ലോകത്തില്‍ തന്നെ ഏറ്റവും രഹസ്യസ്വഭാവമുള്ള സംഘടനയാണ് ഇലുമിനാറ്റിയെന്നും അതില്‍ ഉള്‍പ്പെട്ടവരെ ഇലുമിനാറ്റികള്‍ എന്ന് പറയും എന്നാണ് മുഖ്യമായ ഒരു വാദം. കലിംഗ യുദ്ധത്തിനു ശേഷം അശോക ചക്രവർത്തിക്കുണ്ടായ വെളിപാടാണ് 'ഇലുമിനാറ്റി'ക്കു പിന്നിലെന്നും ഒരു കഥ ഇന്ത്യയിലും പ്രചാരത്തിലുണ്ട്

തിരുവനന്തപുരം: കേരളത്തില്‍ വീണ്ടും ചര്‍ച്ചകളില്‍ നിറയുകയാണ് ഇലുമിനാറ്റി എന്ന വാക്ക്. ആവേശം സിനിമയിലെ പാട്ട് രാജ്യമെങ്ങും വൈറലായതിന് പിന്നാലെ വിമര്‍ശനവുമായി ബിഷപ്പ് ജോസഫ് കരിയിലും രംഗത്തുവന്നിരുന്നു. ഇതോടെയാണ് വീണ്ടും ഇലുമിനാറ്റി എന്ന വാക്ക് സാമൂഹ്യ മാധ്യമങ്ങളില്‍ ഉള്‍പ്പെടെ ചര്‍ച്ചാവിഷയമായത്. എന്താണ് ഈ ഇലുമിനാറ്റി എന്ന ചര്‍ച്ചയും ഇതോടൊപ്പം സജീവമായിരുന്നു. എന്താണ് ഈ ഇലുമിനാറ്റി?, ആരാണ് ഇലുമിനാറ്റികള്‍?, ഇതും വിശ്വാസങ്ങളുമായി എന്ത് ബന്ധം?, എന്നിങ്ങനെ ഒരുപാട് ചോദ്യങ്ങളാണ് ഉയരുന്നത്. ഒരു പാട്ട് ഉയര്‍ത്തിവിട്ട ആവേശമാണിപ്പോള്‍ ഇലുമിനാറ്റി വിവാദത്തില്‍ എത്തി നില്‍ക്കുന്നത്. ലൂസിഫര്‍ സിനിമ ഇറങ്ങിയപ്പോഴും ഇക്കാര്യം ചര്‍ച്ചയായിരുന്നു.

ഇലുമിനാറ്റിയെക്കുറിച്ച് പല കഥകളും ലോകത്ത് പ്രചരിക്കുന്നുണ്ട്. പലരും പലതരത്തിലാണ് ഇലുമിനാറ്റിക്ക് നല്‍കിയിരിക്കുന്ന അര്‍ത്ഥങ്ങള്‍. ലോകത്തില്‍ തന്നെ ഏറ്റവും രഹസ്യസ്വഭാവമുള്ള സംഘടനയാണ് ഇലുമിനാറ്റിയെന്നും അതില്‍ ഉള്‍പ്പെട്ടവരെ ഇലുമിനാറ്റികള്‍ എന്ന് പറയും എന്നാണ് മുഖ്യമായ ഒരു വാദം. ലോകത്തെ നിയന്ത്രിക്കാന്‍ ശേഷിയുള്ളവരാണ് ഇവരെന്നും വിശ്വസിക്കുന്നവരുണ്ട്. പണം കൊണ്ട് ബുദ്ധി കൊണ്ട് കരുത്ത് കൊണ്ട് കാലത്തെയും കാലാവസ്ഥയെ പോലും പിടിച്ചുകെട്ടാന്‍ കഴിവുള്ളവരാണ് ഇലുമിനാറ്റികള്‍ എന്നാണ് പ്രചരിക്കുന്ന മറ്റു കഥകള്‍. ഇവര്‍ ലോകമെങ്ങും പടര്‍ന്നുകിടക്കുന്നു എന്നാണ് നിഗൂഢ സിദ്ധാതക്കാര്‍ പറയുന്നത്.

1700 കളില്‍ ബവേറിയന്‍ പ്രഫസറാണ് ഇലുമിനാറ്റിക്ക് രൂപം കൊടുത്തത് എന്നാണ് ഇതില്‍ മുഖ്യമായ സിദ്ധാന്തം. നാട്ടില്‍ നിലനില്‍ക്കുന്ന അന്ധവിശ്വാസങ്ങളും മതമേധാവിത്വങ്ങള്‍ക്കും എതിരെ പോരാടുക എന്നതായിരുന്നു ഈ സംഘടനയുടെ ലക്ഷ്യമെന്ന് പറയപ്പെടുന്നു. യുക്തിയെയും വിദ്യാഭ്യാസത്തെയും വളര്‍ത്തിയെടുത്ത് സമൂഹത്തെ നന്നാക്കുക എന്നതും ഇവരുടെ ലക്ഷ്യമായിരുന്നു. വിരലില്‍ എണ്ണാവുന്ന അംഗങ്ങളില്‍ തുടങ്ങിയ ഇലുമിനാറ്റി പിന്നീട് ലോകമെങ്ങും വളര്‍ന്നെന്നും പറയപ്പെടുന്നു. ഇതില്‍ നിന്നും പിന്നീട് ഫ്രീ മേസണ്‍സ് എന്ന സംഘടനയും രൂപപ്പെട്ടു. 

ഐ ഓഫ് പ്രൊവിഡന്‍സ് (EYE OF Providence) ത്രികോണത്തിനകത്തെ കണ്ണുകള്‍ ഇലുമിനാറ്റിയോട് ചേര്‍ത്തുവച്ച് പറയുന്നവരുമുണ്ട്. ലോകത്തെ എല്ലാം കാണുകയും നിയന്ത്രിക്കുകയും ചെയ്യുന്നു എന്നാണ് ഇതിലൂടെ ഇവര്‍ അര്‍ത്ഥമാക്കുന്നത്.ഇലുമിനാറ്റി ഒരിക്കലും ഒരു സങ്കല്‍പം അല്ലെന്നും ഒരു യാഥാർഥ്യമാണെന്നും അവരാണു ലോകത്തെ നിയന്ത്രിക്കുന്നതെന്നും പരസ്യമായി കാനഡയുടെ മുൻ പ്രതിരോധ മന്ത്രി പോൾ ഹെല്ല്യര്‍ ഒരിക്കല്‍ പറഞ്ഞിരുന്നു. കാലാവസ്ഥാ വ്യതിയാനത്തെ വരെ മറികടക്കാനുള്ള തന്ത്രം വരെ ഇലുമിനാറ്റി അംഗങ്ങൾക്കറിയാമെന്നായിരുന്നു അന്ന് ഹെല്ല്യറുടെ വാദം.

ഡാൻ ബ്രൗണിന്‍റെ 'ഏഞ്ചൽസ് ആൻഡ് ഡീമൻസ്' എന്ന പുസ്തകത്തിലും ഇലുമിനാറ്റികളെക്കുറിച്ച് പറയുന്നുണ്ട്. ഇന്ന് ലോകത്ത് അതിസമ്പന്നരും അതിപ്രശസ്തരുമായ സെലിബ്രിറ്റികളില്‍ പലരും ഈ സംഘടനയില്‍ അംഗമാണെന്നും വാദങ്ങളും നിലവിലുണ്ട്.കലിംഗ യുദ്ധത്തിനു ശേഷം അശോക ചക്രവർത്തിക്കുണ്ടായ വെളിപാടാണ് 'ഇലുമിനാറ്റി'ക്കു പിന്നിലെന്നും ഒരു കഥ ഇന്ത്യയിലും പ്രചാരത്തിലുണ്ട്. ബുദ്ധിയും ശക്തിയും യുദ്ധത്തിനല്ലാതെ മനുഷ്യനന്മയ്ക്കു വേണ്ടി ഉപയോഗപ്പെടുത്താൻ ഒൻപതു പേർക്കായി എല്ലാ അറിവുകളും അശോക ചക്രവർത്തി പങ്കുവച്ചെന്നും. ഇവര്‍ ലോകമെങ്ങും സഞ്ചാരിച്ച് ഈ അറിവ് പകര്‍ന്നെന്നുമാണ് കഥ. ഈ 2024ലും പാട്ടിലും സിനിമയിലുമായി ഇലുമിനാറ്റി വീണ്ടും ജനങ്ങള്‍ക്ക് നടുവിലേക്ക് എത്തുന്നു എന്നതാണ് മറ്റൊരു കൗതുകം.

ഇറച്ചി വെട്ടുന്നതിനിടെ കടയില്‍ കയറി ആക്രമണം; മുഖത്ത് ഇടിയേറ്റ തൊഴിലാളി കുഴഞ്ഞുവീണു

എന്താണ് ഇലുമിനാറ്റി?; വിശ്വാസവുമായി ഇലുമിനാറ്റിക്കെന്ത് ബന്ധം?