റിവ്യൂ വിവാദങ്ങൾക്ക് പിന്നാലെ നടൻ മാധവ് സുരേഷിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് അപ്രത്യക്ഷമായിരുന്നു.
തന്‍റെ അഭിപ്രായം തുറന്നു പ്രകടിപ്പിക്കാന്‍ മടിയില്ലാത്ത ആളാണ് നടന്‍ മാധവ് സുരേഷ്. അതിന്‍റെ പേരില്‍ അദ്ദേഹം പലപ്പോഴും വാര്‍ത്തകളില്‍ ഇടംപിടിക്കാറുമുണ്ട്. ഏറ്റവുമൊടുവില്‍ താന്‍ നായകനായ പുതിയ ചിത്രം അങ്കം അട്ടഹാസത്തിന് ഓണ്‍ലൈനില്‍ ലഭിച്ച നെഗറ്റീവ് റിവ്യൂസിനെക്കുറിച്ചുള്ള മാധവിന്‍റെയും ചിത്രത്തിന്‍റെ നിര്‍മ്മാതാവിന്‍റെയും പ്രതികരണങ്ങള്‍ വലിയ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. യുട്യൂബിലെ പ്രമുഖ റിവ്യൂവര്‍ അശ്വന്ത് കോക്കിനുവേണ്ടി ഒരാള്‍ പണം ആവശ്യപ്പെട്ട് തങ്ങളെ സമീപിച്ചുവെന്ന ഇവരുടെ ആരോപണത്തില്‍ അശ്വന്ത് നടത്തിയ പ്രതികരണം വൈറല്‍ ആയി മാറിയിരുന്നു. എന്നാല്‍ ഈ വിവാദത്തിന് ശേഷം മാധവ് സുരേഷിന്‍റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് അപ്രത്യക്ഷമായിരുന്നു. ഇപ്പോഴിതാ സംഭവിച്ചത് എന്താണെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് മാധവ്.

കമ്യൂണിറ്റി സ്റ്റാന്‍ഡേര്‍ഡ്സ് പിന്തുടരുന്നതില്‍ വീഴ്ച വരുത്തി എന്നത് ചൂണ്ടിക്കാട്ടി ഇന്‍സ്റ്റഗാം തന്നെ തന്‍റെ അക്കൗണ്ട് സസ്പെന്‍ഡ് ചെയ്തിരുന്നതാണെന്ന് മാധവ് സുരേഷ് അറിയിച്ചു. അപ്പീല്‍ നല്‍കിയ മാധവിന് അക്കൗണ്ട് തിരിച്ചു കിട്ടിയിട്ടുണ്ട്. ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെത്തന്നെ സ്റ്റോറി ആയാണ് മാധവ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഒരു യുവ നടന്‍ എന്ന നിലയില്‍ തനിക്ക് വളരാനുള്ള സമയം നല്‍കാതെ കടുത്ത ആക്രമണങ്ങളാണ് പലപ്പോഴും റിവ്യൂവേഴ്സില്‍ നിന്ന് നേരിടേണ്ടിവരുന്നതെന്ന് മാധവ് സുരേഷ് വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചിരുന്നു. ഇതിന് കാരണം എന്താണെന്ന് അറിയില്ലെങ്കിലും അച്ഛന്‍റെ രാഷ്ട്രീയം പോലും അതിന് കാരണമായിരിക്കാമെന്നും മാധവ് പറഞ്ഞിരുന്നു.
അതേസമയം കടുത്ത ഭാഷയിലായിരുന്നു വിഷയത്തില്‍ അശ്വന്ത് കോക്കിന്‍റെ പ്രതികരണം. അങ്കം അട്ടഹാസത്തിന് നെഗറ്റീവ് റിവ്യൂ വരേണ്ടെങ്കില്‍ ഒരു ലക്ഷം തരണമെന്നാണ് അശ്വന്തിനുവേണ്ടി ഒരാള്‍ ആവശ്യപ്പെട്ടത് എന്നായിരുന്നു നിര്‍മ്മാതാവിന്‍റെ പ്രതികരണം. ഒരു ലക്ഷം തന്നെ സംബന്ധിച്ച് ചെറിയ തുകയാണെന്നും പറയുമ്പോള്‍ ഒരു 15 ലക്ഷം എന്നെങ്കിലും പറയണമെന്നുമായിരുന്നു അശ്വന്തിന്‍റെ പ്രതികരണം. ഒപ്പം ഒരു ലക്ഷം ചോദിച്ചതിന് തെളിവ് പുറത്ത് വിടണമെന്നും അശ്വന്ത് കോക്ക് ആവശ്യപ്പെട്ടിരുന്നു. അശ്വന്തിന്‍റെ പ്രതികരണത്തിന് വലിയ പിന്തുണയാണ് പ്രേക്ഷകരുടെ ഭാഗത്തുനിന്ന് പൊതുവില്‍ ലഭിച്ചത്. അതേസമയം അശ്വന്ത് കോക്കിനെതിരെ ചിത്രത്തിന്‍റെ സംവിധായകന്‍ സുജിത്ത് എസ് നായരും സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയിരുന്നു.

