രായം സൃഷ്ടിക്കാനായി. സൗബിൻ ഷാഹിർ, അർജുൻ അശോകൻ എന്നിവർക്കൊപ്പം ഒരുപിടി പുതുമുഖ താരങ്ങളും അണിനിരന്ന ചിത്രം ഒരു രണ്ടാം ഭാഗത്തിനുള്ള സ്കോപ്പ് ബാക്കി നിർത്തിയാണ് അവസാനിക്കുന്നത്.

മുകളിൽ പറഞ്ഞ നാല് സിനിമകൾ സൂപ്പർ ഹിറ്റുകളായപ്പോൾ ഒമ്പത് സിനിമകൾക്ക് കൂടി തീയറ്ററിൽ ശരാശരിയോ അതിനു മുകളിലോ വിജയം നേടി തിയറ്റർ വിടാനായി. നൻപകൽ നേരത്ത് മയക്കം, നെയ്‌മർ, പ്രണയവിലാസം, പാച്ചുവും അത്ഭുതവിളക്കും, പൂക്കാലം, ഗരുഡൻ, ഫാലിമി, കാതൽ,മധുര മനോഹര മോഹം എന്നിവയായിരുന്നു ഈ ചിത്രങ്ങൾ. ഈ വർഷത്തെ 209 സിനിമകളുടെ നഷ്ടക്കണക്കെടുത്താൽ ഏതാണ്ട് 500 കോടി രൂപ വരുമെന്നാണ് വിലയിരുത്തൽ. പരാജയം നേരിട്ടവരിൽ അധികവും ആദ്യമായി സിനിമ നിർമിക്കാനെത്തിയവരും. 5 കോടി വരെ സാറ്റലൈറ്റ് കിട്ടിയിരുന്ന സിനിമകൾക്ക് 50 ലക്ഷം പോലും കിട്ടാത്ത സ്ഥിതിയാണുള്ളത്. തിയറ്റർ തന്നെയാണ് ഇപ്പോഴും സിനിമകളുടെ പ്രധാന വരുമാന സ്രോതസ്. തിയറ്ററിൽ ഓടി വിജയിച്ചാൽ മാത്രമാണ് ഒ ടി ടി വില്പനയ്ക്കും സാധ്യതയുള്ളത്.

What happened to Malayalam movie 2023 Complete details Boxoffice analysis malayalam film industry Mammootty Hit Man asd

ബോക്സോഫീസിൽ മറുനാടൻ തൂക്കിയടിയും

മലയാള സിനിമകളുടെ കാലിടറിയ 2023 ൽ തമിഴ് സിനിമകൾ കേരള ബോക്സോഫിസിൽ പണം വാരിയെന്നതും കാണാം. 20 കോടിയിലധികം ഷെയർ നേടിയ രജനീകാന്ത് ചിത്രം ‘ജയിലർ’ ആണ് കേരള ബോക്സോഫീസിൽ ഏറ്റവും വലിയ തൂക്കിയടി നടത്തിയ മറുനാടൻ ചിത്രം. ലിയോ, ജിഗർതണ്ട ഡബിൾ എക്സ്, ജവാൻ, പഠാൻ എന്നിവയും മലയാളി പ്രേക്ഷകർ തിയറ്ററിൽ വലിയ ആഘോഷമാക്കിയിരുന്നു. ഒരുപാട് പ്രതീക്ഷയോടെ നിരവധിപേർ ഉറ്റുനോക്കുന്ന ഒരുപിടി ചിത്രങ്ങളാണ് 2024 ൽ മലയാളത്തിലെത്താൻ പോകുന്നത്. അതുകൊണ്ടുതന്നെ 2023 നൽകിയ നിരാശ 2024 അവസാനിപ്പിച്ചുതരുമെന്ന കാത്തിരിപ്പിലാണ് സിനിമ പ്രേക്ഷകരും മലയാളം സിനിമ ഇൻഡസ്ട്രിയും. 

What happened to Malayalam movie 2023 Complete details Boxoffice analysis malayalam film industry Mammootty Hit Man asd

മമ്മൂട്ടിയുടെ വർഷം

2023 ലെ മലയാള സിനിമയെ മമ്മൂട്ടിയുടെ വർഷം എന്ന് വർണിക്കുന്നവരും കുറവാകില്ല. മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം വീണ്ടും മമ്മൂട്ടി നേടിയെടുത്ത വർഷം കൂടിയാണ് കടന്നുപോകുന്നത്. പ്രക്ഷക പ്രശംസയും തീയറ്റുകളിലെ കയ്യടിയും നേടിയെടുത്ത മൂന്ന് ചിത്രങ്ങളാണ് 2023 ൽ മമ്മൂട്ടിയുടെ അക്കൗണ്ടിലുള്ളത്. നൻപകൽ നേരത്ത് മയക്കം, കണ്ണൂർ സ്‌ക്വാഡ്, കാതൽ ദി കോർ ചിത്രങ്ങൾ പ്രേക്ഷകർക്ക് മറക്കാനാകാത്ത അനുഭവമാണ് സമ്മാനിച്ചതെന്ന് നിസ്സംശയം പറയാം. ഈ പ്രായത്തിലും മലയാള സിനിമയുടെ നെടുംതൂണാണ് മമ്മൂട്ടിയെന്ന് ആരാധകർ ഉറപ്പിക്കുന്നതും അതുകൊണ്ടുതന്നെ.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios