തന്‍റെ പുതിയ ചിത്രമായ പള്ളിച്ചട്ടമ്പിയുടെ തമിഴ്നാട് പ്രൊമോഷനിടെയാണ് ടൊവിനോയെ ഈ ചോദ്യം തേടിയെത്തിയത്
ദുല്‍ഖറിനും താങ്കള്‍ക്കുമിടയില്‍ എന്താണ് പ്രശ്നം? ചോദ്യം ടൊവിനോ തോമസിനോട് ആണ്. താന്‍ നായകനാവുന്ന പുതിയ ചിത്രം പള്ളിച്ചട്ടമ്പിയുടെ തമിഴ്നാട് പ്രൊമോഷനായി ചെന്നൈയില്‍ എത്തിയ ടൊവിനോ അവിടുത്തെ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുക്കുക്കവെയാണ് ഇങ്ങനെയൊരു ചോദ്യം എത്തിയത്. ഒരു നിമിഷം ടൊവിനോ ഒന്ന് അമ്പരന്നു. പിന്നെ ഒരു പൊട്ടിച്ചിരി. പിന്നാലെ വിശദമായ മറുപടിയും പറഞ്ഞു. ഇത്തരത്തിലുള്ള ഗോസിപ്പുകള്‍ ഉണ്ടാക്കുന്നവര്‍ക്ക് എന്ത് സന്തോഷമാണ് കിട്ടുന്നതെന്ന് തനിക്ക് അറിയില്ലെന്ന് പറഞ്ഞ ടൊവിനോ ദുല്‍ഖറുമായി വര്‍ഷങ്ങളായി തനിക്കുള്ള അടുപ്പത്തെക്കുറിച്ചും പറഞ്ഞു.
ലോക വലിയ വിജയം നേടിയ സിനിമയാണ്. പക്ഷേ ടൊവിനോയെപ്പറ്റി ലോക ടീം എവിടെയും പരാമര്‍ശിച്ച് കണ്ടില്ല. ദുല്‍ഖര്‍ സല്‍മാനും താങ്കള്‍ക്കും എന്താണ് പ്രശ്നം എന്നായിരുന്നു ചോദ്യം. അതിന് ടൊവിനോ നല്‍കിയ മറുപടി ഇങ്ങനെ- “ദുല്‍ഖറിനെ ഇപ്പോള്‍ (ഫോണില്‍) വിളിക്കട്ടെ? ഞങ്ങളൊക്കെ ഒരുപാട് നാളായി അറിയുന്ന ആളുകളാണ്. ഒരുമിച്ച് അഭിനയിച്ചിട്ടുള്ള ആളുകളാണ്. ദുല്‍ഖറിന്‍റെ തീവ്രം എന്ന സിനിമയില്‍ അസിസ്റ്റന്‍റ് ഡയറക്ടര്‍ ആയാണ് എന്‍റെ തുടക്കം. പിന്നീട് അദ്ദേഹത്തിന്‍റെ തന്നെ എബിസിഡി എന്ന ചിത്രത്തില്‍ വില്ലനായും അഭിനയിച്ചു. അന്ന് മുതല്‍ ഇന്ന് വരെ എന്നോട് അത്രയും നന്നായാണ് അദ്ദേഹം പെരുമാറിയിട്ടുള്ളത്. ഈ ചോദ്യം റെക്കോര്‍ഡ് ചെയ്ത് കേള്‍പ്പിച്ചാല്‍ ഞങ്ങള്‍ എല്ലാവരും കൂടി പൊട്ടിച്ചിരിക്കും. ലോകയുടെ സംവിധായകന്‍ അരുണ്‍ ഡൊമിനിക്കിന്‍റെ ആദ്യ പടം എനിക്കൊപ്പമായിരുന്നു. തരംഗം എന്ന സിനിമ. കല്യാണിക്കൊപ്പം തല്ലുമാല എന്നൊരു പടം ഞാന്‍ അഭിനയിച്ചിട്ടുണ്ട്. നസ്‍ലെന്‍ എനിക്ക് ഒരു സഹോദരനെപ്പോലെയാണ്”, ടൊവിനോ പറഞ്ഞു.
“ദുല്‍ഖര്‍ എന്നോട് എപ്പോഴും ഏറ്റവും നന്നായി പെരുമാറിയിട്ടുള്ള ആളാണ്. വേണമെങ്കില്‍ ഞങ്ങളുടെ വാട്സ്ആപ്പ് ചാറ്റുകള്‍ ഞാന്‍ കാണിക്കാം. അപ്പോള്‍ നിങ്ങള്‍ക്ക് മനസിലാവും ഞങ്ങളുടെ ബന്ധം ഏത് തരത്തിലുള്ള ഒന്നാണെന്ന്. പുറത്തിരുന്ന് ഇത്തരത്തിലുള്ള ഗോസിപ്പ് ഒക്കെ കൊളുത്തിവിടുന്നത് എളുപ്പമാണ്. പക്ഷേ ഇതെല്ലാം കണ്ട് ചിരിക്കുകയാണ് ഞങ്ങള്‍ ചെയ്യാറ്. ലോകയിലെ എല്ലാവരും എന്‍റെ അടുത്ത സുഹൃത്തുക്കള്‍ ആണ്. രണ്ടാം ഭാഗത്തിന്‍റെ തിരക്കഥാ രചന പുരോഗമിക്കുകയാണ്. ആ പടം വരുമ്പോള്‍ ഞങ്ങള്‍ എല്ലാവരും ഇവിടെ നിരന്ന് ഇരിക്കാം. ആ സമയത്ത് എന്നെക്കുറിച്ച് ചോദിക്കൂ. ലോകയുടെ പ്രൊമോഷന്‍ ദുബൈയില്‍ നടന്നപ്പോള്‍ നീയും വാ എന്ന് എന്നെ വിളിച്ചത് ദുല്‍ഖറാണ്. മൂന്ന് ദിവസം ഞങ്ങള്‍ അവിടെ ആസ്വദിച്ച്, പ്രൊമോഷനൊക്കെ കൊടുത്ത് തിരികെയെത്തി. ഇത്തരത്തിലുള്ള ഗോസിപ്പുകള്‍ ആരാണ് പടച്ചുവിടുന്നതെന്ന് അറിയില്ല. അവര്‍ക്ക് അതില്‍ നിന്ന് എന്ത് സന്തോഷമാണ് ലഭിക്കുന്നതെന്നും അറിയില്ല”, ടൊവിനോ പറഞ്ഞുനിര്‍ത്തി.



